'പ്രധാനമന്ത്രിയുടെ മൗനം, പ്രാദേശിക ഭരണ കൂടത്തിന്റെ വിവേചനം': മണിപ്പൂരില്‍ തുടരുന്ന അക്രമത്തില്‍ ആശങ്ക അറിയിച്ച് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ്

'പ്രധാനമന്ത്രിയുടെ മൗനം, പ്രാദേശിക ഭരണ കൂടത്തിന്റെ വിവേചനം': മണിപ്പൂരില്‍ തുടരുന്ന അക്രമത്തില്‍ ആശങ്ക അറിയിച്ച് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ്

ഇംഫാല്‍: ഒന്നര മാസത്തിലധികമായി മണിപ്പൂരില്‍ തുടരുന്ന അക്രമത്തില്‍ ആശങ്കയറിയിച്ച് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമണ്‍.

പ്രധാനമന്ത്രിയുടെ മൗനം, ആഭ്യന്തര മന്ത്രി സംസ്ഥാനം സന്ദര്‍ശിച്ചതിന് ശേഷവും തുടരുന്ന അക്രമങ്ങള്‍, കലാപം അവസാനിപ്പിക്കുന്നതില്‍ പ്രാദേശിക ഭരണ കൂടത്തിന്റെ വിവേചനം എന്നിവ ആശങ്ക വര്‍ധിപ്പിക്കുന്നതായി അദേഹം പറഞ്ഞു.

മെയ്തേയി കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങള്‍ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ആര്‍ച്ച് ബിഷപ്പ് തന്റെ ആശങ്ക അറിയിച്ചത്.

മണിപ്പൂരിന്റെ പ്രാന്ത പ്രദേശങ്ങളില്‍ നിരവധിപ്പേരുടെ ജീവനുകള്‍ നഷ്ടപ്പെട്ടു. വീടുകളും ഗ്രാമങ്ങളും കത്തിക്കുകയോ, നശിപ്പിക്കുകയോ ചെയ്തു. സ്വത്തുവകകള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു.

50,000 ത്തിലധികം ആളുകള്‍ വീടുകള്‍ നഷ്ടപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായുള്ള ക്യാമ്പുകളില്‍ കഴിയുന്നു. അയല്‍ സംസ്ഥാനമായ മിസോറാമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മെട്രോപോളിസുകളിലും സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ വേണ്ടി പലരും സംസ്ഥാനം വിട്ടു. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ദുരിതമനുഭവിക്കുന്നത് മണിപ്പൂരിലെ മുഴുവന്‍ ജനങ്ങളാണ്. ഒന്നര മാസത്തിനുള്ളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമവാഴ്ച പുനസ്ഥാപിക്കാനും അക്രമങ്ങള്‍ അവസാനിപ്പിക്കാനും കഴിഞ്ഞിട്ടില്ലെന്നും അദേഹം കുറ്റപ്പെടുത്തി.

വളരെ വിഷമകരമായ ഈ അവസരത്തില്‍ സഭയ്ക്ക് സാഹചര്യം ശാന്തമായി വിലയിരുത്താനും പക്ഷപാതപരമായി കണക്കാക്കാവുന്ന തിടുക്കത്തിലുള്ള തീരുമാനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനും കടമയുണ്ട്.

അധികാരികള്‍ നിഷ്പക്ഷത പാലിക്കുകയും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുകയും വേണം. ആവശ്യമുള്ളവരെ സഹായിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമണ്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.