കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത

കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത

കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിനു നേരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത.

ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും സഭാസമൂഹത്തെ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുന്നതും സഭാസംവിധാനങ്ങളുടെ നിലനില്‍പ്പിനെ വെല്ലുവിളിക്കുന്നതുമായ പ്രവണതകള്‍ വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ സഭ ശത്രുക്കളെ ശക്തമായി നേരിടുമെന്നും ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രം സന്ദര്‍ശിച്ചത്. അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. തോമസ് കറുകക്കളം, കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോസഫ് കറുകയില്‍ എന്നിവരും വൈദികസമിതി പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍, ജാഗ്രത സമിതി, ഈസ്റ്റേണ്‍ കാത്തലിക് അസോസിയേഷന്‍, കത്തോലിക്കാ കോണ്‍ഗ്രസ്, വിശ്വാസ പരിശീലന വിഭാഗം, കാര്‍പ്, യുവദീപ്തി-കെസിവൈഎം തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് അല്മായരും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍മാരായ ഫാ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ.ഡോ. കുര്യന്‍ താമരശേരി എന്നിവരും വൈദികരും അല്മായനേതാക്കളും ഉള്‍പ്പെട്ട സംയുക്ത സമ്മേളനവും ഐക്യദാര്‍ഢ്യ പ്രഖ്യാപനവും നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26