തലവാചകം വായിക്കുമ്പോള്‍ പലരും അതിശയിച്ചേക്കാം. പക്ഷെ സംഗതി സത്യമാണ് ഓരോ പെണ്‍കുട്ടിയുടേയും ജനനത്തെ ആഘോഷമാക്കുന്ന നാടാണ് പിപ്പിലാന്ത്രി. കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ പ്രത്യേകിച്ച് പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അതൊരു ഭാരമാണന്ന് കരുതി അവരെ ഇല്ലാതാക്കുന്ന പലരും ഇന്നും നമുക്കിടയിലുണ്ട്. അവരറിയണം പെണ്‍കുട്ടികളെ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന ഈ ഗ്രാമത്തെക്കുറിച്ച്.
രാജസ്ഥാനിലെ രാജസ്മന്ദ് ജില്ലയിലാണ് പിപ്പിലാന്ത്രി ഗ്രാമം. പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ ലോകത്തില്‍ തന്നെ മാതൃകയാണ് ഈ കൊച്ചു ഗ്രാമം. ഓരോ പെണ്‍കുട്ടിയുടേയും ജനനത്തെ വളരെ ആഘോഷമായാണ് ഇന്നാട്ടുകാര്‍ വരവേല്‍ക്കുന്നത്.
ഗ്രാമത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ 111 മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. ഇത് അവിടുത്തെ ഒരു നിയമം തന്നെയാണ്. ഔഷധവൃക്ഷങ്ങളും ഫല വൃക്ഷങ്ങളുമാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ ജനനത്തോട് അനുബന്ധിച്ച് നടുന്നത്. ഇവ മുറിച്ച് മാറ്റാന്‍ പാടില്ല എന്നും നിയമമുണ്ട്. ഇത് ആരും അടിച്ചേല്‍പിച്ച നിയമമല്ല. 2006-ല്‍ ഗ്രാമവാസികളെല്ലാം കൂടിച്ചേര്‍ന്നെടുത്തു തീരുമാനമാണ് ഇത്.
കിരണ്‍ നിധി യോജന എന്നാണ് ഈ പദ്ധതിയുടെ പേര്. ഗ്രാമത്തലവനായിരുന്ന ശ്യാം സുന്ദര്‍ പലിവാല്‍ ആണ് ഇങ്ങനെയൊരു ആശയം മുന്നോട്ടു വെച്ചത്. ഗ്രാമവാസികള്‍ ആശയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരിച്ചുപോയ മകള്‍ കിര്‍ണിന്റെ ഓര്‍മ്മയ്ക്കായാണ് കിരണ്‍ നിധി യോജന എന്ന് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്.
ഇതിനെല്ലാം പുറമെ ഒരു കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ ഗ്രാമവാസികള്‍ എല്ലാവരും ചേര്‍ന്ന് ശേഖരിച്ച് 21000 രൂപ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കും. രക്ഷിതാക്കള്‍ ഇതിനൊപ്പം പതിനായിരം രൂപ കൂടി ചേര്‍ത്ത് ഈ തുക ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കും. പെണ്‍കുട്ടിക്ക് 20 വയസ്സാകുമ്പോള്‍ മാത്രമേ ഈ തുക പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ പെണ്‍കുട്ടികളുടെ വിവാഹം നടത്തില്ലെന്നും അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുമെന്ന് ഉറപ്പും നല്‍കണം.
മാതൃകാപരമായ ഈ തീരുമാനം പ്രാബല്യത്തില്‍ വന്നതോടെ പിപ്പിലാന്ത്രി ഒരു പരിസ്ഥിതി സൗഹാര്‍ദ ഗ്രമം കൂടിയായി. പെണ്‍കുട്ടികളുടെ ജനനത്തോട് അനുബന്ധിച്ച് നട്ടു വളര്‍ത്തുന്ന മരങ്ങളില്‍ നിന്നും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും അതുവഴി വരുമാനം കണ്ടെത്താനും കുടുംബത്തിനു സാധിക്കുന്നു. പെണ്‍കുട്ടികള്‍ക്കാണ് മരങ്ങളുടെ സംരക്ഷണ ചുമതല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.