അമേരിക്കയില്‍ കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കൂടുതല്‍ ഫ്‌ളോറിഡയില്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ആരോഗ്യ വകുപ്പ്

അമേരിക്കയില്‍ കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കൂടുതല്‍ ഫ്‌ളോറിഡയില്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ആരോഗ്യ വകുപ്പ്

ഫ്ളോറിഡ: അമേരിക്കയിലെ സെന്‍ട്രല്‍ ഫ്ളോറിഡയില്‍ കുഷ്ഠരോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച്, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുഷ്ഠരോഗ കേസുകളില്‍ 81 ശതമാനവും സെന്‍ട്രല്‍ ഫ്ളോറിഡയിലാണ്. അതായത് രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ അഞ്ചിലൊന്നും ഫ്ളോറിഡയിലാണ്. ഇതുകൂടാതെ കാലിഫോര്‍ണിയ, ലൂസിയാന, ഹവായ്, ന്യൂയോര്‍ക്ക്, ടെക്‌സസ് എന്നിവിടങ്ങളിലും കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുഷ്ഠരോഗം ഹാന്‍സെന്‍സ് രോഗം എന്നും അറിയപ്പെടുന്നു. ചരിത്രപരമായി അമേരിക്കയില്‍ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അസാധാരണമാണ്. കുഷ്ഠരോഗം കൂടുതലായി കാണപ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരില്‍ നിന്നാണ് ഇപ്പോള്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2000 മുതലാണ് കുഷ്ഠരോഗ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദശകത്തില്‍ അത് ഇരട്ടിയിലധികമായി.

മൈക്കോബാക്ടീരിയം ലെപ്രെ എന്ന രോഗാണുവാണു കാരണം. വായുവിലൂടെ പകരുന്നതാണിത്. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ തെറിക്കുന്ന ഉമിനീര്, മൂക്കിലെ സ്രവം എന്നിവയിലൂടെ രോഗാണുക്കള്‍ വ്യാപിക്കും. ഇത് പ്രാഥമികമായി രോഗിയുടെ ചര്‍മ്മത്തെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്നു. ചികിത്സ ലഭിക്കാത്ത ഒരു രോഗിയുമായി ദീര്‍ഘനേരം അടുത്തിടപഴകുന്നതിലൂടെയാണ് ഇത് പടരുന്നത്.

കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങളില്‍ നിറം മാറിയ ചര്‍മ്മത്തിലെ പാടുകള്‍, കട്ടിയുള്ളതും വരണ്ടതുമായ ചര്‍മ്മം, ചര്‍മ്മത്തിന്റെ വളര്‍ച്ച, പുരികങ്ങളുടെയും കണ്‍പീലികളുടെയും നഷ്ടം, പേശികളുടെ ബലഹീനത, മരവിപ്പ് എന്നിവ ഉള്‍പ്പെടുന്നു. രോഗം ചികിത്സിച്ചില്ലെങ്കില്‍ അന്ധത, രോഗിയുടെ പാദങ്ങളുടെ അടിഭാഗത്ത് അള്‍സര്‍, പക്ഷാഘാതം, കൈകാലുകളുടെ വൈകല്യം എന്നിവയിലേക്ക് നയിച്ചേക്കാം.

കുഷ്ഠരോഗം വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്കാണു പടരുന്നതെങ്കിലും, ചില സാഹചര്യങ്ങളില്‍ രോഗം മൃഗങ്ങളുമായുള്ള (ഈനാംപേച്ചി) സമ്പര്‍ക്കത്തിലൂടെയും പകരാം.

കുഷ്ഠരോഗം എല്ലാ പ്രായക്കാരെയും ബാധിക്കാം, എന്നാല്‍ അഞ്ചു മുതല്‍ 15 വയസു വരെയുള്ളവരിലും 30 വയസിനു മുകളിലുള്ളവരിലുമാണ് ഇത് ഏറ്റവും സാധാരണമായി കാണപ്പെടുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 120-ലധികം രാജ്യങ്ങളിലായി ഓരോ വര്‍ഷവും 200,000-ത്തിലധികം കുഷ്ഠരോഗ കേസുകള്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസില്‍ പ്രതിവര്‍ഷം 150 ഓളം പേര്‍ക്ക് രോഗം ബാധിക്കുന്നുവെന്നാണ് സിഡിസി പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.