തേനി: കമ്പത്തിന് സമീപം പൂശാനംപെട്ടിയില്‍ വച്ച് തമിഴ്നാട് വനംവകുപ്പ് പുലര്‍ച്ചെ 12.30ഓടെ പിടികൂടിയ അരിക്കൊമ്പനെ തിരുനെല്‍വേലിയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റും. തിരുനെല്‍വേലിയില്‍ നിന്നും 45 കിലോമീറ്റര്‍ ഉള്ളിലായാണ് മുണ്ടന്‍തുറൈ കടുവാ സങ്കേതം. അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വില്‍ ഉള്‍പ്പെടുന്ന ഭാഗമാണിത്.1988ലാണ് നിലവില്‍ വന്നത്.
നേരത്തെ പിടിയിലായി എലിഫെന്റ് ആംബുലന്‍സില്‍ എത്തിച്ച ആനയ്ക്ക് രണ്ട് ഡോസ് മയക്കുവെടിയാണ് നല്‍കിയിരുന്നത്. എന്നാല്‍ മയങ്ങിയിരുന്ന ആന യാത്ര പുറപ്പെട്ടതോടെ മയക്കംവിട്ട നിലയിലായി. വാഹനത്തിന്റെ ഇരുവശങ്ങളിലേക്കും തുമ്പിക്കൈ നീട്ടുകയും ചെയ്തു. ആനയുടെ തുമ്പിക്കൈയില്‍ മുന്‍പ് കണ്ട മുറിവ് ഇപ്പോഴും ഭേദമാകാത്ത നിലയിലാണ്.
നേരത്തെ ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച് ഒരു മാസം തികയും മുന്‍പ് മേയ് 27 ന് പുലര്‍ച്ചെ ആന തമിഴ്‌നാട്ടില്‍ കമ്പം ടൗണില്‍ ഇറങ്ങി. അഞ്ച് വാഹനങ്ങള്‍ തകര്‍ക്കുകയും ടൗണിലൂടെ ഓടി പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ ആനയെ ജനവാസ മേഖലയില്‍ നിന്നും വനംവകുപ്പ് തുരത്തി. പിന്നീട് കുങ്കിയാനകളെയടക്കം എത്തിച്ച് ജനവാസ മേഖലയില്‍ എത്തിയാല്‍ വീണ്ടും ആനയെ പിടികൂടാന്‍ തീരുമാനിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന് ഇന്ന് പിടിവീഴുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v