കാനഡയിലെ കാട്ടുതീ; പുകയിൽ മൂടി ന്യുയോർക്ക്; പത്ത് കോടി ജനങ്ങൾ ദുരിതത്തിൽ

കാനഡയിലെ കാട്ടുതീ; പുകയിൽ മൂടി ന്യുയോർക്ക്; പത്ത് കോടി ജനങ്ങൾ ദുരിതത്തിൽ

ന്യൂയോർക്ക്: കാനഡയിൽ ഒരു മാസമായി തുടരുന്ന കാട്ടുതീയുടെ ദുരന്തം അമേരിക്കൻ ന​ഗരമായ ന്യുയോർക്കിലേക്കും. ന്യുയോർക്ക് നഗരം പൂർണ്ണമായും പുകയിൽ മൂടി. കനത്ത മഞ്ഞ നിറമുള്ള പുകയാണ് ബുധനാഴ്ച നഗരത്തിൽ നിറഞ്ഞിരിക്കുന്നത്. പത്ത് കോടി പേർ പുക മൂലം ദുരിതം അനുഭവിക്കുന്നുവെന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ആളുകൾ കഴിവതും പുറത്തിറങ്ങരുതെന്നും എൻ 95 മാസ്‌ക് ധരിക്കണമെന്നും അധികൃതർ നിർദേശം നൽകി.

ന്യുയോർക്കിനു പുറമേ മസാച്യുസെറ്റ്‌സ്, കണക്ടിക്കറ്റ് നഗരങ്ങളിലും എയർ ക്വാളിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുപരിപാടികൾ ഉപേക്ഷിക്കാൻ സർക്കാർ നിർദേശം നൽകി. സ്‌കൂളുകൾക്കും മുന്നറിയിപ്പുണ്ട്. കായിക മത്സരങ്ങൾ മാറ്റിവച്ചു. വിമാന സർവീസുകളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്.

കാനഡയിലെ ആൽബർട്ടയിൽ കാട്ടുതീ തുടരുകയാണ്. ആയിരക്കണക്കിന് ഏക്കർ സ്ഥലം ഇതിനകം കത്തിനശിച്ചു. പടിഞ്ഞാറൻ പ്രവിശ്യയിലെ നോവ സ്‌കോട്ടിയ മുതൽ കിഴക്ക് ക്യുബെക് വരെ തീ പടർന്നു. മേയ് മുതൽ അമേരിക്കയിലേക്ക് പുക പടർന്ന് തുടങ്ങിയിരുന്നു. വടക്കുകിഴക്കൻ മേഖലയിലുള്ളവരാണ് ഏറ്റവും ദുരിതത്തിൽ കഴിയുന്നത്. ചിക്കാഗോ മുതൽ അറ്റ്ലാന്റ വരെയുള്ള പ്രദേശങ്ങളിലേക്കും പുക എത്തിത്തുടങ്ങി.

കനത്ത പുകയിൽ കാഴ്ചകൾ മറയുന്നത് മാത്രമല്ല, ശ്വാസതടസ്സവും ജനങ്ങൾ അനുഭവിക്കുന്നുണ്ട്. ഡെലവെയറിലെ വിൽമിങ്ടണിലാണ് പുക ഏറ്റവും രൂക്ഷം. കാട്ടുതീ നിയന്ത്രിക്കുന്നതിനുള്ള എല്ലാ സഹായവും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റീൻ ട്രൂഡോയ്ക്ക് വാഗ്ദാനം ചെയ്തു. നൂറുകണക്കിന് അമേരിക്കൻ അഗ്നിശമന സേനാംഗങ്ങൾ ഇതിനകം കാനഡയിൽ എത്തിക്കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു. പത്ത് വർഷത്തിനിടെയുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീയാണ് കാനഡയിൽ ഇത്തവണയുണ്ടായത്. അന്തരീക്ഷ താപനിലയും ഉയരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.