നൂറിലെ താരമായി കന്യാസ്ത്രി

നൂറിലെ താരമായി കന്യാസ്ത്രി

മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസ സമൂഹത്തിലെ അംഗവും റിയോ ഗ്രാൻഡ് വാലി കാത്തോലിക് ചാരിറ്റിയുടെ എക്സികുട്ടിവ് ഡയറക്ടറുമായ സിസ്റ്റർ നോർമ പിമെന്റലിനെ ടൈംസ് മാഗസിന്റെ ലോകത്തിലെ സ്വാധീനം ചെലുത്തുന്ന 2020 ലെ 100 വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

യു.എസ്. മെക്സിക്കൻ അതിർത്തിയിലെ അഭയാര്ഥികള്ക്കുവേണ്ടി വര്ഷങ്ങളായി ശക്തമായി നിലപാടുകളോടെ പ്രവർത്തിക്കുന്ന സിസ്റ്റർ പിമെന്റൽ ശ്രദ്ധേയയായ മനുഷ്യാവകാശ പ്രവർത്തകയാണ്. സ്വന്തം ദേശത്തെ അരക്ഷിതാവസ്ഥയെയും അക്രമത്തെയും ഭയന്ന് അമേരിക്കയിൽ അഭയം തേടുന്ന മനുഷ്യരോടുള്ള സിസ്റ്ററിന്റെ കരുണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

2014ൽ ആണ് തലചായ്ക്കാനിടമില്ലാത്ത മെക്സിക്കൻ അഭയാർത്ഥികൾക്ക് ഒരു നേരത്തെ സൂപ്പും ദേഹശുദ്ധിക്കുള്ള ക്രമീകരണങ്ങളുമായി ആദ്യത്തെ വിശ്രമ കേന്ദ്രം മക്കല്ലിനിലുള്ള തിരുഹൃദയ ദേവാലയത്തോടു ചേർന്ന് സിസ്റ്റർ ആരംഭിച്ചത്. അനേകരുടെ സഹായത്തോടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞതോടെ ലക്ഷക്കണക്കിന് അഭയാർത്ഥികളെ ശുശ്രൂഷിക്കാനുള്ള ഭാഗ്യം തനിക്കു ലഭിച്ചതായി സിസ്റ്റർ പറഞ്ഞു.

ഈ അടുത്ത കാലത്താണ് മെക്സിക്കോയിൽ നിന്നുകൊണ്ട് തന്നെ അഭയം തേടാനുള്ള അനുമതി നൽകുന്ന രീതിയിൽ നിയമ ഭേദഗതിയുണ്ടായത്. അതിനുമുൻപ്‌ ഒരു ദിവസം ആയിരം അഭയാര്ഥികളെങ്കിലും സെന്ററിൽ സഹായം തേടി എത്തുമായിരുന്നുവത്രെ. ഇപ്പോഴും സംഘടനയുടെ പ്രവർത്തകർ അതിർത്തി കടന്നു ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യവസ്തുക്കൾ എത്തിച്ചുകൊടുക്കുന്നു. തട്ടിക്കൊണ്ടു പോകലും കൊലപാതങ്ങളും അരങ്ങു വാഴുന്ന മെക്സിക്കൻ നഗരങ്ങളിൽ ഭയത്തിൽ കഴിയുന്ന കുടുംബങ്ങളോടുള്ള തന്റെ ദീനാനുകമ്പ സാധിക്കുമ്പോഴെല്ലാം പ്രകടിപ്പിക്കുവാൻ സ്വന്തം സുരക്ഷിതത്വം പോലും അവഗണിച്ചു സിസ്റ്റർ പ്രവർത്തിക്കുന്നു . എളിയവരും ബലഹീനരുമായവരിൽ തന്നെ കണ്ടെത്താമെന്നു പറയുന്ന യേശുവിനെ മറ്റെവിടെയാണ് നമ്മൾ അന്വേഷിക്കേണ്ടതെന്നു ചോദിക്കുന്ന സിസ്റ്റർ ക്രിസ്തുവാണ് അപകടകരമായ സാഹചര്യത്തിൽ ദരിദ്രരോടൊപ്പം ശുശ്രൂഷ ചെയ്യാൻ തനിക്കു പ്രചോദനമാകുന്നതെന്നു സാക്ഷ്യപ്പെടുത്തുന്നു .

ആരോരുമില്ലാത്തവർക്കു തണലേകുന്ന ക്രിസ്ത്യൻ മിഷനറിമാരുടെ സേവനം ഏറെ ആദരവോടെ കാണുന്ന അമേരിക്കൻ സമൂഹത്തിന്റെ കാഴ്ചപ്പാടാണ് ടൈം മാഗസിനിൽ ഇടം പിടിക്കുന്ന കന്യാസ്ത്രീയുടെ വാർത്ത ലോകത്തിന്റെ മുൻപിൽ വെളിപ്പെടുത്തുന്നത്.

ജോസഫ് ദാസൻ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.