റോം: കഴിഞ്ഞ വര്‍ഷം വേനല്‍ക്കലത്ത് യൂറോപ്പില്‍ കടുത്ത ചൂട് കാരണം ഏകദേശം 61000 ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറ്റലി, ഗ്രീസ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്. ആരോഗ്യ വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം 2022 മെയ് 30 നും സെപ്റ്റംബര്‍ നാലിനുമിടയില്‍ മാത്രം 61,672 പേരാണ് ചൂട് കാരണം മരിച്ചത്. ചെറിയൊരു വിഭാഗം മാത്രമേ സൂര്യാഘാതം മൂലം മരിച്ചിട്ടുള്ളു. ബാക്കിയുള്ള കൂടുതല്‍ കേസുകളിലും ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ നേരിടുന്നളവരാണ് ചൂട് താങ്ങാനാകാതെ മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശരാശരി താപനില മാറി ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട വര്‍ഷമായിരുന്നു 2022 ലെ വേനല്‍ക്കാലമെന്നും പഠനത്തിലൂടെ കണ്ടെത്തി. കണക്കുകള്‍ പ്രകാരം വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് ജൂലൈ 18 മുതല്‍ 24 വരെയായിരുന്നു. ഈ കാലയളവില്‍ മാത്രം 11,637 പേരാണ് മരിച്ചത്.
'എപ്പോഴായാലും മനുഷ്യര്‍ മരിക്കും. എന്നാല്‍ ഈ രീതിയില്‍ മനുഷ്യര്‍ മരിക്കുന്നത് കണക്കാക്കാനാകില്ല' പഠനം നടത്തിയ ബാഴ്സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെ കാലാവസ്ഥ-ആരോഗ്യ മേഖലയിലെ അസോസിയേറ്റ് റിസര്‍ച്ച് പ്രൊഫസറായ ജോവാന്‍ ബാലെസ്റ്റര്‍ പറഞ്ഞു.
'ആ ആഴ്ച മരിച്ചവരില്‍ 86 വയസുള്ള മരിയ എന്നൊരു സ്ത്രീയുണ്ടായിരുന്നു. പ്രമേഹവും ഹൃദ്രോഗവുമുള്ള സ്ത്രീയായിരുന്നു അവര്‍. കടുത്ത ക്ഷീണം മൂലം ആശുപത്രിയില്‍ എത്തിയ അവര്‍ അക്യൂട്ട് പള്‍മണറി എഡിമ എന്ന അസുഖം ബാധിച്ച് അഞ്ചു ദിവസത്തിന് ശേഷം മരിച്ചു. എയര്‍ കണ്ടീഷനിംഗ് ഇല്ലാത്ത വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നത്' അവരെ ചികിത്സിച്ച ഡോക്ടര്‍ ഏഞ്ചല്‍ അബാദ് വ്യക്തമാക്കി. വേനല്‍ക്കാലത്ത് സ്‌പെയിനിലെ ആശുപത്രികളില്‍ ഇത് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂമിയുടെ താപനില ഏകദേശം 1.1 ഡിഗ്രി സെല്‍ഷ്യസ് ആണെങ്കില്‍ യൂറോപ്പിലെ താപനില ആഗോള ശരാശരിയേക്കാള്‍ ഇരട്ടി വേഗത്തിലാണ് ഉയരുന്നത്. വടക്കന്‍ യൂറോപ്പിനേക്കാള്‍ തെക്കന്‍ യൂറോപ്പിലാണ് ഈ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂടും അനുഭവപ്പെടുക.
സ്വിറ്റ്‌സര്‍ലന്‍ഡിലും യൂറോപ്പിലും നടത്തിയ പഠനങ്ങളില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് പ്രായമായ സ്ത്രീകളില്‍. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലൂടെയും പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെയും സൃഷ്ടിക്കപ്പെടുന്ന മലിനീകരണം മരണസംഖ്യ വര്‍ധിപ്പിക്കാന്‍ കാരണമായതായി സ്വിറ്റ്‌സര്‍ലന്‍ഡ് നടത്തിയ ഗവേഷണത്തിലും വ്യക്തമാക്കുന്നുണ്ട്.
ആഗോളതാപനം തടയാന്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിലെ 2,000ലധികം സ്ത്രീകള്‍ കഴിഞ്ഞയിടയ്ക്ക് മനുഷ്യാവകാശ കോടതിയെ സമീപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.