പെര്‍ത്ത്: സുഷുമ്ന നാഡിക്ക് പരിക്കേറ്റവര്‍ക്കായി ധനസമാഹരണം നടത്താന്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഓസ്ട്രേലിയന്‍ പര്‍വതാരോഹകന്‍ തിരിച്ചിറങ്ങുന്നതിനിടെ മരിച്ചു. പെര്‍ത്തില്‍ താമസിക്കുന്ന ജേസണ്‍ ബെര്‍ണാഡ് കെന്നിസണ്‍ എന്ന നാല്‍പ്പതുകാരനാണ്
ദേഹാസ്വാസ്യത്തെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. ഇദ്ദേഹം സൗത്ത് ഓസ്ട്രേലിയ സ്വദേശിയാണ്.
2006-ല്‍ 23-ാം വയസില്‍ ഒരു വാഹനാപകടത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. ഇനി ഒരിക്കലും നടക്കാനാവില്ലെന്ന് അന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതിനു പിന്നാലെ വിഷാദ രോഗവും പിടികൂടി. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ജേസണ്‍ കെന്നിസണ്‍ ജീവിതത്തിലേക്കു തിരിച്ചുവന്നു. സുഷുമ്ന നാഡിക്ക് പരിക്കേറ്റവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്ന സംഘടനയ്ക്കു വേണ്ടി പണം സമാഹരിക്കുന്ന വ്യക്തിയായി അദ്ദേഹം മാറി. ഈ ഉദ്യമത്തിനു വേണ്ടിയാണ് ജേസണ്‍ ലോകത്തെ ഏറ്റവും വലിയ കൊടുമുടി കയറിയത്.
ഇനി ഒരിക്കലും നടക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി 17 വര്‍ഷത്തിന് ശേഷമാണ് കെന്നിസന്റെ കൊടുമുടി കയറ്റം. കൊടുമുടിയില്‍നിന്നു തിരിച്ചിറങ്ങുന്നതിനിടെ വെള്ളിയാഴ്ചയാണ് ജേസണ്‍ കെന്നിസണ്‍ മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം വീണ്ടെടുക്കാനായിട്ടില്ല.
ഏഷ്യന്‍ ട്രെക്കിംഗ് എന്ന കമ്പനി നടത്തുന്ന പര്യവേഷണത്തിന്റെ ഭാഗമായിട്ടാണ് ജേസണ്‍ കെന്നിസണ്‍ എവറസ്റ്റ് കീഴടക്കിയത്. തിരിച്ചിറങ്ങുന്നതിനിടെ അദ്ദേഹത്തിന് ദേഹാസ്വാസ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഡാവ സ്റ്റീവന്‍ ഷെര്‍പ്പ ഹിമാലയന്‍ ടൈംസിനോട് പറഞ്ഞു.
അദ്ദേഹത്തോടൊപ്പമുള്ള രണ്ട് ഷെര്‍പ്പ ഗൈഡുകള്‍ ജേസണെ സമുദ്രനിരപ്പില്‍ നിന്ന് 8,400 മീറ്റര്‍ ഉയരമുള്ള ബാല്‍ക്കണി ഭാഗത്തേക്ക് എത്തിച്ചു. പര്‍വതാരോഹകര്‍ക്ക് വിശ്രമിക്കാനും ചുറ്റുമുള്ള ഹിമാലയന്‍ കൊടുമുടികളുടെ കാഴ്ചകള്‍ ആസ്വദിക്കാനുമുള്ള സ്ഥലമാണ് ബാല്‍ക്കണി. ഇവിടെയെത്തിയപ്പോഴേക്കും അവരുടെ കൈവശമുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ തീര്‍ന്നുപോയിരുന്നു. ജേസണെ രക്ഷിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടറുകളുമായി വീണ്ടും കയറാമെന്ന പ്രതീക്ഷയില്‍ ഷെര്‍പ്പകള്‍ ക്യാമ്പ് നാലിലേക്ക് ഇറങ്ങി.
എന്നാല്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം ഗൈഡുകള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകളുമായി തിരിച്ച് ചെല്ലാന്‍ കഴിഞ്ഞില്ല. ഇതോടെ ബാല്‍ക്കണി ഭാഗത്തു വച്ച് ജേസണ്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ആറാഴ്ചയായി നേപ്പാളില്‍ മലകയറ്റത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ജേസണ്‍ കെന്നിസണ്‍.
ഈ വര്‍ഷത്തെ സീസണില്‍ എവറസ്റ്റില്‍ നാല് ഷെര്‍പ്പകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ നേപ്പാളികളല്ലാത്തവരായി മരിക്കുന്നത് ഓസ്‌ട്രേലിയക്കാരനായ ജേസണാണ്.
വാഹനാപകടത്തിനു ശേഷം കെന്നിസണ്‍ സൗത്ത് ഓസ്ട്രേലിയയിലെയും ക്വീന്‍സ്ലന്‍ഡിലെയും ഖനി സൈറ്റുകളില്‍ ജോലി ചെയ്തിരുന്നു. കിര്‍ഗിസ്ഥാന്‍ പോലുള്ള വികസ്വര രാജ്യങ്ങളില്‍ പരിശീലകനായും ഉപദേശകനായും ജോലി ചെയ്തു.
നേപ്പാളില്‍ മരിച്ച ഓസ്ട്രേലിയക്കാരനായ കെന്നിസണിന്റെ കുടുംബത്തിന് കോണ്‍സുലര്‍ സഹായം നല്‍കുന്നുണ്ടെന്ന് വിദേശകാര്യ, വ്യാപാര വകുപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.