പ്രാരാബ്ദ്ധങ്ങളുടെ മാലാഖ

പ്രാരാബ്ദ്ധങ്ങളുടെ മാലാഖ

രാവിലെ എഴുന്നേറ്റ് വിൻഡോ കർട്ടൻ മാറ്റി നോക്കിയപ്പോൾ വീഥികൾ വിജനമായിരുന്നു... രണ്ട് മാസം മുൻപ് ആദ്യമായി ലണ്ടൻ നഗരത്തിൽ വന്ന് ഈ റൂമിൽ നിൽക്കുമ്പോൾ എത്ര സജീവമായിരുന്നു ഇവിടം, ഇന്ന് അത് ഉറവ വറ്റിയ നദി പോലെ കിടക്കുന്നു...

ചിന്തകൾക്ക് വിരാമമിട്ട് ഫ്രഷ് ആയി യൂണിഫോം ഇട്ട് ഒരു ബ്രഡ് കഴിച്ചു എന്ന് വരുത്തി... ഓടി ഇറങ്ങി... ഇന്ന് മോണിങ്ങ് ഡ്യൂട്ടി ആണ്.

ഞാൻ അലീന, നിങ്ങൾ മാലാഖ എന്ന് വിളിക്കുന്ന നേഴ്സിങ് ജോലി ചെയ്യുന്നു.

ഹോസ്പിറ്റലിൽ ചെല്ലുമ്പോഴാണ് അറിയുന്നത് ഇനി എനിക്ക് കോവിഡ് വാർഡിലാണ് ഡ്യൂട്ടി എന്ന്, സ്ക്രബ് സ്യൂട്ടും PPE യും ഇടുമ്പോൾ ഇച്ചായന്റെയും കുഞ്ഞുണ്ണിയുടെയും മുഖമായിരുന്നു മനസ്സിൽ. നാട്ടിലെ നേഴ്സിങ് ജോലി കൊണ്ട് പഠിച്ച് ഇറങ്ങിയപ്പോൾ ബാക്കിയായ എജ്യുക്കേഷൻ ലോൺ പോലും അടക്കാൻ തികയില്ലെന്ന് മനസ്സിലായപ്പോഴാണ് ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് പോയാലോ എന്ന് ആലോചിച്ച് തുടങ്ങിയത്. അതിനുള്ള പൈസ കൈയ്യിൽ ഇല്ലാത്തത് കൊണ്ട് അമ്മച്ചിക്ക് സ്വപ്നങ്ങൾ കൊടുക്കാതെ തനിയെ ബുക്ക് വാങ്ങി IELTS പഠിച്ച് തുടങ്ങി... പക്ഷെ മലയാളം മീഡിയത്തിൽ പഠിച്ച എനിക്ക് അത് പെട്ടെന്ന് പാസ്സാകാൻ പറ്റില്ലെന്ന് മനസ്സിലായപ്പോൾ എവിടെ എങ്കിലും കോഴ്സിന് ചേരണമെന്ന് ആഗ്രഹിച്ച് കുറച്ച് പൈസ മാറ്റിവെച്ച് തുടങ്ങി.

ആ സമയത്താണ് ഇച്ചായന്റെ ആലോചന വരുന്നതും അമ്മച്ചി കരഞ്ഞ് പരാതി പറഞ്ഞപ്പോൾ ഞാൻ കല്യാണത്തിന് സമ്മതിച്ചതും. ദുബായിൽ ജോലിയായിരുന്ന ഇച്ചായൻ എന്നെയും അങ്ങോട്ട് കൊണ്ടുപോയി. അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് ഗവൺമെന്റ് ഹോസ്പിറ്റലിൽ ജോലി കിട്ടിയാലെ നല്ല സാലറി കിട്ടൂന്ന്. ഒത്തിരി കഷ്ടപ്പെട്ടാണ് എക്സാം പാസായത്. ക്ലിനിക്കിൽ ചെറിയ സാലറിക്ക് ജോലിക്ക് കയറി. എങ്കിലും ജീവിതം വലിയ കുഴപ്പമില്ലാതെ കരയ്ക്ക്‌ അടുപ്പിച്ച് തുടങ്ങി. ലോൺ അടയ്ക്കാനും അമ്മച്ചിക്ക് പൈസ അയയ്ക്കാനും പറ്റുന്നുണ്ടായിരുന്നു. ഇച്ചായൻ എല്ലാത്തിനും സപ്പോർട്ടിനും ഉളളതു കൊണ്ട് സന്തോഷകരമായ ജീവിതം.

കുഞ്ഞുണ്ണിയെ പ്രെഗ്നറ്റ് ആയപ്പോൾ ആ സന്തോഷം ഇരട്ടിച്ചു.

അഞ്ച് മാസം പ്രെഗ്നറ്റ് ആയിരുന്ന സമയത്താണ് ജീവിതം തട്ടി തെറുപ്പിച്ച് കൊണ്ട് ഇച്ചായന് കമ്പനിയിൽ വെച്ച് ആക്സിഡറ്റ് ഉണ്ടായത്... ഒരു കാലിന്റെ സ്വാധീനം പൂർണ്ണമായി നഷ്ടമായ അവസ്ഥയിൽ ഞങ്ങൾ തിരിച്ച് നാട്ടിലേക്ക് പോന്നു. പിരിഞ്ഞ് പോന്നപ്പോൾ കിട്ടിയ പൈസ കൊണ്ടാണ് ബാക്കി ട്രീറ്റ്മെൻറ്റ് ചെയ്യ്തത്. ഇച്ചായൻ എഴുന്നേറ്റ് നടക്കാൻ തുടങ്ങി...പക്ഷെ അധിക സമയം നിൽക്കാൻ പറ്റില്ല...ചെറിയ ഇലെട്രിക്കൽ ജോലിക്ക് ഒക്കെ പോകും.

കുഞ്ഞുണ്ണിയെ അമ്മച്ചിയെ ഏൽപ്പിച്ച് വീണ്ടും നാട്ടിൽ ജോലിക്ക് കയറി. പക്ഷെ ഇച്ചായന്റെ ബാക്കി ട്രീറ്റ്മെൻറ്റിനും ലോൺ അടക്കാനും നാട്ടിൽ കിട്ടുന്ന സാലറി ഒന്നും ആയില്ല.

പഴയ യൂറോപ്യൻ മോഹം പൊടി തട്ടി എടുത്തു. ഇച്ചായനേയും മോനേയും ജോലി കിട്ടി കുറച്ച് നാള്‍ കഴിഞ്ഞാൽ കൊണ്ടുപോകാം എന്നതും ഒരു പ്രതീക്ഷയായിരുന്നു.

ഇച്ചായനും സപ്പോർട്ട് ചെയ്യ്തപ്പോൾ ഡ്യൂട്ടി കഴിഞ്ഞ് ക്ലാസ്സിൽ പോയി തുടങ്ങി. കഷ്ടപ്പെട്ട് എക്സാം പാസ്സായപ്പോൾ എല്ലാവർക്കും സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു.

പിന്നെയും ഒത്തിരി കടമ്പകൾ.... എല്ലാം മറികടന്ന് പലരുടെ കൈയ്യിൽ നിന്നും കടം വാങ്ങി ഈ നാട്ടിൽ വന്നിറങ്ങുമ്പോൾ നിറകണ്ണുകളോടെ എയർപോർട്ടിൽ നിന്ന അമ്മച്ചിയും ഇച്ചായനും... അമ്മേന്ന് വിളിച്ച് ഇച്ചായന്റെ തോളിലിരുന്ന് കരയുന്ന കുഞ്ഞുണ്ണിയും മാത്രമായിരുന്നു മനസ്സിൽ.

വീഡിയോ കോൾ വിളിച്ചാൽ അമ്മ മനസ്സ് കൈയ്യ് വിട്ട് പോകുമെന്ന് തോന്നിയത് കൊണ്ട് കുറെ ദിവസം ഓഡിയോ കോൾ മാത്രമായിരുന്നു വിളിച്ചത്.

ആദ്യമായി വീഡിയോ കോൾ വിളിച്ചപ്പോൾ കുഞ്ഞുണ്ണി കരയുന്നത് കണ്ട് ഞാനും ഇച്ചായനും കരഞ്ഞ് പോയി.

ആദ്യ സാലറി അയച്ച് കൊടുക്കുമ്പോൾ ആറ് മാസം കൊണ്ട് കടങ്ങൾ വീട്ടി ഇച്ചായനെയും കുഞ്ഞുണ്ണിയെയും കൊണ്ടുവരാമല്ലോ എന്ന പ്രതീക്ഷയായിരുന്നു....

പെട്ടെന്ന് ആണ് കോവിഡ് ലോകം കീഴടക്കിയത്. ഒരോ ദിവസവും ഇച്ചായൻ ആവലാതിയോടെ വിളിക്കുമ്പോൾ ഇവിടെ പേടിക്കാൻ ഒന്നും ഇല്ലാന്ന് ആശ്വസിപ്പിച്ചിരുന്നു.

ഒന്നൂടെ യൂണിഫോം ശരിയാക്കി വേഗം കോവിഡ് വാർഡിൽ എത്തി ഡ്യൂട്ടിക്ക് കയറി. ചെറിയ കുട്ടികളെ കാണുമ്പോൾ കുഞ്ഞുണ്ണിയെ ഓർമ്മ വരും... അവനെ നോക്കുന്നത് പോലെയാണ് അവരെ നോക്കിയത്. ഇച്ചായനെ വിളിക്കുമ്പോൾ കോവിഡ് വാർഡിലാണ് ഡ്യൂട്ടി എന്ന് മനപ്പൂർവ്വം പറഞ്ഞില്ല.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്കും പനിച്ച് തുടങ്ങി... അവൻ എന്നിലും പിടി മുറുക്കി എന്ന് മനസ്സിലായി. ടെസ്റ്റ്ന് കൊടുത്ത് റൂമിൽ വന്നു... തൊണ്ടവേദന ഉള്ളതു കൊണ്ട് സൗണ്ട് മാറി തുടങ്ങി... വാട്ട്സ് ആപ്പ് എടുത്ത് നെറ്റ് വർക്ക് ഇഷ്യൂ കാരണം കോൾ പോകുന്നില്ല. കുറച്ച് ദിവസം കഴിഞ്ഞ് വിളിക്കാട്ടോ എന്ന് ഇച്ചായന് മെസേജ് ഇട്ടു. ഫോണിലെ ഡേറ്റ ഓഫ് ചെയ്യ്തു. ഇല്ലെങ്കിൽ ഇച്ചായൻ വിളിച്ചു കൊണ്ടേ ഇരിക്കും. എന്റെ സൗണ്ട് മാറിയാൽ കണ്ടുപിടിക്കും... എന്റെ സ്വരത്തിലെ ചെറിയ വ്യത്യാസങ്ങൾ പോലും ഇച്ചായന് അറിയാം.... വെറുതെ പാവത്തെ പേടിപ്പിക്കണ്ടാ.

റിസൽറ്റ് വന്നപ്പോൾ കോവിഡ് തന്നെ. റെസ്റ്റ് എടുക്കാൻ പറഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് വിളിച്ചു.

അപ്പോളേക്കും പനി കൂടിയിരുന്നു ... ചെറിയ ശ്വാസം മുട്ടലും... ദേഹം വിറക്കുന്നു. അടുക്കളയിൽ പോയി ഫ്രിഡ്ജിൽ ഇരുന്ന ഫ്രൂട്ട്സും വെള്ളവും എടുത്തു കൊണ്ട് വന്ന് കട്ടിലിന്റെ അടുത്ത് വെച്ചു. രണ്ട് പനഡോൾ കഴിച്ച് തൊണ്ണുറ്റിഒന്നാം സങ്കീർത്തനം മനസ്സിൽ ഉരുവിട്ട് കിടന്നു. പണ്ട് മുതൽ ഇരുന്ന് പ്രാർത്ഥിച്ചില്ലെങ്കിലും ഉറങ്ങുന്നതിന് മുൻപും എഴുന്നേൽക്കുമ്പോഴും ചൊല്ലുന്നതാണ്. അത് ചൊല്ലുമ്പോൾ വല്ലാത്ത ധൈര്യമാണ് കിട്ടാറ്.

രാത്രിയിൽ എപ്പോഴോ ശ്വാസം കിട്ടാതെ എഴുന്നേറ്റു. കോവിഡ് എന്റെ കഴുത്തിൽ ഞെക്കിപ്പിടിച്ചിരിക്കുന്നു. ശ്വാസം വലിച്ച് വിട്ട്... കട്ടിലിന്റെ തലക്കൽ പിടിച്ച് കുനിഞ്ഞ് ഇരുന്നു.

ഇല്ല കോവിഡ് നിനക്ക് എന്നെ കൊല്ലാൻ ആവില്ല. എനിക്കെന്റെ ഇച്ചായനെയും കുഞ്ഞുണ്ണിയെയും അമ്മച്ചിയെയും വിട്ട് പോകാനാവില്ല.

ചെറുതായി ശ്വാസം കിട്ടി തുടങ്ങിയപ്പോൾ ഫോൺ തപ്പി തടഞ്ഞ് എടുത്ത് എമർജൻസിയിൽ വിളിച്ചു. ബെൽ അടിക്കുന്നതല്ലാതെ ആരും എടുക്കുന്നില്ല.

പിന്നെ വിളി വേണ്ടാന്ന് വെച്ചു. എന്നെക്കാട്ടിൽ ആവശ്യമുള്ളവർ വെറെ ഉണ്ട്. ഒരു നേഴ്സ് ആയ ഞാൻ തളർന്ന് പോയാൽ അവരൊക്കെ എന്ത് ചെയ്യും....

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ശ്വാസം മുട്ട് കുറഞ്ഞ് വന്നു. കോവിഡ് എന്നെ ഉപേക്ഷിച്ചു തുടങ്ങിയത് പോലെ. അടുക്കളയിൽ പോയി ബ്രഡ് കഴിച്ചു... പതിയെ ജീവിതത്തിലേക്ക് തിരിച്ച് വന്നു.

ഇന്ന് എന്റെ എല്ലാ ലക്ഷണങ്ങളും മാറി. ഹോസ്പിറ്റലിൽ നിന്ന് ഒരാഴ്ച കഴിഞ്ഞ് ഡ്യൂട്ടിക്ക് കയറാൻ പറഞ്ഞു..

നെറ്റ് ഓണാക്കി ഇച്ചായനെ വിളിച്ചു 'മോളെ നീ എവിടെയായിരുന്നു...പേടിച്ച് പോയല്ലോ'

ഒന്നും ഇല്ല... ഇച്ചായാ... നെറ്റ് ഇപ്പോളാ വന്നേ... ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. ആ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞത് സന്തോഷത്തോടെ ഞാൻ നോക്കി നിന്നു.

അതിന്റെ ഇടയിൽ മക്കൾ യൂറോപ്യൻ രാജ്യങ്ങളിൽ പോയതിന് പൊങ്ങച്ചം പറയുന്ന അമ്മമാരെയും, പ്രാവാസികളെയും എല്ലാം കളിയാക്കി വീഡിയോകൾ കണ്ടപ്പോൾ എന്റെ നാട് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നതു പോലെ തോന്നി. എന്നെ പോലെ പ്രാരാബ്ധം കാരണം പ്രവാസികൾ ആയവരാണ് എല്ലാവരും തന്നെ. നാട് എനിക്ക് നല്ല ജോലി തന്നിരുന്നെങ്കിൽ ഇന്ന് ഞാനിവിടെ നിൽക്കില്ലായിരുന്നു. ആരും മുൻപിൽ കൊണ്ടുവന്ന് തന്നതല്ല ഈ ജോലി. കഷ്ടപ്പെട്ട് പഠിച്ച് നേടിയതാണ്. അത് നന്നായി അറിയാവുന്ന എന്റെ അമ്മച്ചി ചിലപ്പോൾ മകളെ ഓർത്ത് അഭിമാനത്തോടെ എല്ലാവരോടും പറഞ്ഞിരിക്കാം മോൾ ലണ്ടനിൽ ആന്നെന്ന്. അത് പൊങ്ങച്ചമായി തോന്നിയത് നിങ്ങളുടെ മനസ്സിന്റെ പ്രശ്നം കൊണ്ട് മാത്രമാണ്. എല്ലാ പ്രാവാസികളും ഒരു പോലെ അല്ലാന്ന് ഒന്നോ രണ്ടോ പേരെ വിലയിരുത്തുമ്പോൾ പലരും മറന്ന് പോകുന്നു.

നിങ്ങൾക്ക് അസുഖം വരുമ്പോൾ മാത്രമല്ലേ ഞങ്ങൾ മാലാഖമാരാകൂ. മാലാഖ എങ്ങനെയാ ജീവിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ... തിരിച്ച് നാട്ടിൽ വന്നാൽ മാന്യമായ സാലറി ഞങ്ങൾക്ക് തരുമോ... ഞങ്ങളുടെ എജ്യുക്കേഷൻ ലോൺ അട്യ്ക്കണ്ടാന്ന് ബാങ്കുക്കാര്‍ പറയുമോ... ഇല്ലല്ലോ.... അതുകൊണ്ട് ഞങ്ങൾ ഇവിടെ തന്നെ നിൽക്കും... ഞങ്ങൾക്ക് ജീവിക്കണം.

അതെ ഞങ്ങൾ എല്ലാം മാലാഖമാരാണ്.... പലപ്പോഴും പ്രാരാബ്ദ്ധങ്ങളുടെ മാത്രം മാലാഖമാർ...

***************************************************

എന്റെ കസിൻസും ഫ്രണ്ട്സും കൂടെ മലയാളികളും ഇന്ത്യക്കാരുമായ ആയ എല്ലാ നേഴ്സുമാർക്കും വേണ്ടി... ലോകത്തിന്റെ മുക്കിലും മൂലയിലും പലതരം ജോലികൾ ചെയ്യുന്ന എല്ലാ പ്രവാസി ഇന്ത്യക്കാർക്കും വേണ്ടി...

സ്നേഹത്തോടെ ഒരു പ്രവാസി

രഞ്ചു ആന്റണി

ദുബായ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.