അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ക്കായി നിലകൊണ്ട് ജീവിതമെന്ന നന്മയെ നഷ്ടപ്പെടുത്താതിരിക്കാം: ഫ്രാന്‍സിസ് പാപ്പ

അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ക്കായി നിലകൊണ്ട് ജീവിതമെന്ന നന്മയെ നഷ്ടപ്പെടുത്താതിരിക്കാം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: മൂല്യമില്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി ജീവിതം എന്ന ഏറ്റവും ശ്രേഷ്ഠമായ നന്മ വലിച്ചെറിയരുതെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ.

ദിവ്യബലി മദ്ധ്യേ വായിച്ച മത്തായിയുടെ സുവിശേഷം പത്താം അദ്ധ്യായത്തിലെ വാക്യങ്ങളായിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം. അതായത്, മനുഷ്യരുടെ മുന്നില്‍ തനിക്ക് നിര്‍ഭയം സാക്ഷ്യം നല്‍കാന്‍ യേശു ശിഷ്യന്മാരോട് ആഹ്വാനം ചെയ്യുന്ന, അവര്‍ക്ക് പ്രചോദനം പകരുന്ന ഭാഗമായിരുന്നു അത്.

സുവിശേഷത്തില്‍ യേശു തന്റെ ശിഷ്യന്മാരോട് മൂന്നു പ്രാവശ്യം 'ഭയപ്പെടേണ്ട' എന്ന് ആവര്‍ത്തിച്ചത് മാര്‍പ്പാപ്പ അനുസ്മരിക്കുന്നു. അതിന് മുമ്പ് സുവിശേഷത്തെ പ്രതി ശിഷ്യന്മാര്‍ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ചും യേശു അവരോട് സംസാരിക്കുന്നു. ഈ യാഥാര്‍ത്ഥ്യം ഇന്നും പ്രസക്തമാണെന്ന് മാര്‍പാപ്പ നിരീക്ഷിച്ചു.

'കാരണം സന്തോഷങ്ങള്‍ക്കൊപ്പം, നിരവധി പീഡനങ്ങളും സഭ അനുഭവിക്കുന്നു. ഇത് വിരോധാഭാസമായി തോന്നാം. അതായത്, ദൈവരാജ്യ പ്രഘോഷണം സമാധാനത്തിന്റെയും നീതിയുടെയും സന്ദേശമാണ്, അത് സാഹോദര്യത്തിന്റെയും ക്ഷമയുടെയും അടിസ്ഥാനത്തിലുള്ളതാണ്, എന്നിട്ടും അത് എതിര്‍പ്പും അക്രമവും പീഡനവും നേരിടുന്നു. എങ്കിലും ഭയപ്പെടേണ്ട എന്ന് യേശു പറയുന്നു.

ലോകത്തില്‍ എല്ലാം ശരിയാകും എന്നതുകൊണ്ടല്ല അവിടുന്ന് അങ്ങനെ പറയുന്നത്. മറിച്ച് പിതാവിന് നാം വിലപ്പെട്ടവരായതിനാല്‍ നല്ലതൊന്നും നഷ്ടപ്പെടില്ല എന്നതുകൊണ്ടാണ്. അതിനാല്‍, നമ്മെ തടയാന്‍ ഭയത്തെ അനുവദിക്കരുതെന്നും മറിച്ച് ഒരു കാര്യത്തിനു മാത്രം ഭയപ്പെടണമെന്നും അവിടുന്ന് നമ്മോട് പറയുന്നു. നാം എന്തിനെയാണ് ഭയപ്പെടേണ്ടത് എന്നാണ് യേശു ചൂണ്ടിക്കാണിക്കുന്നത്?

ഒരുവന്‍ ജീവന്‍ വലിച്ചെറിയുന്നതിനെക്കുറിച്ചാണ് യഥാര്‍ത്ഥ ഭയം വേണ്ടതെന്ന് അവിടുന്ന് ഓര്‍മിപ്പിക്കുന്നു. അതായത്, സുവിശേഷത്തോട് വിശ്വസ്തത പുലര്‍ത്തുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യാമെന്നും അന്തസും സാമ്പത്തിക നേട്ടങ്ങളും നഷ്ടമായേക്കുമെന്നും ഉള്ള ഭയം നമുക്ക് ആവശ്യമില്ല. മറിച്ച് ജീവിതത്തില്‍ അര്‍ത്ഥം നിറയ്ക്കാത്ത നിസാര കാര്യങ്ങളുടെ പിന്നാലെ പോയി നമ്മുടെ അസ്തിത്വം പാഴാക്കുന്നതിനെയാണ് ഭയപ്പെടേണ്ടത്. ഈ മുന്നറിയിപ്പ് നമുക്കോരോരുത്തര്‍ക്കും പ്രസക്തമാണെന്ന് പാപ്പാ ഓര്‍മിപ്പിച്ചു.

ഇക്കാലത്തെ പരിഷ്‌കാര മാതൃകകള്‍ പിന്തുര്‍ന്നില്ലെങ്കില്‍ നാം പരിഹാസപാത്രമാക്കപ്പെടുകയോ വിവേചനത്തിന് ഇരയാക്കപ്പെടുകയോ ചെയ്യാം. എന്നാല്‍ ഈ പരിഷ്‌കാര മാതൃകള്‍ രണ്ടാം തരം യാഥാര്‍ത്ഥ്യങ്ങളെയാണ് കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നത്: ഉദാഹരണത്തിന്, കുടുംബം പോറ്റാന്‍ ജോലി ചെയ്യേണ്ടി വരുകയും എന്നാല്‍ ജോലിക്കായി മാത്രം ജീവിക്കാന്‍ കഴിയാത്തവരുമായ മാതാപിതാക്കളെക്കുറിച്ച് ഞാന്‍ പറയുന്നത്. അവര്‍ക്ക് കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ ആവശ്യമായ സമയം കിട്ടണം.

മറ്റൊരു ഉദാഹരണത്തിനായി ഒരു വൈദികന്റെയോ കന്യാസ്ത്രീയുടെയോ ജീവിതത്തിലേക്കു നോക്കാം. അവര്‍ അവരുടെ സേവനത്തില്‍ സ്വയം സമര്‍പ്പിക്കുകയും
പ്രതിജ്ഞാബദ്ധരായിരിക്കുകയും വേണം. എന്നാല്‍ യേശുവിനോടൊപ്പം ആയിരിക്കുന്നതിന് സമയം കണ്ടെത്താന്‍ മറക്കരുത്, അല്ലാത്തപക്ഷം അവര്‍ ആത്മീയ ലൗകികതയിലേക്ക് വീഴുകയും തങ്ങള്‍ ആരാണെന്ന ബോധം നഷ്ടപ്പെടുകയും ചെയ്യുന്നു.

അവസാനമായി, യുവാക്കളെയും സ്ത്രീകളെയും കുറിച്ചും പാപ്പ പരാമര്‍ശിച്ചു, അവര്‍ക്ക് ആയിരം പ്രതിബദ്ധതകളും അഭിനിവേശങ്ങളും ഉണ്ട്: സ്‌കൂള്‍, കായികം, മൊബൈല്‍ ഫോണ്‍, സമൂഹ മാധ്യമങ്ങള്‍... തുടങ്ങിയവ. എന്നാല്‍ യുവജനങ്ങള്‍ നിസാര കാര്യങ്ങള്‍ക്കായി സമയം കളയാതെ
ആളുകളെ കണ്ടുമുട്ടുകയും വലിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയും വേണം.

വേലിയേറ്റത്തിനെതിരെ പോകാന്‍ ചില ത്യാഗങ്ങള്‍ ആവശ്യമാണെന്ന് വിശ്വാസികളെ പാപ്പ ഉദ്‌ബോധിപ്പിക്കുന്നു. ജീവിതത്തിന്റെ നന്മ നഷ്ടപ്പെടുത്താതിരിക്കാന്‍ കാര്യക്ഷമതയുടെയും ഉപഭോക്തൃത്വത്തിന്റെയും വിഗ്രഹങ്ങളെ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തി.

ഒഴുക്കിനെതിരെ നീന്തുന്നതിന് വില നല്‍കേണ്ടി വരും, പൊതുവായ ചിന്താഗതിയുടെ ഉപാധികളില്‍ നിന്ന് മുക്തരാകുന്നതിന് നാം വില നല്‍കേണ്ടതായി വരും, എന്നാല്‍ ഇത് കാര്യമുള്ളതല്ല, യേശു പറയുന്നു: ജീവിതം എന്ന ഏറ്റവും വലിയ നന്മ വലിച്ചെറിയാതിരിക്കുകയാണ് പ്രധാനം.

'നമുക്ക് സ്വയം ചോദിക്കാം', 'ഞാന്‍ എന്തിനെയാണ് ഭയപ്പെടുന്നത്? സമൂഹം അടിച്ചേല്‍പ്പിക്കുന്ന ലക്ഷ്യങ്ങളില്‍ എത്താത്തതിനെക്കുറിച്ചാണോ? മറ്റുള്ളവര്‍ നടത്തുന്ന വിധിയെയാണോ? അല്ലെങ്കില്‍ കര്‍ത്താവിനെ പ്രസാദിപ്പിക്കാത്തതിനെപ്പറ്റിയോ?' - മാര്‍പ്പാപ്പ ചോദിച്ചു.

നിത്യകന്യകയായ മറിയമേ, ജ്ഞാനിയായ അമ്മേ, ഞങ്ങള്‍ നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍ ജ്ഞാനവും ധൈര്യവും ഉള്ളവരായിരിക്കാന്‍ ഞങ്ങളെ സഹായിക്കൂ എന്നു പ്രാര്‍ത്ഥിച്ചാണ് പാപ്പ ഉപസംഹരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.