ജനീവ: ശരീര ഭാരം നിയന്ത്രിക്കാന്‍ പഞ്ചസാരയ്ക്കു പകരമുള്ള കൃത്രിമ മധുര പദാര്‍ത്ഥങ്ങള്‍ (Non-sugar sweeteners-NSS) ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. എന്‍.എസ്.എസ് സംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ ഭാഗമായിട്ടാണ് നിര്‍ദേശം.
മുതിര്‍ന്നവരിലോ കുട്ടികളിലോ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പഞ്ചസാര ഇതര മധുര പദാര്‍ത്ഥങ്ങളുടെ ഉപയോഗം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഗുണം നല്‍കുന്നില്ലെന്ന കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് ശിപാര്‍ശ. അസ്പാര്‍ട്ടേം, നിയോടേം, സാച്ചറിന്‍, സ്റ്റീവിയ, സുക്രലോസ്, സൈക്ലേറ്റ് തുടങ്ങിയ വിവിധ പഞ്ചസാര ഇതര മധുര ഉല്‍പന്നങ്ങള്‍ പായ്ക്ക് ചെയ്ത ഭക്ഷണത്തിലും പാനീയങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഈ മധുരങ്ങള്‍ സാധാരണയായി വെവ്വേറെ വില്‍ക്കുകയും പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുകയും ചെയ്യുന്നു. അവയില്‍ കലോറി കുറവാണെന്നും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നുമാണ് വിശ്വാസം.
പഞ്ചസാരയ്ക്കു പകരം ഇതര മധുര പദാര്‍ത്ഥങ്ങളുടെ ദീര്‍ഘകാല ഉപയോഗത്തില്‍ നിന്ന് ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്നു കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതായി ലോകാരോഗ്യ വ്യക്തമാക്കുന്നു.
'പഞ്ചസാരക്ക് പകരം എന്‍.എസ്.എസ് ഉപയോഗിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കില്ല. ഫ്രീ ഷുഗര്‍ കഴിക്കുന്നത് കുറയ്ക്കുന്നതിനായി മറ്റ് മാര്‍ഗങ്ങള്‍ ആളുകള്‍ പരിഗണിക്കേണ്ടതുണ്ട്. പഴങ്ങള്‍ അല്ലെങ്കില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പഞ്ചസാര അടങ്ങിയ ഭക്ഷണം പോലുള്ളവയാണ് കഴിക്കേണ്ടത്' - ഡബ്ല്യു.എച്ച്.ഒ ന്യൂട്രീഷന്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ ഡയറക്ടര്‍ ഫ്രാന്‍സെസ്‌കോ ബ്രാങ്ക പറഞ്ഞു.
എന്‍എസ്എസ് അത്യാവശ്യ ഭക്ഷണ ഘടകമല്ലെന്നും പോഷകമൂല്യമൊന്നും അതിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ മധുരം കുറയ്ക്കുന്നതു നല്ലതാണെന്നും ബ്രാങ്ക നിര്‍ദേശിക്കുന്നു. നേരത്തെ തന്നെ പ്രമേഹമുള്ളവര്‍ ഒഴികെ എല്ലാവര്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
പഞ്ചസാര ഇതര മധുര പദാര്‍ത്ഥങ്ങള്‍ പ്രീ-പാക്കേജ് ചെയ്ത ഭക്ഷണങ്ങളിലും പാനീയങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ലോകാരോഗ്യ സംഘടന 2015-ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശമനുസരിച്ച് മുതിര്‍ന്നവരും കുട്ടികളും പഞ്ചസാരയുടെ ദൈനംദിന ഉപഭോഗം അവരുടെ മൊത്തം ഊര്‍ജ്ജ ഉപഭോഗത്തിന്റെ 10 ശതമാനത്തില്‍ താഴെയായി കുറയ്ക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പഞ്ചസാര ബദലുകളോടുള്ള താല്‍പര്യം വര്‍ദ്ധിച്ചത്.
'പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ശരീരഭാരം കുറയ്ക്കാന്‍ കൃത്രിമ മധുരപലഹാരങ്ങളുടെ ഉപയോഗം നല്ല കാര്യമല്ലെന്ന് പോഷകാഹാര ഗവേഷകനായ ഇയാന്‍ ജോണ്‍സണ്‍ ഊന്നിപ്പറയുന്നു. പകരം, അസംസ്‌കൃതമായതോ ചെറുതായി സംസ്‌കരിച്ചതോ ആയ പഴങ്ങള്‍ മധുരത്തിനായി ഉപയോഗിക്കണമെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.