തിരുവനന്തപുരം: ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. കേരളത്തിലെത്തി വന്ദനയുടെ കുടുംബത്തെ നേരിട്ട് കണ്ട് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ഇക്കാര്യം അറിയിച്ചത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും വിഷയത്തില്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുമെന്നും രേഖാ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് മാതാപിതാക്കള്‍ക്ക് പരാതിയുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രക്ഷിതാക്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായെന്നും രേഖാ ശര്‍മ്മ പറഞ്ഞു. അക്രമം നടന്നയുടന്‍ വന്ദനയ്ക്ക് ആവശ്യമായ ചികിത്സ ലഭിച്ചിരുന്നില്ല. മണിക്കൂറുകളെടുത്താണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ദനയെ എത്തിച്ചതെന്നും രേഖ ചൂണ്ടിക്കാട്ടി.
അക്രമിയില്‍ നിന്നും ഡോക്ടറെ രക്ഷിക്കാന്‍ ശാരീരിക ക്ഷമതയുള്ള പൊലീസുകാരായിരുന്നില്ല അപ്പോള്‍ ആശുപത്രിയിലുണ്ടായിരുന്നത്. പൊലീസുകാരുടെ ശാരീരികക്ഷമത സംബന്ധിച്ച് സംസാരിക്കാന്‍ സംസ്ഥാനത്തെ ഡിജിപിയെ കാണുമെന്നും അവര്‍ അറിയിച്ചു. വന്ദനയുടെ മാതാപിതാക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.