അയല്‍ സംസ്ഥാനത്ത് നിന്നും ഈ മാതൃക കണ്ടുപഠിക്കാം; 'ഫ്രീഡം ഫില്ലിംഗ് സ്റ്റേഷന്‍' സംരംഭവുമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന സ്ത്രീകള്‍

അയല്‍ സംസ്ഥാനത്ത് നിന്നും ഈ മാതൃക കണ്ടുപഠിക്കാം; 'ഫ്രീഡം ഫില്ലിംഗ് സ്റ്റേഷന്‍' സംരംഭവുമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന സ്ത്രീകള്‍

ചെന്നൈ: നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് എന്നും വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെ ജീവിത സാഹചര്യങ്ങളെ മെച്ചപ്പെടുത്തുന്നതില്‍ മുന്‍ പന്തിയിലാണ്. ചെറുകിട കുടില്‍ വ്യവസായം മുതല്‍ ഏത് ജോലിയും ചെയ്യാന്‍ തയ്യാറാവുന്ന ഒരു ജനസമൂഹം; അതാണ് അവരുടെ വിജയവും. തമിഴ്‌നാട്ടില്‍ നിന്നും ഇന്നും പറയാനുള്ളത് അത്തരത്തില്‍ തന്നെ വ്യത്യസ്തമായ വിജയഗാഥയാണ്.

കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാരിന്റെയും ജയില്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സ്ത്രീകള്‍ക്കായി രാജ്യത്തെ ആദ്യത്തെ റീട്ടെയില്‍ ഇന്ധന ഔട്ട്ലെറ്റിന് തുടക്കം കുറിച്ചു. ഫ്രീഡം ഫില്ലിംഗ് സ്റ്റേഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഇന്ധന ഔട്ട്ലെറ്റ് ചെന്നൈയിലെ അമ്പത്തൂര്‍ റോഡില്‍ പുഴല്‍, സ്ത്രീകള്‍ക്കുള്ള പ്രത്യേക ജയിലിന് സമീപമാണുള്ളത്.

കുറ്റവാളികളെ പരിഷ്‌കരിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ഇത്തരത്തില്‍ ഒരു സംരംഭം തുടങ്ങുന്നതിലൂടെ ഏറെ സഹായകരമാകുമെന്നാണ് തമിഴ്‌നാട് ജയില്‍ വകുപ്പ് നോക്കി കാണുന്നത്. വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങിയ തടവുകാരുടെ നവീകരണത്തിനും പുനരധിവാസത്തിനുമായി വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 'പ്രിസണ്‍ ബസാര്‍' സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കൂടാതെ എല്ലാ ജയിലുകളിലും തടവുകാര്‍ നിര്‍മ്മിച്ച ലെതര്‍ ഷൂസ്, ലെതര്‍ ബെല്‍റ്റ്, റെയിന്‍ കോട്ട്, പുരുഷ/പെണ്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, നോട്ട് പുസ്തകങ്ങള്‍, നഴ്‌സറി ഉല്‍പന്നങ്ങള്‍, കമ്പോസ്റ്റ് വളം, പച്ചക്കറികള്‍, കോള്‍ഡ് പ്രസ് ഓയില്‍, ബേക്കറി ഇനങ്ങള്‍, പെയിന്റിംഗുകള്‍ മുതലായവ 'ഫ്രീഡം' എന്ന ബ്രാന്‍ഡ് നാമത്തില്‍ പ്രിസണ്‍ ബസാര്‍ വഴി വില്‍ക്കുന്നു. ഈ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിദിന വേതനവും ലാഭത്തിന്റെ വിഹിതവും തടവുകാര്‍ നേടുന്നുണ്ട്.

ഇന്ത്യയില്‍ ആദ്യമായി ഒരു പെട്രോള്‍ റീട്ടെയില്‍ ഔട്ട്ലെറ്റ് പൂര്‍ണമായി കൈകാര്യം ചെയ്യുന്നത് ശിക്ഷിക്കപ്പെട്ട വനിതാ തടവുകാരാണെന്ന പ്രത്യേകതയോടെയാണ് ഈ സംരംഭം പ്രവര്‍ത്തനം ആരംഭിക്കുന്നത്. 30 ഓളം വനിതാ തടവുകാര്‍ ഈ പെട്രോള്‍ റീട്ടെയില്‍ ഔട്ട്ലെറ്റില്‍ ജോലി ചെയ്യുന്നുണ്ട്. പ്രതിമാസം 6,000 രൂപ വീതമാണ് വേതനം.

അമ്പത്തൂര്‍ റോഡിലെ സെന്‍ട്രല്‍ ജയില്‍ (സിപി) പുഴല്‍, സിപിയിലെ സെന്‍ട്രല്‍ ജയിലുകളുടെ പുറം വളപ്പില്‍ ആറ് പെട്രോളിയം റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ മെയ് മാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.

പുതിയ സംരംഭം വനിതാ തടവുകാര്‍ക്ക് പുതിയ കഴിവുകള്‍ പഠിക്കാനും തൊഴില്‍ പരിചയം നേടാനും അവസരമൊരുക്കുമെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് അമരേഷ് പൂജാരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.