അമേരിക്കയില്‍ കൂട്ടവെടിവയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു, 28 പേര്‍ക്ക് പരിക്ക്; അക്രമി വെടിയുതിര്‍ത്തത് 30 തവണ

അമേരിക്കയില്‍ കൂട്ടവെടിവയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു, 28 പേര്‍ക്ക് പരിക്ക്; അക്രമി വെടിയുതിര്‍ത്തത് 30 തവണ

അന്നപൊളിസ്: അമേരിക്കന്‍ നഗരമായ ബാള്‍ട്ടിമോറിലുണ്ടായ കൂട്ടവെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെല്ലാവരും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ബ്രൂക്ക്‌ലിന്‍ ഹോംസ് ഏരിയയില്‍ 'ബ്രൂക്ക്‌ലിന്‍ ഡേ' എന്ന പരിപാടിക്കായി ആളുകള്‍ ഒത്തുകൂടിയ സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. അക്രമി 20 മുതല്‍ 30 തവണ വരെ വെടിയുതിര്‍ത്തതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടത്തിയ ആളെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആക്രമണം നടത്താനുണ്ടായ കാരണമെന്തെന്നും വ്യക്തമല്ല.

ഇന്നലെ പുലര്‍ച്ചെ 12:30 നാണ് വെടിവയ്പ്പ് സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ബാള്‍ട്ടിമോര്‍ പൊലീസ് ആക്ടിംഗ് കമ്മീഷണര്‍ റിച്ചാര്‍ഡ് വോര്‍ലി പറഞ്ഞു. ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ വിപുലമായ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായി കണ്ടെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി വ്യാപകമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബാള്‍ട്ടിമോര്‍ മേയര്‍ ബ്രാന്‍ഡന്‍ സ്‌കോട്ട് സംഭവത്തെ ശക്തമായി അപലപിച്ചു. 'ഭീരുത്വം നിറഞ്ഞ ഒരു പ്രവൃത്തിയാണിത്. ഇത് നിരവധി പേരുടെ ജീവിതത്തെ മാറ്റിമറിച്ചു. രണ്ട് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്ത് അനധികൃത തോക്കുകള്‍ വ്യാപിച്ചത് മൂലമുണ്ടായ ആഘാതവും അതിനെ നേരിടേണ്ടതിന്റെ ആവശ്യകതയും ഈ ദുരന്തം കാണിക്കുന്നു. തോക്കുകള്‍ കൈവശം വയ്ക്കാന്‍ പാടില്ലാത്തവരുടെ കൈകളില്‍ അത് എത്തിയാലുള്ള പ്രശ്‌നമാണ് നമ്മള്‍ കാണേണ്ടത്' - അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അമേരിക്കയിലെ ഒഹിയോയില്‍ രണ്ടു വയസുകാരനായ മകന്റെ വെടിയേറ്റ് അമ്മ മരിച്ചിരുന്നു. എട്ടു മാസം ഗര്‍ഭിണിയായിരുന്ന യുവതിയാണ് മരിച്ചത്. മുന്‍പ് നടന്ന സമാനമായ സംഭവത്തില്‍ ആറു വയസുള്ള ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി അധ്യാപകനെ വെടിവച്ചിരുന്നു. അമ്മയുടെ ലൈസന്‍സുള്ള തോക്ക് ബാക്പാക്കിലിട്ടാണ് കുട്ടി സ്‌കൂളില്‍ കൊണ്ടു വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.