കാത്തിരിപ്പ് വിഫലം; ടൈറ്റാനിക്കിനരികില്‍ ടൈറ്റന്റെ അവശിഷ്ടങ്ങളും: യാത്രക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ച് ഓഷ്യന്‍ ഗേറ്റ്

കാത്തിരിപ്പ് വിഫലം; ടൈറ്റാനിക്കിനരികില്‍ ടൈറ്റന്റെ അവശിഷ്ടങ്ങളും: യാത്രക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ച് ഓഷ്യന്‍ ഗേറ്റ്

വാഷിങ്ടണ്‍: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാനായി പോകവേ അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ സമുദ്ര പേടകത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായി സ്ഥിരീകരണം. കാണാതായ ടൈറ്റന്‍ പേടകത്തിന്റെ ഉടമകളായ ഓഷ്യന്‍ ഗേറ്റ് എന്ന കമ്പനി തന്നെയാണ് ദുഖകരമായ വാര്‍ത്ത പുറത്തുവിട്ടത്. കമ്പനി സി.ഇ.ഒ സ്റ്റോക്ടന്‍ റഷ്, ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകനായ സുലൈമാന്‍ ദാവൂദ്, ഹാമിഷ് ഹാര്‍ഡിങ്, പോള്‍ഹെന്റി നര്‍ജിയോലെറ്റ് എന്നിവരാണ് മരിച്ചത്. സമുദ്രത്തിന്റെ അടിത്തട്ടിലെ സമ്മര്‍ദത്തില്‍ പേടകം പൊട്ടിത്തെറിച്ചതായാണ് നിഗമനം.

അവസാന നിമിഷം വരെ ശുഭപ്രതീക്ഷ വച്ചുപുലര്‍ത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ സമുദ്രത്തില്‍ വിപുലമായ സന്നാഹങ്ങളോടെ രാപകലില്ലാതെ െതരച്ചില്‍ നടത്തിയത്. എന്നാല്‍ ടൈറ്റന്‍ എന്ന പേടകം സമുദ്രത്തില്‍ വെച്ച് തകര്‍ന്നതായും പൈലറ്റ് അടക്കം അഞ്ചു യാത്രക്കാരും മരിച്ചതായും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ടൈറ്റന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ടൈറ്റാനിക്കിന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. ഇത് ടൈറ്റന്റേത് തന്നെയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ടൈറ്റന്റെ പിന്‍ഭാഗമാണിത്. ഉള്ളിലെ പ്രഷര്‍ ചേംബര്‍ വേര്‍പെട്ട നിലയില്‍ ടൈറ്റാനിക്കിന് സമീപത്ത് നിന്നാണ് ഇത് കണ്ടെത്തിയത്. ടൈറ്റാനിക്കിന് സമീപത്ത് വെച്ച് സമുദ്ര പേടകം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിക്കുന്നത്.

അതേസമയം, മൃതദേഹങ്ങള്‍ വീണ്ടെടുക്കാനാകുമോ എന്ന് പറയാന്‍ കഴിയില്ലെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ ജോണ്‍ മൗഗര്‍ അറിയിച്ചു.

ഞായറാഴ്ചയാണ് അഞ്ച് പേരുമായി പോയ സമുദ്ര പേടകം കാണാതായത്. 110 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയപ്പോഴായിരുന്നു ടൈറ്റന്റെ തിരോധാനം. സമുദ്രത്തിലേക്ക് ഊളിയിട്ട് ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോള്‍ സപ്പോര്‍ട്ട് കപ്പലായ കനേഡിയന്‍ റിസര്‍ച്ച് ഐസ് ബ്രേക്കര്‍ പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കാനഡയിലെ ന്യൂഫൗണ്ട് ലാന്‍ഡില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ വെച്ചാണ് സമുദ്ര പേടകം അപ്രത്യക്ഷമായത്.

17 ബോള്‍ട്ടുകള്‍ ഉപയോഗിച്ച് പുറത്തു നിന്ന് പൂട്ടിയാണ് ടൈറ്റനെ സമുദ്രത്തിലേക്ക് അയച്ചത്. അതുകൊണ്ടു തന്നെ ടൈറ്റാനിക്കിന് സമീപത്ത് നിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് അശുഭകരമായ സൂചനയായി വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.