തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളിലോ ഭര്‍ത്താവും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലോ സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഒന്നുകില്‍ പണം വാങ്ങിയില്ലെന്ന് പറയണം. അല്ലെങ്കില്‍ സത്യവാങ്മൂലം തെറ്റാണെന്ന് പറയണം. നടപടികള്‍ സുതാര്യമെന്ന് പറയുന്നവര്‍ക്ക് ഇക്കാര്യം വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'2016 -17ല്‍ 8,25,708, 2017-18ല്‍ 10,42,864, 2018-19ല്‍ 22 ലക്ഷം, 2019-20ല്‍ 30,72,841 രൂപ എന്നിങ്ങനെയാണ് വീണാ വിജയന്‍ വരുമാനമായി ആദായ നികുതി റിട്ടേണില്‍ കാണിച്ചത്. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെങ്കില്‍ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞില്ലെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് ബിസിനസ് ചെയ്യാന്‍ പാടില്ല എന്ന നിലപാട് സ്വീകരിക്കുന്നില്ല. പക്ഷെ ബിസിനസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണം.
ഇടപാടുകളില്‍ ദുരൂഹത വന്ന സ്ഥിതിക്ക് ബിസിനസ് പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ പേര് പുറത്തുവിടാന്‍ വീണ തയാറാകണം. ജനങ്ങള്‍ക്ക് വിവരങ്ങളറിയാന്‍ ആഗ്രഹമുണ്ട്. നിയമസഭയില്‍ മൈക്ക് ഓഫ് ചെയ്തതുകൊണ്ടോ ഭീഷണിപ്പെടുത്തിയതുകൊണ്ടോ പിന്‍തിരിപ്പിക്കാന്‍ കഴിയില്ലെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
ഭയം കാരണമാണ് വീണാ വിജയന്റെ വിഷയം സഭയില്‍ പ്രതിപക്ഷം ഉന്നയിക്കാത്തതെന്ന സിപിഎം നേതാവ് എ.കെ ബാലന്റെ പ്രസ്താവന സിപിഎമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മാനസിക അവസ്ഥയാണ് കാണിക്കുന്നത്. സിപിഎം മുമ്പ് ഭയപ്പെട്ടിരുന്നത് ജനങ്ങളെയാണ്. ഇപ്പോള്‍ ഭയപ്പെടുന്നത് പിണറായിയെയും. പിബി മുതല്‍ താഴോട്ട് എല്ലാവര്‍ക്കും പിണറായിയെ ഭയമാണ്. സിപിഎമ്മിനും സിപിഎം നേതാക്കള്‍ക്കുമാണ് പിണറായിയെ ഭയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിന്റെ അപചയമാണ് ഇത് കാണിക്കുന്നത്. മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത് മുഖത്ത് നോക്കി ചോദിക്കും. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയെ ഭയമില്ല. സിഎംആര്‍എല്‍ വിഷയത്തില്‍ സിപിഎം സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിലെ കൂടുതല്‍ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മകള്‍ക്കുവേണ്ടിയാണെന്നും മുഖ്യമന്ത്രിക്കായി രണ്ടുവരി മാത്രമാണുള്ളതെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.