ടലഹാസി: മണിക്കൂറില്‍ 110 കിമി. വേഗതയില്‍ ആഞ്ഞടിക്കുന്ന 'ഇഡാലിയ' കൊടുങ്കാറ്റ് ഫ്‌ളോറിഡ തീരം തൊട്ടതോടെ സംസ്ഥാന അതീവ ജാഗ്രതയില്‍. ശക്തമായ കാറ്റും മഴയും കനത്ത നാശനഷ്ടങ്ങള്‍ വിതച്ചേക്കുമെന്നാണ് നിഗമനം. ഫ്‌ളോറിഡയിലെ ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രതയും തയാറെടുപ്പുകളുമാണ് നടത്തിയിട്ടുള്ളത്. 30000 ദുരന്ത നിവാരണ സംഘാംഗങ്ങളെയാണ് ഫ്‌ളോറിഡയില്‍ വിന്യസിച്ചിരിക്കുന്നത്.
അപകടകാരിയായ കാറ്റഗറി 3 കൊടുങ്കാറ്റായി തീരം തൊട്ട 'ഇഡാലിയ' വീശിയടിക്കുന്നതിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതത്തെ ബാധിച്ചു. റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മിയാമി നാഷണല്‍ ഹരികെയിന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ബുധനാഴ്ച്ച ആകാശത്ത് ദൃശ്യമാകുന്ന ബ്ലൂ സൂപ്പര്‍ മൂണ്‍ പ്രതിഭാസം കൊടുങ്കാറ്റിനെ സ്വാധീനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കടലിലെ ഉയര്‍ന്ന വേലിയേറ്റം മൂലം വെള്ളപ്പൊക്കം രൂക്ഷമാകുമെന്ന ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.
സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പര്‍മൂണ്‍. ഭൂമിയില്‍ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണിത്. ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയോടടുത്തു വരുമ്പോള്‍ ചന്ദ്രന്റെ പ്രഭയും വ്യാസവും കൂടുതലായി കാണപ്പെടുന്നതാണ് ഈ പ്രതിഭാസം. ഈ സമയത്തുണ്ടാകുന്ന ഗുരുത്വാകര്‍ഷണ ശക്തി ഉയര്‍ന്ന വേലിയേറ്റത്തിലേക്കു നയിക്കുന്നു.
ഓഗസ്റ്റ് 28 നാണ് ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഇഡാലിയ ശക്തി പ്രാപിച്ച് തുടങ്ങിയത്. ഈ സീസണില്‍ ഫ്‌ളോറിഡയെ ബാധിക്കുന്ന ആദ്യത്തെ കൊടുങ്കാറ്റാകും ഇഡാലിയ. കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ച ഇയാന്‍ ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് വിതച്ചത്.
150 പേരുടെ മരണത്തിനിടയാക്കിയ ഇയാന്‍ കൊടുങ്കാറ്റിന്റെ കെടുതികള്‍ ഇപ്പോഴും ഫ്‌ളോറിഡയിലെ ജനങ്ങള്‍ മറന്നിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.