സ്ത്രീകളിലെ കിഡ്‌നി രോഗങ്ങൾ; അറിയേണ്ടതെല്ലാം

സ്ത്രീകളിലെ കിഡ്‌നി രോഗങ്ങൾ; അറിയേണ്ടതെല്ലാം

കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഏതൊരു വ്യക്തിക്കും ഏത് പ്രായത്തിലും നേരിടാം. എന്നാൽ സ്ത്രീകളെ ഈ പ്രശ്നം കൂടുതലായി ബാധിക്കുന്നതായി കാണപ്പെടുന്നുണ്ട്. പ്രത്യേകിച്ച് 30 വയസ്സിനു ശേഷം മിക്ക സ്ത്രീകൾക്കും വൃക്ക സംബന്ധമായ അസുഖങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെക്കുറിച്ച് അറിയാം.

ഹോർമോൺ മാറ്റങ്ങൾ - സ്ത്രീകൾക്ക് അവരുടെ ജീവിതത്തിലുടനീളം പല തരത്തിലുള്ള ഹോർമോൺ മാറ്റങ്ങൾ നേരിടേണ്ടതായി വരും. ഈ ഹോർമോൺ മാറ്റങ്ങൾ 30 വയസ്സിന് മുമ്പും ശേഷവും സംഭവിക്കുന്നു. ഹോർമോണുകളുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ, പ്രത്യേകിച്ച് ഈസ്ട്രജൻ, വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. ആരോഗ്യകരമായ രക്തക്കുഴലുകൾ നിലനിർത്തുന്നതിലും വൃക്കകളിലേക്കുള്ള രക്തയോട്ടം നിയന്ത്രിക്കുന്നതിലും ഈസ്ട്രജൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈസ്ട്രജന്റെ അളവിലുള്ള അസന്തുലിതാവസ്ഥ മൂലം വൃക്കരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കാം. ഇത് മൂലം വൃക്കയിൽ അണുബാധ, സിസ്റ്റ്, കല്ല് എന്നിവ നേരിടേണ്ടിവരാം.

ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ- പ്രസവിച്ച സ്ത്രീകൾക്ക് അവരുടെ ജീവിതകാലത്ത് ഏതെങ്കിലും ഘട്ടത്തിൽ വൃക്കസംബന്ധമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഗർഭകാലത്ത് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ നേരിടേണ്ടിവരുന്ന സ്ത്രീകൾക്ക് പിന്നീട് വൃക്ക തകരാറുകൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ പ്രസവശേഷം സ്ത്രീകൾ വൃക്കകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്.

വിട്ടുമാറാത്ത രോഗങ്ങൾ- ദീർഘകാലമായി തുടരുന്ന വിട്ടുമാറാത്ത രോഗങ്ങൾ മൂലം സ്ത്രീകളിൽ വൃക്കസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാം. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങളും വൃക്കകൾ തകരാറിലാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. അതിനാൽ ഇവയുളള സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം.

അനാരോഗ്യകരമായ ജീവിതശൈലി- മോശം ജീവിതശൈലി വൃക്കകളുടെ പ്രവർത്തനത്തെ വളരെ മോശമായി ബാധിക്കും. പുകവലി, അമിതമായ മദ്യപാനം, സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ, പഞ്ചസാര, എന്നിവയുടെ അമിത ഉപഭോഗം വൃക്കസംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ചിട്ടയായ വ്യായാമം, സമീകൃതാഹാരം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ കിഡ്നിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരീരത്തിൽ എന്തെങ്കിലും അസാധാരണമായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.