മരിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന വിശ്വാസം; മകനെ പഠിപ്പിക്കാന്‍ അമ്മ ബസിന് മുന്നില്‍ ചാടി ജീവന്‍ ത്യജിച്ചു

മരിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന വിശ്വാസം; മകനെ പഠിപ്പിക്കാന്‍ അമ്മ ബസിന് മുന്നില്‍ ചാടി ജീവന്‍ ത്യജിച്ചു

ചെന്നൈ: ഒരമ്മയുടെ ദാരുണ മരണവും അതിന്റെ കാരണവുമാണ് തമിഴ്നാടിനെ ഇപ്പോള്‍ പിടിച്ചുലച്ചത്. മരിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ പറഞ്ഞു വിശ്വസിപ്പിച്ചതിന് പിന്നാലെ ബസിന് മുന്നില്‍ ചാടി ആ അമ്മ ജീവനൊടുക്കി. മക്കളെ പഠിപ്പിക്കാന്‍ വേറെ മാര്‍ഗമില്ലാതിരുന്നതോടെയാണ് അവര്‍ ആ കടുംകൈ ചെയ്തത്.

ജൂണ്‍ 28 ന് സേലത്തെ അഗ്രഹാരം സ്ട്രീറ്റിലൂടെ നടന്നുവരികെയായിരുന്ന സ്ത്രീ പൊടുന്നനെ ബസിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. കാരണം വ്യക്തമായിരുന്നില്ല. മരണം നടന്ന് ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് കാരണം കണ്ടെത്തുന്നത്. 46 കാരിയായ പാപ്പാത്തി മകന്റെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനായിരുന്നു ആത്മഹത്യ ചെയ്തത്. താന്‍ ജീവത്യാഗം നടത്തിയാല്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന ചിന്തയിലായിരുന്നു ഇത്.

കോളജ് വിദ്യാര്‍ത്ഥിയായ മകനും മകളും അമ്മയും അടങ്ങുന്നതായിരുന്നു പാപ്പാത്തിയുടെ കുടുംബം. സി.സി.ടി പരിശോധിച്ച പൊലീസ് നടന്നുവരികയായിരുന്ന വീട്ടമ്മ പൊടുന്നനെ ബസിന് മുന്നിലേക്ക് ചാടുന്നത് കണ്ടെത്തി. അന്വേഷണത്തില്‍ ഈ ദിവസം സമാന രീതിയില്‍ ഇവര്‍ ബസിന് മുന്നില്‍ ചാടിയെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും അറിഞ്ഞു.



മകന് 45,000 രൂപയാണ് കോളജ് ഫീസ് അടയ്ക്കാനുണ്ടായിരുന്നത്. 10,000 രൂപയായിരുന്നു പാപ്പാത്തിയുടെ മാസ ശമ്പളം. 18 വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിട്ട്. മകള്‍ അവസാന വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയാണ്. ആര്‍കിടെക്ചര്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ് മകന്‍. ലോണെടുത്തും കടം വാങ്ങിയുമാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. മകളുടെ വിവാഹ കാര്യത്തിലും അവര്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ചാല്‍ ബസ് കമ്പനിയോ സര്‍ക്കാരോ നഷ്ടപരിഹാരം നല്‍കുമെന്ന് ആരോ പറഞ്ഞത് അനുസരിച്ചായിരുന്നു ആ അമ്മയുടെ ജീവത്യാഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.