ഗുരുഗ്രാമില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; നാലിടത്ത് നിരോധനാജ്ഞ, ഇന്റര്‍നെറ്റിനും നിയന്ത്രണം

ഗുരുഗ്രാമില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; നാലിടത്ത് നിരോധനാജ്ഞ, ഇന്റര്‍നെറ്റിനും നിയന്ത്രണം

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പൊലീസുകാര്‍ക്കും പരുക്കേറ്റു. സംഭവത്തെതുടര്‍ന്ന് നുഹ്, ഗുരുഗ്രാം, പല്‍വാല്‍, ഫരിദാബാദ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മേഖലയില്‍ ബുധനാഴ്ച വരെ ഇന്റര്‍നെറ്റിനും നിയന്ത്രണമേര്‍പ്പെടുത്തി.

അതേസമയം റാലിയില്‍ പങ്കെടുക്കാനെത്തി സമീപത്തെ ക്ഷേത്രത്തില്‍ അഭയം തേടിയ 2,500 ഓളം പേരെ പൊലീസ് രക്ഷപ്പെടുത്തി. ഇവരെ സ്ഥലത്തുനിന്ന് മാറ്റി. ചൊവ്വാഴ്ച 11 ന് നൂഹില്‍ ഇരു സമുദായങ്ങളുടെയും പ്രതിനിധികള്‍ യോഗം ചേരും. സംഘര്‍ഷ സാഹചര്യത്തില്‍ ഫരീദാബാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രദേശത്ത് കൂടുതല്‍ സേനാ വിന്യാസവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെയാണ് അക്രമം ആരംഭിച്ചത്. ഗുരുഗ്രാം അല്‍വാര്‍ ദേശീയ പാതയില്‍ വച്ച് ഒരുസംഘം റാലി തടസപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതാണു സംഘര്‍ഷത്തിന്റെ തുടക്കം. നിരവധി കാറുകള്‍ അക്രമികള്‍ കത്തിച്ചു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും അന്തരീക്ഷത്തിലേക്കു വെടിയുതിര്‍ക്കുകയും ചെയ്തു.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ മോനു മനേസറും കൂട്ടാളികളും വീഡിയോ പ്രചരിപ്പിച്ചതായും റാലി നടക്കുന്നതിനിടെ മേവാദില്‍ താനുണ്ടാകുമെന്നു പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തായി ചില വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.