'ഭിന്നിപ്പിച്ച് ഭരിക്കാന്‍ സെമിനാര്‍; മാറുന്ന കാലത്തെ നൂതന യുദ്ധ മുറകള്‍': സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

 'ഭിന്നിപ്പിച്ച് ഭരിക്കാന്‍ സെമിനാര്‍; മാറുന്ന കാലത്തെ നൂതന യുദ്ധ മുറകള്‍': സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: ഏക സിവില്‍ കോഡില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിനെ പരോക്ഷമായി വിമര്‍ശിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

'ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം ആദ്യമായി ആവിഷ്‌കരിച്ചതും നടപ്പിലാക്കിയതും ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് എന്നാണ് വയ്പ്. എന്നാല്‍ അത് നടപ്പിലാക്കാന്‍ സെമിനാര്‍ എന്ന ഒരു എളുപ്പ വഴിയുണ്ടെന്ന് സാക്ഷാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം പോലും ചിന്തിച്ചിട്ടുണ്ടാവില്ല. മാറുന്ന കാലത്തെ നൂതന യുദ്ധ മുറകള്‍!'- എന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസിനെയും മറ്റ് ഘടകകക്ഷികളെയും ക്ഷണിക്കാതെ മുസ്ലീം ലീഗിനെ മാത്രം സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചതിനെതിരെ പരക്കേ വിമര്‍ശനമുയര്‍ന്നിരുന്നു. യുഡിഎഫില്‍ ഭിന്നിപ്പുണ്ടാക്കാനും ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിനുമാണ് സിപിഎം നീക്കമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിമര്‍ശനം.

കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള സെമിനാറില്‍ പങ്കെടുക്കാനില്ലെന്ന് ഇന്ന് ലീഗ് വ്യക്തമാക്കുകയും ചെയ്തു. ഭിന്നിപ്പിക്കാനുള്ള സെമിനാറായി ഇത് മാറരുത് എന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ലെന്നും ലീഗിന്റെ ശരിയായ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് സിപിഎം സംസ്ഥാന സെക്രടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.