ബോസ്റ്റണ്‍: ന്യൂയോര്‍ക്കില്‍ നിന്ന് പറന്നുയര്‍ന്ന ചെറു വിമാനത്തിന്റെ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് 68 വയസുകാരിയായ യാത്രക്കാരി വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്തു. തുടര്‍ന്ന് അടിയന്തരമായി ഇടിച്ചിറക്കുകയും ചെയ്തു. അമേരിക്കയിലെ മാസച്യുസെറ്റ്‌സില്‍ ശനിയാഴ്ചയാണ് സംഭവം.
ന്യൂയോര്‍ക്കിലെ വെസ്റ്റ്ചെസ്റ്റെര്‍ കൗണ്ടിയില്‍നിന്നാണ് വിമാനം പുറപ്പെട്ടത്. കണക്ടികട് സ്വദേശികളായ യാത്രക്കാരിയും പൈലറ്റും മാത്രമേ അതിലുണ്ടായിരുന്നുള്ളൂ. 79-കാരനായ പൈലറ്റ് ബോധരഹിതനായി വീണപ്പോള്‍ വിമാനത്തിലെ യാത്രക്കാരി നിയന്ത്രണമേറ്റെടുത്തു.
മസാച്യുസെറ്റ്സിലെ വെസ്റ്റ് ടിസ്ബറിയില്‍ മാര്‍ത്താസ് വൈന്‍യാഡ് വിമാനത്താവളത്തിലെ റണ്‍വേയ്ക്കു പുറത്താണ് വിമാനം ഇടിച്ചിറക്കിയത്. വിമാനത്തിന്റെ ഇടത് ചിറക് ഭാഗികമായി തകര്‍ന്നു. ഇടിച്ചിറക്കിയ വിമാനത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു.
അധികൃതര്‍ ഇതുവരെ യാത്രക്കാരിയുടെയോ പൈലറ്റിന്റെയോ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് ശേഷം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈലറ്റിന്റെ നില ഗുരുതരമാണെന്നും യാത്രക്കാരി ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെന്നും പോലീസ് അറിയിച്ചു.
സംഭവത്തില്‍ സ്റ്റേറ്റ് പൊലീസ്, നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ എന്നിവര്‍ അന്വേഷണമാരംഭിച്ചു.
1999 ജൂലായ് 16-ന് മാര്‍ത്താസ് വൈന്‍യാര്‍ഡിലുണ്ടായ വിമാനാപകടത്തിലാണ് യു.എസ്. മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ മകന്‍ ജോണ്‍ എഫ്. കെന്നഡി ജൂനിയറും കുടുംബവും മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.