യുകെയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്ന്, സൗദി അറേബ്യയും ഒമാനും കുവൈറ്റും. രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ ഒരാഴ്ചത്തേക്കാണ് സൗദി രാജ്യത്തേക്കുള്ള പ്രവേശനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇത് നീട്ടുമെന്നാണ് സൂചന. വ്യോമഗതാഗതത്തോടൊപ്പം കര, കടൽ അതിർത്തികളിലൂടെയുള്ള യാത്രകൾക്കും നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 8-നു ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും, രോഗസാധ്യതയേറിയ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശിച്ചിട്ടുള്ള മുഴുവൻ യാത്രികരോടും രാജ്യത്ത് പ്രവേശിച്ച തീയ്യതി മുതൽ 2 ആഴ്ച്ച ക്വാറന്‍റീനില്‍ തുടരാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ കോവിഡ് പിസിആർ ടെസ്റ്റ് നടത്താനും, ക്വാറന്‍റീനില്‍ തുടരുന്ന ഓരോ അഞ്ച് ദിവസത്തിനിടയിലും ഈ പരിശോധന ആവർത്തിക്കാനും മന്ത്രാലയം നിർദ്ദേശം നല്‍കിയിട്ടുണ്ട്. സൗദിക്കു പിന്നാലെയാണ് ഒമാനും രാജ്യത്തിന്‍റെ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ചൊവാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് അതിർത്തികള്‍ അടക്കുകയാണെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഡിസംബർ 21-ന് വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
യാത്രാ സേവനങ്ങൾ മാത്രമാണ് നിലവിൽ ഒമാൻ നിർത്തിവെക്കുന്നത്. വിമാനങ്ങൾ, കപ്പൽ, ട്രക്ക് എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള ചരക്ക് ഗതാഗതം തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെ കുവൈറ്റും രാജ്യത്തിന്‍റെ അതിർത്തികള്‍ അടയ്ക്കുന്നതായി പ്രഖ്യാപിച്ചു. സർക്കാർ മാധ്യമ വിഭാഗം തലവൻ താരിഖ് അൽ മുസ്രിമാണ് ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ വിലക്കുകൾ നീട്ടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചരക്ക് ഗതാഗതത്തിന് ഈ നിയന്ത്രണം ബാധകമല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.