കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആദ്യ പ്രസവം നടന്നു. ബല്ല കടപ്പുറം സ്വദേശിനിയായ യുവതിയാണ് പ്രസവത്തിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും 2.54 കിലോഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞും സുഖമായിരിക്കുന്നു.
കാസര്‍ഗോഡിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയില്‍ രണ്ട് ന്യൂറോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കുകയും പരിശോധനാ സംവിധാനം ഒരുക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു.
കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കായി 12 പുതിയ തസ്തികകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ സൃഷ്ടിച്ചെന്നും അധിക തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ 9.41 കോടിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രിയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററും കേന്ദ്രീകൃത മെഡിക്കല്‍ ഗ്യാസ് സിസ്റ്റവും സജ്ജമാക്കി.
മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ മൂന്ന് ഓപ്പറേഷന്‍ തിയേറ്ററുകള്‍, കേന്ദ്രീകൃത മെഡിക്കല്‍ ഗ്യാസ് സിസ്റ്റം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാഷ്വാലിറ്റി, എസ്.എന്‍.സി.യു, ഐ.സി.യു, 90 കിടക്കകളോട് കൂടിയ ഐപി സൗകര്യം, ഒ.പി. വിഭാഗം, ഫാര്‍മസി, ലാബ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.