മണിപ്പൂരില്‍ ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്ന് സുപ്രീം കോടതി; ഇരകളുടെ മൊഴിയെടുക്കുന്നത് വിലക്കി

 മണിപ്പൂരില്‍ ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്ന് സുപ്രീം കോടതി; ഇരകളുടെ മൊഴിയെടുക്കുന്നത് വിലക്കി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്ന് സുപ്രീം കോടതി. ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാകുമെന്നും കോടതി ചോദിച്ചു. മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു. മണിപ്പൂരില്‍ നിന്ന് 6,523 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

മണിപ്പൂര്‍ വീഡിയോ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ കാലതാമസമുണ്ടായെന്ന് വ്യക്തമായതായി സുപ്രീം കോടതി വിമര്‍ശിച്ചു. അതേസമയം മണിപ്പൂരില്‍ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളുടെ മൊഴിയെടുക്കരുതെന്ന് സിബിഐയോട് കോടതി ആവശ്യപ്പെട്ടു. കേസിലെ അതിജീവിതമാരുടെ മൊഴി എടുക്കാന്‍ ഒരു പാനല്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് കോടതി ആലോചിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത എഫ്ഐആറുകളെക്കുറിച്ചും ഇരകളുടെ പുനരധിവാസത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദാംശങ്ങള്‍ അറിയിക്കാന്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരിനോടും ബെഞ്ച് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമത്തിന് ബംഗാള്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ സമീപകാലത്ത് നടന്നവയുമായി താരതമ്യപ്പെടുത്തരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.