ഫാ. സജി തോമസ് കത്തീഡ്രല്‍ റെക്ടര്‍ ; ഫാ. ഫ്രാന്‍സിസ് ജോസഫ് തിരുഹൃദയ ദേവാലയ വികാരി
മനാമ: ബഹ്റിനിലെ കത്തോലിക്കാ ആത്മീയ നേതൃത്വത്തിലേക്ക് മലയാളി വൈദികരായ ഫാ. സജി തോമസും ഫാ. ഫ്രാന്‍സിസ് ജോസഫും. നോര്‍ത്തേണ്‍ അറേബിയയുടെ അപ്പോസ്തോലിക് വികാരിയായ ബിഷപ് എല്‍ദോ ബെറാര്‍ദി ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ ഫാദര്‍ സജി തോമസ്, ഫാദര്‍ ഫ്രാന്‍സിസ് ജോസഫ് എന്നിവരെ യഥാക്രമം ബഹ്റിന്‍ ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ ദേവാലയത്തിന്റെ പ്രഥമ റെക്ടറായും സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിന്റെ വികാരിയായും നിയമിച്ചു.
2013 മുതല്‍ മനാമയിലെ തിരുഹൃദയ ദേവാലയത്തിലെ മലയാളി സമൂഹത്തിന്റെ ആത്മീയ നേതൃത്വം വഹിച്ചിരുന്ന ഫാദര്‍ സജി തോമസ് കത്തീഡ്രല്‍ ദേവാലയത്തിന്റെ വികാരിയായി തുടരുകയായിരുന്നു. 2018 മുതല്‍ ഫാദര്‍ ഫ്രാന്‍സിസ് ജോസഫ് തിരുഹൃദയദേവാലയത്തിലെ മലയാളി സമൂഹത്തിന്റെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിച്ചു പോരുന്നു. മനാമയിലെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചിന്റെയും ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിന്റെയും തലപ്പത്ത് മലയാളി വൈദികര്‍ എത്തിച്ചേരുന്നത് മലയാളികള്‍ക്ക് ഒന്നാകെ അഭിമാനിക്കാം.
ഗള്‍ഫ് മേഖലയിലെ ആദ്യ കത്തോലിക്കാ ദേവാലയമാണ് ബഹ്റിനിലെ സേക്രഡ് ഹാര്‍ട്ട്. 1939 ഡിസംബര്‍ 24 നു കൂദാശ ചെയ്യപ്പെട്ട ഈ ദേവാലയം മിഡില്‍ ഈസ്റ്റില്‍ കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ കേന്ദ്രമായി മാറുകയായിരുന്നു. വിവിധ ലോക രാജ്യങ്ങളിലെ വിശ്വാസി സമൂഹങ്ങള്‍ സജീവമായി പങ്കെടുക്കുന്ന ഈ ദേവാലയത്തില്‍ മലയാളി കത്തോലിക്കാ സമൂഹം മുഖ്യ പങ്കാളിത്തം വഹിക്കുന്നുണ്ട്.
മനാമയിലെ സേക്രഡ് ഹാര്‍ട്ട് ദേവാലയം നിലനില്‍ക്കെത്തന്നെ അവാലിയിലും ആത്മീയ ശുശ്രൂഷയ്ക്കായി ഒരു ദേവാലയം നിലനിന്നിരുന്നു. നോര്‍ത്തേണ്‍ അറേബിയയുടെ ആസ്ഥാനമായി കത്തീഡ്രല്‍ ദേവാലയം ബഹ്റിനില്‍ പണികഴിപ്പിക്കാന്‍ തീരുമാനമായപ്പോള്‍ സ്ഥലം അനുവദിച്ചു കിട്ടിയത് അവാലിയിലാണ്. ദേവാലയ നിര്‍മ്മിതിക്കായി ലഭിച്ച 97,000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് അറേബിയന്‍ പെനിന്‍സുലയിലെ ഏറ്റവും വലിയ ദേവാലയമാണ് ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍.
2021 ഡിസംബര്‍ ഒന്‍പതിന് കൂദാശ നടത്തുകയും 2022 നവംബര്‍ നാലു മുതല്‍ നടന്ന ത്രിദിന പേപ്പല്‍ സന്ദര്‍ശനത്തോടെ ലോകശ്രദ്ധയും ഏറ്റുവാങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.