മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധങ്ങള്‍ അവഗണിച്ച് മയക്കുമരുന്ന് കേസില്‍ സ്ത്രീയെ തൂക്കിലേറ്റി സിംഗപ്പൂര്‍

മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധങ്ങള്‍ അവഗണിച്ച് മയക്കുമരുന്ന് കേസില്‍ സ്ത്രീയെ തൂക്കിലേറ്റി സിംഗപ്പൂര്‍

ക്വാലാലംപൂര്‍: മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പുകള്‍ അവഗണിച്ച്, 20 വര്‍ഷത്തിനിടെ ആദ്യമായി ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കി സിംഗപ്പൂര്‍. മയക്കുമരുന്ന് കേസുകളില്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണ് 45കാരിയായ സരിദേവി ജമാനിയുടെ വധശിക്ഷ വെള്ളിയാഴ്ച നടപ്പാക്കിയത്. മയക്കുമരുന്ന് കേസില്‍ ഈ ആഴ്ച തൂക്കിലേറ്റുന്ന രണ്ടാമത്തെയാളാണ് സരിദേവി. അടുത്ത മാസം മൂന്നിനും മറ്റൊരു പ്രതിയുടെ വധശിക്ഷ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

500 ഗ്രാമില്‍ കൂടുതല്‍ കഞ്ചാവും 15 ഗ്രാമിലധികം ഹെറോയിനും കൈവശം വയ്ക്കുകയോ കടത്തുകയോ ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് സിംഗപ്പൂരിലെ നിയമം വ്യവസ്ഥ ചെയ്യുന്നത്. സമൂഹത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കര്‍ശനമായ നിയമം അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 2022 മാര്‍ച്ചിന് ശേഷം, മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ 15 പേരുടെ വധശിക്ഷയാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ നടപ്പാക്കിയത്. ഒരു മാസത്തില്‍ ശരാശരി ഒരാള്‍ എന്ന നിലയ്ക്കാണ് ശിക്ഷ നടപ്പാക്കുന്നത്.

വധശിക്ഷ നിര്‍ത്തലാക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനും കച്ചവടത്തിനും പ്രതിരോധമെന്ന നിലയില്‍ ഈ ശിക്ഷാവിധി ഫലപ്രദമല്ലെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് ശതകോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ അടക്കം സരിദേവി ജമാനിയുടെ വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു മുമ്പ് 2004 ലാണ് സിംഗപ്പൂരില്‍ ഒരു സ്ത്രീയെ മരണശിക്ഷയ്ക്ക് വിധേയമാക്കുന്നത്.

30 ഗ്രാം ഹെറോയിന്‍ സൂക്ഷിച്ചതിനാണ് സരിദേവിയെ തൂക്കിലേറ്റിയത്. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് തൂക്കിലേറ്റിയ മുഹമ്മദ് അസീസ് ഹുസൈന്റെ പേരിലുള്ള കുറ്റം 50ഗ്രാം ഹെറോയിന്‍ കടത്തിയെന്നതായിരുന്നു. ചൈന, ഇറാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ മയക്കുമരുന്ന് കേസില്‍ വധശിക്ഷ നടപ്പാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.