വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ കര്‍ദിനാള്‍ സംഘത്തിലേക്ക് മലേഷ്യയിലെ മലയാളി കുടുംബാഗം ഉള്‍പ്പെടെ പുതുതായി 21 പേരെക്കൂടി നാമനിര്‍ദേശം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനില്‍ ഞായറാഴ്ച നടന്ന മധ്യാഹ്ന പ്രാര്‍ത്ഥനാ വേളയിലാണ് പാപ്പാ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. നിയുക്ത കര്‍ദ്ദിനാള്‍മാരുടെ പേരു വിവരങ്ങളും പാപ്പാ വെളിപ്പെടുത്തി. മലേഷ്യയിലെ പെനാങ് രൂപതയുടെ അധ്യക്ഷന്‍, 72-കാരനായ ബിഷപ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസാണ് പുതുതായി നിയമിതരായ കര്‍ദിനാള്‍മാരിലെ മലയാളി. തൃശൂര്‍ ഒല്ലൂരില്‍ നിന്ന് 1890-കളില്‍ മലേഷ്യയിലേക്കു കുടിയേറിയ മേച്ചേരില്‍ കുടുംബാംഗമാണ് ബിഷപ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്.
ബിഷപ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്
സഭയുടെ സാര്‍വത്രികതയെ പ്രകാശിതമാക്കുന്ന വിധത്തില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ നിയുക്ത കര്‍ദിനാള്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിശുദ്ധ പത്രോസിന്റെ സിംഹാസനമായ റോമും ലോകത്താകമാനമുള്ള പ്രാദേശിക സഭകളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ അടയാളമാണ് പുതിയ കര്‍ദിനാള്‍മാരെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. ഇവരെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിനായി സെപ്റ്റംബര്‍ 30 ന് കണ്‍സിസ്റ്ററി വിളിച്ചു കൂട്ടുമെന്നും പാപ്പാ അറിയിച്ചു.
വത്തിക്കാനിലെ മൂന്ന് ഡിക്കാസ്റ്ററികളുടെ തലവന്മാര്‍, ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ്, അമേരിക്കയിലെ വത്തിക്കാന്‍ സ്ഥാനപതി തുടങ്ങി നിലവില്‍ സുപ്രധാന പദവികള്‍ വഹിക്കുന്നവരും പുതിയ കര്‍ദിനാള്‍മാരില്‍ ഉള്‍പ്പെടുന്നു.
നിയുക്ത കര്‍ദിനാള്‍മാരുടെ നിലവിലെ ഔദ്യോഗിക പദവി, പേര്, മാതൃ രാജ്യം എന്നീ ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു.
മെത്രാന്‍മാര്‍ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവന്‍ ആര്‍ച്ച് ബിഷപ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് (യു.എസ്.എ)
വിശ്വാസസത്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവന്‍ ആര്‍ച്ച് ബിഷപ് വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് (അര്‍ജന്റീന),
പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവന്‍ ആര്‍ച്ച് ബിഷപ് ക്ലൗദിയോ ഗുജറോത്തി (ഇറ്റലി)
അമേരിക്കയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ക്രിസ്റ്റോഫ് ലൂയി യീവ്‌സ് ജോര്‍ജ് (ഫ്രാന്‍സ്)
ഇറ്റലിയുടെയും സാന്‍ മാരിനോയുടെയും വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് എമില്‍ പോള്‍ ചെറിഗ് (സ്വിറ്റ്‌സര്‍ലന്‍ഡ്)
ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബത്തിസ്താ പിറ്റ്‌സാബെല്ലാ (ഇറ്റലി)
ആര്‍ച്ച് ബിഷപ് ഹൊസേ കോബോ കാനോ (മാദ്രിദ്, സ്‌പെയിന്‍)
ആര്‍ച്ച് ബിഷപ് സ്റ്റീഫന്‍ ബ്രിസ്ലിന്‍ (കേപ് ടൗണ്‍, സൗത്ത് ആഫ്രിക്ക)
ആര്‍ച്ച് ബിഷപ് ഏഞ്ചല്‍ സിക്‌സ്റ്റോ റോസ്സി (കൊര്‍ഡോബ, അര്‍ജന്റീന)
ആര്‍ച്ച് ബിഷപ് ലൂയിസ് ഹൊസേ റുവേദ അപ്പരീസിയോ (ബൊഗോത്ത, കൊളമ്പിയ)
ആര്‍ച്ച് ബിഷപ് ഗ്രെഗോര്‍ റിസ് (ലുദ്‌സ്, പോളണ്ട്)
ആര്‍ച്ച് ബിഷപ് സ്റ്റീഫന്‍ അമെയു മാര്‍ട്ടിന്‍ മുല്ലാ (ജുബ, സൗത്ത് സുഡാന്‍)
കോ-അഡ്ജുത്തോര്‍ ആര്‍ച്ച് ബിഷപ് പ്രൊത്താസെ റുഗംബ്വാ (തബോറ, ടാന്‍സാനിയ)
ബിഷപ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് (പെനാങ്, മലേഷ്യ)
ബിഷപ് സ്റ്റീഫന്‍ ചൗ സൗ-യാന്‍ (ഹോങ് കോങ്, ചൈന)
ബിഷപ് ഫ്രാന്‍സ്വാ-സവിയേ ബുസ്തിയോ (ഫ്രാന്‍സ്)
ബിഷപ് അമെരിക്കോ മാനുവേല്‍ ആല്‍വെസ് അഗ്വിയാര്‍ (പോര്‍ട്ടുഗല്‍)
ഫാ. ഏഞ്ചല്‍ ഫെര്‍ണാണ്ടസ് ആര്‍ത്തിമെ (സലേഷ്യന്‍ സുപ്പീരിയര്‍ ജനറല്‍, സ്‌പെയിന്‍)
സഭയില്‍ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിച്ചവരും 80 വയസിലേറെ പ്രായമുള്ളവരുമായ മൂന്നു പേരെയും നിയുക്ത കര്‍ദിനാള്‍മാരുടെ ഗണത്തില്‍ മാര്‍പാപ്പ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ച്ച് ബിഷപ് അഗസ്തീനോ മര്‍ക്കെത്തോ (ഇറ്റലി), ആര്‍ച്ച് ബിഷപ് ദിയെഗോ റഫായേല്‍ പദ്രോണ്‍ സാഞ്ചെസ് (വെനെസ്വേല), കപ്പൂച്ചിന്‍ വൈദികന്‍ ഫാ. ലൂയിസ് പാസ്‌ക്വാല്‍ ദ്രി (അര്‍ജന്റീന) എന്നിവരാണ് അവര്‍.
സര്‍വത്രിക സഭയുടെ ശുശ്രൂഷയില്‍ തന്നോടൊപ്പം പങ്കുചേരാന്‍ പോകുന്ന നിയുക്ത കര്‍ദിനാള്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വത്തിക്കാന്‍ ചത്വരത്തില്‍ കൂടിയിരുന്ന വിശ്വാസി സമൂഹത്തോട് മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.