ഇന്ന് ഹിരോഷിമ ദിനം; 1945ലെ ആ കറുത്ത ദിനങ്ങളുടെ ഓര്‍മ്മയില്‍ ലോകം

ഇന്ന് ഹിരോഷിമ ദിനം; 1945ലെ ആ കറുത്ത ദിനങ്ങളുടെ ഓര്‍മ്മയില്‍ ലോകം

ഹിരോഷിമ: ലോക മനസാക്ഷിയെ ഞെട്ടിച്ച 1945 ഓഗസ്റ്റ് ആറിലെ ആ കറുത്ത ദിനത്തിന്റെ ഓർമ്മക്ക് ഇന്ന് 78 വർഷം. ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിൽ ലോകത്തെ ആദ്യ അണു ബോംബ് അമേരിക്ക വർഷിച്ചത് അന്നായിരുന്നു. ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോക മഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധമായിരുന്നത്.

30 രാജ്യങ്ങളിലെ 100 മില്യൺ ജനങ്ങൾ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തിൽ അതിലെ പ്രധാന രാജ്യങ്ങൾ അവരുടെ സാമ്പത്തിക, വ്യവസായിക, ശാസ്ത്രീയ കഴിവുകൾ മുഴുവൻ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണ ജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നു കയറ്റമായിരുന്നത്.

1945 ആഗസ്റ്റ് ആറാം തീയതി രാവിലെ 8.15-ന് ഹിരോഷിമയിൽ ആദ്യമായി ‘ലിറ്റില്‍ ബോയ്’ എന്ന അണു ബോംബ് പതിച്ചു. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടിഎൻടിയുടെ പ്രഹര ശേഷിയുണ്ടായിരുന്നു. 40,000 അടി ഉയരത്തില്‍ വരെ ആ പുക ചുരുളുകള്‍ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടി പടലങ്ങള്‍ ചുഴറ്റിയടിച്ചു. ആകാശത്തോളം ഉയര്‍ന്നു പൊങ്ങിയ ആ തീജ്വാലകള്‍ ഹിരോഷിമാ നഗരത്തെ ചുട്ട് ചാമ്പലാക്കി.

ഒന്നരലക്ഷത്തോളം പേര്‍ നിമിഷ നേരം കൊണ്ട് മരണപ്പെട്ടു. ഉരുകി വീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനു വേണ്ടി മുപ്പത്തേഴായിരത്തോളം പേര്‍ അവിടെ മരിക്കാതെ മരിച്ചു. അന്നു മരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍ തലമുറക്കാരുമായ നാലു ലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടി പെട്ട് പിന്നീട് പിടഞ്ഞു മരിച്ചു. യുദ്ധം മനുഷ്യനെയും മനുഷ്യ രാശിയെയും കാലങ്ങളോളം വേട്ടയാടുന്നതിന്‍റെ എക്കാലത്തെയും വലിയ ഉദാഹരണം കൂടിയാണ് ഹിരോഷിമ. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.