ബീജിങ്: മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയില്‍ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ മാറ്റിയെഴുതാനുള്ള നീക്കത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം. 10 വര്‍ഷം കൊണ്ട് ബൈബിളും മറ്റ് മതഗ്രന്ഥങ്ങളും തങ്ങള്‍ക്കനുകൂലമായി മാറ്റിയെഴുതാനുള്ള പദ്ധതിയാണ് ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം ആരംഭിച്ചത്. സംഭവം വലിയ വിവാദമായെങ്കിലും ഭരണകൂടത്തിന്റെ കിരാത നടപടികള്‍ ഭയന്ന് ഒന്നും മിണ്ടാനാകാത്ത അവസ്ഥയിലാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണക്കുന്ന ഒരു പുനരെഴുത്തായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
'ദ വാഷിങ്ടണ്‍ ടൈംസ്' അടുത്തിടെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചൈനയിലെ ഈ അടിച്ചമര്‍ത്തലില്‍ ആശങ്കകള്‍ പങ്കുവച്ചുകൊണ്ട് വാര്‍ത്തകള്‍ വരുന്നുണ്ട്.
വിസ്‌കോണ്‍സിനിലെ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗവും ഹൗസ് സെലക്ട് കമ്മിറ്റി അധ്യക്ഷനുമായ മൈക്ക് ഗല്ലഗെറാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ചൈനീസ് ഗവണ്‍മെന്റ് ബൈബിളിന്റെ ഭാഗങ്ങള്‍ മാറ്റിയെഴുതുകയും അത് വസ്തുതയായി പഠിപ്പിക്കുകയും ചെയ്ത രണ്ട് ഉദാഹരണങ്ങള്‍ ഗല്ലഗെര്‍ ചൂണ്ടിക്കാട്ടി.
ഒരു ഉദാഹരണം ഇങ്ങനെയാണ് - ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 2021 സെപ്റ്റംബറില്‍ പുറത്തിറക്കിയ പാഠപുസ്തകത്തില്‍, യോഹന്നാന്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിലെ, വ്യഭിചാരത്തിന് പിടിക്കപ്പെട്ട സ്ത്രീയോട് യേശു കാണിക്കുന്ന അനുകമ്പയുടെ ഭാഗം മാറ്റിയെഴുതിയിരിക്കുന്നു. 'നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം ഇവളെ കല്ലെറിയട്ടെ' എന്നാണ് ബൈബിളില്‍ ഫരിസേയരോടും നിയമജ്ഞരോടും യേശു പറയുന്നത്.
പാപം ചെയ്ത സ്ത്രീക്ക് മാപ്പു നല്‍കി വീണ്ടെടുക്കുകയും അനുരഞ്ജനപ്പെടുത്തി നവീകരിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ കാരുണ്യത്തെ വെളിപ്പെടുത്ത ഭാഗമാണിത്.
ഈ സുവിശേഷ ഭാഗം ഭരണകൂടത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന ഒരു വിമതന്റെ കഥയായിട്ടാണ് ചൈന വിലയിരുത്തുന്നതെന്ന് ഗല്ലാഗെര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ പുനരെഴുത്തില്‍ കാരുണ്യത്തോടെയല്ല, ആള്‍ക്കൂട്ടത്തിന്റെ ആഗ്രഹത്തിനൊപ്പം യേശു തന്നെ ആ സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നതായാണ് കാണിക്കുന്നത്. ഇവിടെ പാപിയായി യേശു സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.
ഇതുപോലെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിലെ ലിഖിതങ്ങള്‍ക്കും സുവിശേഷ സത്യങ്ങള്‍ക്കും കടകവിരുദ്ധമാണ് കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെയുള്ള ബൈബിള്‍ പുനരെഴുത്തെന്നു 'ദി വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്‌സ്' (വി.ഒ.എം) എന്ന മതപീഡന നിരീക്ഷക സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രണ്ടാമത്തെ ഉദാഹരണത്തില്‍, ഹെനാന്‍ പ്രവിശ്യയിലെ പള്ളികളില്‍ പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു പകരം പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ഉദ്ധരണികള്‍ നല്‍കാന്‍ നിര്‍ബന്ധിക്കുന്നതായി ഗല്ലഗെര്‍ പറഞ്ഞു. 'ഞാന്‍ അല്ലാതെ നിനക്ക് വേറെ ദൈവങ്ങള്‍ ഉണ്ടാകരുത്' എന്നതുപോലുള്ള കല്‍പനകളെ ഷി ജിന്‍പിങ്ങിന് അനുകൂലമാക്കി. 'പാശ്ചാത്യ പ്രത്യയശാസ്ത്രത്തിന്റെ നുഴഞ്ഞുകയറ്റത്തിനെതിരെ നിശ്ചയദാര്‍ഢ്യത്തോടെ ജാഗ്രത പാലിക്കുക' തുടങ്ങിയ ആജ്ഞകളും അടിച്ചേല്‍പ്പിക്കുന്നുണ്ട്.
ബൈബിളും മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളും തിരുത്തിയെഴുതാനുള്ള 10 വര്‍ഷത്തെ പ്രോജക്റ്റ്, വിശ്വാസികളെ ദൈവത്തെക്കാള്‍ പാര്‍ട്ടിയെ സേവിക്കണമെന്ന ഷി ജിന്‍പിങ്ങിന്റെ ആത്യാഗ്രഹത്തിന്റെ ഫലമാണെന്ന് ഗല്ലാഗെര്‍ പറയുന്നു.
ക്രൈസ്തവ വിശ്വാസത്തെ അടിച്ചമര്‍ത്തുന്ന നടപടികളുടെ ഒരു ഭാഗം മാത്രമാണ് ഈ ബൈബിള്‍ പുനരെഴുത്ത്. ദേവാലയങ്ങളില്‍ നിന്നും യേശുവിന്റെ രൂപം മാറ്റി ചൈനീസ് പ്രസിഡന്റിന്റെ ചിത്രങ്ങളും, സ്തുതിപ്പുകള്‍ക്ക് പകരം കമ്മ്യൂണിസ്റ്റ് ഗാനങ്ങളും ആക്കിക്കൊണ്ടിരിക്കുകയാണെന്നും അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്ത് അതിവേഗം ക്രൈസ്തവ വിശ്വാസം വ്യാപിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ഇതാണ് നിരീശ്വര ഭരണകൂടത്തെ വല്ലാതെ ചൊടിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.