പാട്‌ന: എല്‍ജെപി ഘടകങ്ങളുടെ ലയന സാധ്യത മങ്ങിയെങ്കിലും ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) എന്‍ഡിഎയ്‌ക്കൊപ്പം തന്നെ. എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ തിങ്കളാഴ്ച പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി പശുപതി പാരസിന്റെ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടിയുമായി എല്‍ജെപി ലയിക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം നീക്കം പാളുകയായിരുന്നു.
എല്‍ജെപിയുടെ പിളര്‍പ്പിന് ശേഷം ചിരാഗ് ഒഴിച്ചുള്ള പാര്‍ട്ടിയിലെ അഞ്ച് എംപിമാരും പശുപതി പാരസിനൊപ്പമാണ്. പാരസിന്റെ ആര്‍എല്‍ജെപിക്കൊപ്പം എല്‍ജെപിയെക്കൂടി എന്‍ഡിഎയിലേക്ക് കൊണ്ടുവരാനായാല്‍ പസ്വാന്‍ സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കാനാകുമെന്ന് ബിജെപി പ്രതീക്ഷവെക്കുന്നു. എല്‍ജെപി അണികള്‍ക്കിടയിലും പസ്വാന്‍ സമുദായത്തിലും ചിരാഗിനുള്ള സ്വാധീനമാണ് ബിജെപിയെ ഇത്തരമൊരു രാഷ്ട്രീയ നീക്കത്തിലേക്ക് നയിച്ചത്.
ആര്‍എല്‍ജെപിയെയും എല്‍ജെപിയെയും ഒന്നാക്കാനുള്ള ശ്രമങ്ങളായിരുന്നു ആദ്യം നടത്തിയത്. ഇത് പാളിയതോടെ ചിരാഗിന്റെ എല്‍ജെപിയെക്കൂടി എന്‍ഡിഎയുടെ ഭാഗമാക്കാന്‍ നീക്കം തുടങ്ങി. മുന്നണി പ്രവേശനത്തിന്റെ ഭാഗമായി ചിരാഗിന്റെ നിബന്ധനകള്‍ ഏറെക്കുറെ ബിജെപി നേതൃത്വം അംഗീകരിച്ചതായാണ് സൂചന.
2024 ലെ തിരഞ്ഞെടുപ്പിനുള്ള ബിഹാറിലെ ലോക്സഭാ സീറ്റുകളുടെ വിഹിതം സംബന്ധിച്ച് പാസ്വാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. 2019 ല്‍ ചിരാഗിന്റെ പിതാവായ രാം വിലാസ് പാസ്വാന്റെ കീഴിലുള്ള അവിഭക്ത ലോക് ജനശക്തി പാര്‍ട്ടി ആറ് ലോക്സഭാ സീറ്റുകളില്‍ മത്സരിക്കുകയും ബിജെപിയുമായുള്ള സീറ്റ് പങ്കിടല്‍ കരാറിന്റെ ഭാഗമായി രാജ്യസഭാ സീറ്റ് നേടുകയും ചെയ്തിരുന്നു. ഇതേ രീതി താന്‍ മുന്നണിയുടെ ഭാഗമായാലും ഉണ്ടാകണമെന്നാണ് ചിരാഗിന്റെ നിബന്ധന.
പതിറ്റാണ്ടുകളായി രാം വിലാസ് പാസ്വന്‍ മത്സരിച്ചിരുന്ന ഹാജിപൂര്‍ മണ്ഡലം എല്‍ജെപിക്ക് നല്‍കണമെന്ന ആവശ്യവും ചിരാഗ് മുന്നോട്ട് വയ്ക്കുന്നുണ്ട്. നിലവില്‍ ആര്‍എല്‍ജെപിയുടെ പക്കലാണ് മണ്ഡലം. ഇത് വിട്ടുകിട്ടണമെന്നാണ് ചിരാഗിന്റെ ആവശ്യം. സഖ്യം രൂപീകരിക്കുന്നതിന് മുമ്പ് ബിഹാറിലെ ലോക്‌സഭാ, നിയമസഭാ സീറ്റുകളുടെ വിഹിതം സംബന്ധിച്ച് വ്യക്ത വരുത്തണമെന്നും നേരത്തെ നടന്ന ചര്‍ച്ചകളില്‍ ചിരാഗ് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
എല്‍ജെപി കക്ഷികള്‍ പരസ്പരം ഏറ്റുമുട്ടിയാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കത് വലിയ നഷ്ടമുണ്ടാക്കും. രണ്ടു പേരും വിട്ടുവീഴ്ചയ്ക്കു തയാറല്ലാത്തതിനാല്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഫോര്‍മുലയാകും ബിജെപി മുന്നോട്ട് വയ്ക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.