മുതിര്‍ന്നവര്‍ക്കായുള്ള മൂന്നാമത്തെ ആഗോളദിനം ജൂലൈ 23ന്; അന്നേദിവസം പൂര്‍ണ ദണ്ഡവിമോചനം പ്രഖ്യാപിച്ച് മാര്‍പ്പാപ്പ

മുതിര്‍ന്നവര്‍ക്കായുള്ള മൂന്നാമത്തെ ആഗോളദിനം ജൂലൈ 23ന്; അന്നേദിവസം പൂര്‍ണ ദണ്ഡവിമോചനം പ്രഖ്യാപിച്ച് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: മുത്തശ്ശീമുത്തഛന്‍മാര്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള ആഗോള ദിനാചരണത്തിന്റെ ഭാഗമായി എല്ലാ വിശ്വാസികള്‍ക്കും പൂര്‍ണ ദണ്ഡവിമോചനം നേടുന്നതിന് അസുലഭ അവസരം. ഇതോടനുബന്ധിച്ച് ജൂലൈ 23 - ന് വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പ്പാപ്പ നേതൃത്വം നല്‍കുന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നവര്‍ക്കും പൂര്‍ണ ദണ്ഡവിമോചനം ലഭിക്കുന്നതാണെന്ന് അപ്പസ്‌തോലിക പെനിറ്റന്‍ഷ്യറി പുറപ്പെടുവിച്ച കുറിപ്പില്‍ വ്യക്തമാക്കി.

അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവന്‍ കര്‍ദിനാള്‍ കെവിന്‍ ജോസഫ് ഫാരെലിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചുകൊണ്ടാണ് പൂര്‍ണ ദണ്ഡവിമോചനത്തിനുള്ള അനുവാദം ഫ്രാന്‍സിസ് പാപ്പ നല്‍കിയതെന്ന് 'കരുണയുടെ കോടതി' എന്നുകൂടി അറിയപ്പെടുന്ന അപ്പസ്‌തോലിക പെനിറ്റന്‍ഷ്യറിയുടെ കുറിപ്പില്‍ വിശദീകരിക്കുന്നു.

പൂര്‍ണ ദണ്ഡവിമോചനത്തിനുള്ള വ്യവസ്ഥകള്‍

അപ്പോസ്‌തോലിക പെനിറ്റന്‍ഷ്യറി പുറപ്പെടുവിച്ചതും മാര്‍പ്പാപ്പ അംഗീകരിച്ചതുമായ കല്‍പ്പനയില്‍ പൂര്‍ണ ദണ്ഡവിമോചനത്തിനുള്ള വ്യവസ്ഥകള്‍ താഴെപ്പറയുന്ന വിധമാണ്.

മാര്‍പ്പാപ്പയുടെ അധ്യക്ഷതയില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന മുത്തശ്ശീമുത്തഛന്‍മാര്‍ക്കും പ്രായമായവര്‍ക്കും എല്ലാ വിശ്വാസികള്‍ക്കും പൂര്‍ണ ദണ്ഡവിമോചനം ലഭിക്കും. ലോകത്തിന്റെ നാനാഭാഗങ്ങളിലായി അന്നേദിവസം വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നവര്‍ക്കും പൂര്‍ണ ദണ്ഡവിമോചനത്തിനുള്ള അര്‍ഹതയുണ്ട്. ഉത്തമമായ അനുതാപത്തോടെയുള്ള കുമ്പസാരം, കുര്‍ബാന സ്വീകരണം, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നീ സാധാരണ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് പൂര്‍ണ ദണ്ഡവിമോചനം ലഭിക്കുക.

ഇതിനു പുറമേ രോഗികളും നിരാലംബരും ഏകാന്തത അനുഭവിക്കുന്നവരുമായ പ്രായമായവര്‍ക്കൊപ്പം നേരിട്ടോ സങ്കേതിക മാധ്യമങ്ങളിലൂടെയോ സമയം ചിലവഴിക്കുന്നവര്‍ക്കും പൂര്‍ണ ദണ്ഡവിമോചനത്തിനുള്ള അര്‍ഹത ലഭിക്കും. ഗുരുതരമായ അവശത മൂലം വീടുകളില്‍ തന്നെ കഴിയേണ്ടിവരുന്നവര്‍ക്ക്, മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ ആത്മീയമായി പങ്കെടുത്ത് തങ്ങളുടെ പ്രാര്‍ത്ഥനകളും സഹനങ്ങളും അതോടൊപ്പം സമര്‍പ്പിച്ച് പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാം.

ക്രിസ്തുവിന്റെയും വിശുദ്ധരുടെയും പരിഹാര കര്‍മ്മങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന വീണ്ടെടുപ്പിന്റെ ശുശ്രൂഷികള്‍ എന്ന നിലയിലുള്ള സഭയുടെ പ്രവൃത്തിയിലൂടെയാണ് ഒരു വിശ്വാസി ദണ്ഡവിമോചനം പ്രാപിക്കുന്നത്. അത് തനിക്കു വേണ്ടിത്തന്നെയോ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കു വേണ്ടിയോ നേടുവാന്‍ ഒരു വിശ്വാസിക്ക് സാധിക്കും. ഇതിനകം ക്ഷമിക്കപ്പെട്ട പാപങ്ങള്‍ നിമിത്തമുള്ള കാലിക ശിക്ഷയുടെ മോചനമാണ് ദണ്ഡവിമോചനം വഴി വാഗ്ദാനം ചെയ്യപ്പെടുന്നത്.

മുത്തശ്ശീമുത്തഛന്‍മാര്‍ക്കും പ്രായമായവര്‍ക്കുമായുള്ള മൂന്നാമത്തെ ലോക ദിനത്തില്‍ പ്രാപിക്കാവുന്ന ദണ്ഡവിമോചനത്തിനു മാത്രമാണ് ഈ ഡിക്രിയിലൂടെ അനുവാദം നല്‍കിയിരിക്കുന്നത്. ദൈവ കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പ്രായമായവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനും അങ്ങനെ ആധ്യാത്മികതയില്‍ വളരാനുമുള്ള അവസരമാണ് ഇതിലൂടെ എല്ലാ വിശ്വാസികള്‍ക്കും ലഭിക്കുന്നത്.

എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് മുത്തശീമുത്തഛന്മാര്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ദിനമായി കത്തോലിക്കാ സഭ ആചരിച്ചുവരുന്നത്. 2021-ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. 'അവിടുത്തെ ഭക്തരുടെ മേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.' (ലൂക്കാ 1 : 50) എന്ന തിരുവചനമാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. പ്രായമായവര്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുന്ന
വിലമതിക്കാനാവാത്ത അനുഭവജ്ഞാനവും സ്‌നേഹവും അവര്‍ക്കു വേണ്ടിയുള്ള ഈ ദിനത്തില്‍ പ്രത്യേകമായി അനുസ്മരിക്കപ്പെടുന്നു.

കൂടുതല്‍ വായനയ്ക്ക്:

പ്രായമായവരുടെ ഹൃദയങ്ങളിൽ സന്തോഷം നിറയ്ക്കുക: മുതിർന്നവർക്കായുള്ള ലോകദിനത്തോടനുബന്ധിച്ച് യുവജനങ്ങളോട് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനം

മുത്തശി മുത്തഛൻമാര്‍ക്കു വേണ്ടിയുള്ള മൂന്നാം ആഗോള ദിനം ജൂലൈ 23 ന്‌; ആഘോഷിക്കാനൊരുങ്ങി കത്തോലിക്കാ സഭ

കൂടുതൽ വത്തിക്കാൻ വാർത്തകൾക്കായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://cnewslive.com/author/47794/1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.