പുകയുന്ന മണിപ്പൂർ: മതേതര ഭാരതത്തിന്റെ മരണ മണി മുഴക്കമോ?

പുകയുന്ന മണിപ്പൂർ: മതേതര ഭാരതത്തിന്റെ മരണ മണി മുഴക്കമോ?

സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും തിരുവോണം ഉണ്ണുന്ന മലയാളികൾ മണിപ്പൂരിലെ മുറിവേറ്റ, അപമാനിതരായ, കൊല്ലപ്പെട്ട നിഷ്കളങ്കരായ ജനങ്ങളെ ഓർക്കുന്നത് നന്നായിരിക്കും. വെറും രാഷ്ട്രീയ നേട്ടത്തിനായി നിയന്ത്രിക്കാനാവുമായിരുന്ന ഒരു കലാപത്തിന്റെ മുൻപിൽ റോമാ സാമ്രാജ്യം കത്തിയമരുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെ നിസ്സംഗരായി നോക്കി നിന്ന അധികാര വർഗത്തെ ഓർത്ത് ലജ്ജ തോന്നുന്നു. ഇതിനെ ഗോത്രവർഗ്ഗങ്ങളും മെയ്തെയികളും തമ്മിലുള്ള സംഘർഷം എന്ന് പറയുമ്പോഴും കൊല്ലപ്പെട്ടവരിൽ കൂടുതലും ക്രിസ്ത്യാനികളാണ് എന്നതും, നശിപ്പിക്കപ്പെട്ടതിലേറെയും ക്രൈസ്തവ ദൈവാലയങ്ങളായിരുന്നു എന്നതും ഇതിന്റെ പിന്നിലുള്ള അജണ്ടയെക്കുറിച്ച് ചിന്തിക്കാൻ മതേതര-ജനാധിപത്യ വാദികളെ നിർബന്ധിതരാക്കുന്നു.

മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് മൂന്ന് മാസത്തിലേറെയായെങ്കിലും ശാശ്വതമായ സമാധാനത്തിന്റെ ലക്ഷണങ്ങൾ ഇപ്പോഴും കുറവാണ്. പരസ്പരം എതിർക്കുന്ന സംഘങ്ങൾ പ്രധാന റോഡുകൾ ഉപരോധിക്കുന്നത്, ഇടയ്ക്കിടെയുള്ള ആക്രമണങ്ങൾ മരണങ്ങളിൽ കലാശിക്കുന്നത് തുടങ്ങിയ ക്രമസമാധാന തകർച്ചയെ സൂചിപ്പിക്കുന്ന സംഭവങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. പോലീസും അർദ്ധ സൈനിക വിഭാഗമായ അസം റൈഫിൾസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് വഷളായ സ്ഥിതിഗതികളുടെ മറ്റൊരു സൂചന. ജോലിയിൽ “തടസ്സം” വരുത്തിയെന്ന് ആരോപിച്ച് പോലീസ് അസം റൈഫിൾസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് പോലെയുള്ള അനാവശ്യ പ്രവൃത്തികളും നടക്കുന്നുണ്ട്.

വംശീയ പ്രതിസന്ധിയിൽ നിന്നകന്ന് സമാധാനത്തിനുള്ള ഒരു മാർഗ്ഗത്തിലേക്ക് തിരിയുന്നതിന് പകരം സംസ്ഥാനം ഒരു വെടിമരുന്നു പാത്രം പോലെ പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാണ്. ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നതും നിരവധി വീടുകൾ തകർന്നിട്ടുണ്ടെന്നതും സമാധാനം തേടുന്ന ഏതൊരാളും അക്രമത്തിനോ ഭീഷണിക്കോ വിധേയരായിട്ടുണ്ടെന്നതും ഈ ദൗർഭാഗ്യകരമായ വസ്തുതയെ സാക്ഷ്യപ്പെടുത്തുന്നു.
മണിപ്പൂരിലെ ഇതുവരെയുള്ള സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത് മെയ്തേയ്, കുക്കി നേതാക്കളുടെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകൾ കാരണം വംശീയ സംഘർഷം രൂക്ഷമാകുന്നു എന്നാണ്. കുക്കികളെയും അവരുടെ പ്രതിനിധികളേയും കക്ഷിഭേദമില്ലാതെ അകറ്റിനിർത്തിയ സംസ്ഥാന സർക്കാരിന്റെ – പ്രത്യേകിച്ച് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ – നടപടികൾ പക്ഷപാതപരമായിരുന്നുവെന്ന് അംഗീകരിക്കാൻ മെയ്തേയ് സമൂഹം വിസമ്മതിക്കുന്നു. കുക്കികൾക്ക് പ്രത്യേക ഭരണം എന്ന ആശയത്തെ മുറുകെ പിടിക്കാൻ ശ്രമിക്കുമ്പോൾ നാഗാ സമുദായം ഉൾപ്പെടുന്ന സംസ്ഥാനത്തെ വംശീയ സമൂഹങ്ങളുടെ ദുർബലമായ സഹവർത്തിത്വത്തെ ഇത് സങ്കീർണ്ണമാക്കുന്നു.

പൊതു സമൂഹത്തിന്റെ പ്രതിനിധികൾ തങ്ങളുടെ വംശീയ വ്യത്യാസങ്ങൾക്ക് മേലെ ഉയരാൻ വിസമ്മതിച്ചതും സംഘർഷം വർദ്ധിക്കാൻ ഇടയാക്കി. സംസ്ഥാന സർക്കാർ ഉത്തരവാദിത്തമെടുക്കാത്തതും നേതൃമാറ്റം നടത്താൻ വിസമ്മതിച്ചതും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി – അനുരഞ്ജന ശ്രമങ്ങൾക്കുള്ള ഒരേയൊരു പോംവഴി നേതൃമാറ്റമായിരുന്നു. ഒരു സുപ്രധാന അതിർത്തി സംസ്ഥാനമായ മണിപ്പൂരിൽ മെയ്തേയ് കുക്കി സമൂഹങ്ങൾ തമ്മിലുള്ള അവിശ്വാസം ഭാവി തലമുറകളിൽ ശാശ്വതമായ സ്വാധീനം ചെലുത്തുകയും പുരോഗതിയെ സാരമായി ബാധിക്കുകയും ചെയ്യും. ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മണിപ്പൂർ സർക്കാരിനെ പിരിച്ച് വിട്ട് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കർശനമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഈ പ്രശനം നേരത്തെ തന്നെ അവസാനിക്കുമായിരുന്നു.

അനുദിനം തെരുവോരങ്ങളിൽ മനുഷ്യ ജീവനുകൾ കൊല്ലപ്പെടുമ്പോൾ, പാവപ്പെട്ട മണിപ്പൂരികളുടെ കൃഷിയിടങ്ങൾ കുരുതിക്കളമാകുമ്പോൾ ഇന്ത്യൻ സർക്കാരും മണിപ്പൂർ സർക്കാരും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്താണ് ചെയ്യുന്നതെന്ന് ആർക്കും മനസിലാകുന്നില്ല. വിദേശയാത്രയിൽ ആയിരുന്ന പ്രധാനമന്ത്രി ഗ്രീസിൽ നിന്ന് നേരിട്ട് ബാംഗ്ലൂർ എത്തി ചന്ദ്രയാന്റെ അണിയറ പ്രവർത്തകരെ ആദരിച്ചത് നമ്മൾ കണ്ടു. മൂന്ന് മാസങ്ങൾ കഴിഞ്ഞിട്ടും മണിപ്പൂരിലെ കലാപ ഭൂമിയിൽ സന്ദർശിക്കാനോ അവിടെയുള്ളവരോട് സമാധാനം സ്ഥാപിക്കാൻ ഒരാഹ്വാനം നൽകുകയോ ചെയ്യാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടികൾ ചിലരുടെ അജണ്ടകളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ സംശയമുണർത്തുന്നു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘവും, ആനി രാജയുടെ നേതൃത്വത്തിൽ ഇടത് പക്ഷ കക്ഷികളും അവിടെ സന്ദർശിക്കുകയും പാർലമെൻറിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കുകയും ചെയ്തിട്ട് പോലും ഭരണകക്ഷിയായ ബി ജെ പി കാര്യമാത്ര പ്രസക്തമായ നടപടികൾ സ്വീകരിക്കാൻ പരാജയപ്പെട്ടു എന്ന ആരോപണത്തിൽ കഴമ്പില്ല എന്ന് പറയാനാവില്ല.

ഇനിയും മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും കൈ കോർക്കുന്നില്ലെങ്കിൽ ജനാധിപത്യ മതേതര ഇന്ത്യയുടെ അന്ത്യത്തിലേക്കുള്ള മണിമുഴക്കം മണിപ്പൂരിൽ നിന്ന് ആരംഭിക്കും എന്ന കാര്യത്തിൽ സംശയമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.