ഭാവിതലമുറകള്‍ക്ക് ശരിയായ അറിവ് പകരുന്നത് സുപ്രധാന ദൗത്യം; മാധ്യമ പ്രവര്‍ത്തകരോട് ഫ്രാന്‍സിസ് പാപ്പ

ഭാവിതലമുറകള്‍ക്ക് ശരിയായ അറിവ് പകരുന്നത് സുപ്രധാന ദൗത്യം; മാധ്യമ പ്രവര്‍ത്തകരോട് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഉത്തരവാദിത്വത്തോടും ധാര്‍മികതയോടും കൂടെ ഭാവിതലമുറകള്‍ക്ക് ശരിയായ അറിവ് പകരുന്നത് തങ്ങളുടെ സുപ്രധാന ദൗത്യമായി ഏറ്റെടുക്കാന്‍ ഫ്രാന്‍സിസ് പാപ്പ മാധ്യമപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ഇറ്റാലിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന ബിയാജിയോ ആഗ്‌നസിന്റെ പേരിലുള്ള അന്താരാഷ്ട്ര പുരസ്‌കാര പ്രതിനിധി സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ച്, അവരോട് സംസാരിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ സവിശേഷമായ ഉത്തരവാദിത്തങ്ങളെകുറിച്ച് പാപ്പാ അവരെ ഓര്‍മ്മപ്പെടുത്തിയത്.

ഒന്നിച്ചു നിന്നു കൊണ്ട് പ്രത്യാശയുടെ പുതിയ ചക്രവാളങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുക്കാനും അങ്ങനെ മെച്ചപ്പെട്ട ഒരു സംസ്‌കാരത്തിലേക്ക് ലോകജനതയെ നയിക്കാനും അവര്‍ക്ക് സാധിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു.

അപകട സാധ്യതയുള്ള യുദ്ധ മേഖലകളിലേക്കു പോലും കടന്നു ചെന്ന്, വസ്തുനിഷ്ഠമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരെ മാര്‍പാപ്പ ഹൃദയപൂര്‍വ്വം അഭിനന്ദിച്ചു. വാര്‍ത്തകളെക്കുറിച്ചുള്ള ജിജ്ഞാസയും തുറവിയുള്ള മനസും തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയുമാണ് ഒരു മാധ്യമപ്രവര്‍ത്തകനെ മറ്റാരും കടന്ന് ചെല്ലാന്‍ മടിക്കുന്ന ഇടങ്ങളില്‍ പോലും എത്തിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

പത്രപ്രവര്‍ത്തനത്തിന്റെ അവശ്യ ഘടകങ്ങള്‍ നോട്ട്ബുക്ക്, പേന, ശരിയായ വീക്ഷണം എന്നിവയാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. എന്നാല്‍ അടുത്തകാലത്തായി ഇവയുടെ ഉപയോഗം കുറഞ്ഞുവരുന്നതായും പാപ്പാ ചൂണ്ടിക്കാണിച്ചു.

ചരിത്ര സംഭവങ്ങളില്‍ പങ്കാളികളായിക്കൊണ്ട്, അവയുടെ പ്രത്യാഘാതങ്ങളെ മറ്റുള്ളവര്‍ക്കൊപ്പം സഹാനുഭൂതിയോടെ ഏറ്റുവാങ്ങാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായിരിക്കണം. മറ്റുള്ളവരെ കൂടുതലായി ശ്രവിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് നോട്ട്ബുക്ക് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
വാര്‍ത്തകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച്, വിശ്വാസ്യത ഉറപ്പുവരുത്തി ഉത്തമ മനസാക്ഷിയോടെ വേണം അവ അവതരിപ്പിക്കാന്‍. പേന മാധ്യമപ്രവര്‍ത്തകരുടെ സത്യസന്ധതയുടെയും സര്‍ഗാത്മകതയുടെയും പ്രതീകമാണ്.

യാഥാര്‍ത്ഥ്യങ്ങളോട് ഒരു ബന്ധവുമില്ലാത്ത വ്യാജവാര്‍ത്തകള്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നു. അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ദൗത്യം ശരിയായ വീക്ഷണത്തോടും കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടും കൂടി നിര്‍വഹിക്കണമെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.

സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തോടുള്ള അവരുടെ പ്രതിബദ്ധതയെ പാപ്പാ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തന്നെ സന്ദര്‍ശിച്ചവര്‍ക്ക് പാപ്പാ നന്ദി പറയുകയും അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുകയും അവരുടെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.