അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ തകരാറിലായി; അമേരിക്കയില്‍ വിനോദ സഞ്ചാരികള്‍ തലകീഴായി തൂങ്ങിക്കിടന്നത് മൂന്ന് മണിക്കൂര്‍

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ തകരാറിലായി; അമേരിക്കയില്‍ വിനോദ സഞ്ചാരികള്‍ തലകീഴായി തൂങ്ങിക്കിടന്നത് മൂന്ന് മണിക്കൂര്‍

മാഡിസണ്‍: അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റോളര്‍ കോസ്റ്റര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ തലകീഴായി തൂങ്ങിക്കിടന്നത് മൂന്ന് മണിക്കൂറിലേറെ. അമേരിക്കയിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് റൈഡിന് കയറിയ ആളുകള്‍ ഏറ്റവും ഉയരത്തില്‍ മധ്യഭാഗത്തായി തലകീഴായി മണിക്കൂറുകളോളം തൂങ്ങിക്കിടന്നത്

വിസ്‌കോണ്‍സിനിലെ ക്രാന്‍ഡണില്‍ നടന്ന ഫോറസ്റ്റ് കൗണ്ടി ഫെസ്റ്റിവലിനിടെയാണ് റോളര്‍ കോസ്റ്റര്‍ തകരാറിലായത്. ഏകദേശം മൂന്ന് മണിക്കൂറോളം എട്ട് പേര്‍ തലകീഴായി തൂങ്ങിക്കിടന്നു. എട്ട് പേരില്‍ ഏഴ് പേരും കുട്ടികളാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപ്രതീക്ഷിതമായി റൈഡ് തകരാറിലായതോടെ സംഘാടകരും ആശങ്കയിലായി. തുടര്‍ന്ന് യാത്രക്കാരെ രക്ഷിക്കാന്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ എത്തി. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അവസാന യാത്രക്കാരനെയും പുറത്തെത്തിക്കാനായത്. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. തലകീഴായി കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാന്‍ റൈഡിലേക്ക് കയറുന്ന രക്ഷാപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

റൈഡിനെത്തിയവരെല്ലാം സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചതിനാല്‍ വലിയ അപകടം ഒഴിവായതായി ക്രാന്‍ഡന്‍ അഗ്‌നിശമനസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

റൈഡ് അടുത്തിടെ ബന്ധപ്പെട്ടവര്‍ പരിശോധിച്ചിരുന്നുവെന്നും കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നും ക്രാന്‍ഡന്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ ക്യാപ്റ്റന്‍ ബ്രണ്ണന്‍ കുക്ക് പറഞ്ഞു. കൃത്യമായ കാരണം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ക്യാപ്റ്റന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.