സെനഗൽ: സെനഗലിൽ നിന്ന് സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് മൂന്ന് കുടിയേറ്റ ബോട്ടുകളിൽ യാത്ര ചെയ്ത 300 പേരെ കാണാതായതായി റിപ്പോർട്ട്. 15 ദിവസം മുമ്പ് സെനഗലിൽ നിന്ന് സ്പെയിനിലേക്ക് യാത്രതിരിച്ച് രണ്ട് ബോട്ടുകൾ ഇതുവരെയും ലക്ഷ്യസ്ഥാനത്തെത്തിയില്ല. ആദ്യ ബോട്ടിൽ 65 ഓളം ആളുകളും രണ്ടാമത്തേതിൽ 50 നും 60 നും ഇടയിൽ ആളുകൾ ഉണ്ടായിരുന്നെന്നെന്ന് അധികൃതർ വ്യക്തമാക്കി.
200 ഓളം ആളുകളുമായി ജൂൺ 27 ന് പുറപ്പെട്ട മൂന്നാമത്തെ ബോട്ടും കാണാനില്ല. ബോട്ടിൽ കയറിയതിനു ശേഷം യാത്രക്കാരുടെ വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചില്ലെന്ന് കുടുംബക്കാർ പറഞ്ഞു. കാനറി ദ്വീപുകളിലൊന്നായ ടെനെറിഫിൽ നിന്ന് ഏകദേശം 1,700 കിലോമീറ്റർ അകലെയുള്ള സെനഗലിന്റെ തെക്ക് ഭാഗത്തുള്ള കഫൗണ്ടൈനിൽ നിന്നാണ് മൂന്ന് ബോട്ടുകളും പുറപ്പെട്ടത്.
സ്‌പെയിനിലേക്ക് പോകാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് കാനറി ദ്വീപുകൾ. യുഎന്നിന്റെ കണക്കുകൾ പ്രകാരം കാനറി ദ്വീപുകളിൽ എത്താനുള്ള ശ്രമത്തിൽ 2022 ൽ 22 കുട്ടികളടക്കം 559 പേർ മരണപ്പെട്ടിരുന്നു.
മറ്റ് രാജ്യങ്ങളിലേക്ക് ബോട്ട് മാർഗം കുടിയേറാൻ ശ്രമിക്കുന്നവർക്ക് ജീവൻ നഷ്ടപ്പെടുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞ മാസമാണ് തെക്കൻ ഗ്രീസിൽ കുടിയേറ്റക്കാരുമായി മറിഞ്ഞ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മുന്നൂറിലേറെ പേരെ കാണാതായത്. 750 പേർ വരെ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അനധികൃതമായി കൊള്ളാവുന്നതിലും ആൾക്കാരെ കുത്തി നിറച്ച് നടത്തുന്ന യാത്രകളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.