19 വര്‍ഷത്തിലേറെയായി 400-ലധികം ക്രിസ്ത്യാനികള്‍ തടവില്‍; ക്രൈസ്തവരുടെ വിലാപ ഭൂമിയായി ആഫ്രിക്കയിലെ എറിത്രിയ

19 വര്‍ഷത്തിലേറെയായി 400-ലധികം ക്രിസ്ത്യാനികള്‍ തടവില്‍; ക്രൈസ്തവരുടെ വിലാപ ഭൂമിയായി ആഫ്രിക്കയിലെ എറിത്രിയ

തടവിലാക്കപ്പെട്ട വചന പ്രഘോഷകര്‍

അസ്മാര: ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ രണ്ടു വചന പ്രഘോഷകര്‍ ഉള്‍പ്പെടെ നാനൂറിലധികം ക്രിസ്ത്യാനികള്‍ 19 വര്‍ഷത്തിലേറെയായി തടവില്‍. സുവിശേഷം പ്രഘോഷിച്ചതിന്റെ പേരിലാണ് ഇവര്‍ പുറംലോകം കാണാതെ, കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ട് തടവില്‍ കഴിയുന്നത്. വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്‌സ് റേഡിയോയുടെ ഈ ആഴ്ചത്തെ എപ്പിസോഡില്‍ അവതാരകനായ ടോഡ് നെറ്റില്‍ട്ടനാണ് ഈ രണ്ടു വചനപ്രഘോഷകര്‍ നേരിടുന്ന ദുരിതങ്ങള്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്.

എറിത്രിയയിലെ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് കൂട്ടായ്മയിലെ അംഗങ്ങളാണ് തടവിലാക്കപ്പെട്ടവര്‍. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് എറിത്രിയയിലെ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

2002-ല്‍ എറിത്രിയന്‍ സര്‍ക്കാര്‍ ഇവാഞ്ചലിക്കല്‍ കൂട്ടായ്മകളുടെ ഭൂരിഭാഗം നേതാക്കളെയും വിളിച്ച് കൂട്ടായ്മകള്‍ അടച്ചുപൂട്ടി എന്നറിയിക്കുകയായിരുന്നുവെന്ന് ടോഡ് വിവരിച്ചു. തുടര്‍ന്ന് നിരവധി കൂട്ടായ്മകള്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സര്‍ക്കാര്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ ക്രിസ്ത്യാനികളെ വേട്ടയാടി അറസ്റ്റ് ചെയ്തു. കുറ്റപത്രം പോലും സമര്‍പ്പിക്കാതെയാണ് ക്രിസ്ത്യാനികളെ അനിശ്ചിത കാലത്തേക്ക് തടവില്‍ പാര്‍പ്പിക്കുന്നതെന്നും ടോഡ് നെറ്റില്‍ട്ടണ്‍ പറഞ്ഞു.

എറിത്രിയ ആഫ്രിക്കയിലെ ഉത്തരകൊറിയയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മൂന്ന് ക്രിസ്ത്യന്‍ സഭകള്‍ക്കാണ് എറിത്രിയയില്‍ പ്രവര്‍ത്തനാനുമതി ഉള്ളത്. കത്തോലിക്കാ, ഇവാഞ്ചലിക്കല്‍, ലൂഥറന്‍ ഓര്‍ത്തഡോക്‌സ് സഭാ വിഭാഗങ്ങളുടേതല്ലാത്ത മുഴുവന്‍ ദേവാലയങ്ങളും 2002-ല്‍ എറിത്രിയന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയിരുന്നു. ഏതാണ്ട് ആയിരത്തിലധികം ക്രൈസ്തവര്‍ യാതൊരു കാരണവും കൂടാതെ എറിത്രിയന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ ഡോഴ്‌സ് പറയുന്നത്. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ച് 'ഓപ്പണ്‍ഡോഴ്‌സ്' പുറത്തുവിട്ട ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നാലാമതാണ് എറിത്രിയയുടെ സ്ഥാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.