ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ചടുല നീക്കവുമായി കേന്ദ്രം; രാംനാഥ് കോവിന്ദ് അധ്യക്ഷനായി പ്രത്യേക സമിതിക്ക് രൂപം നല്‍കി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ചടുല നീക്കവുമായി കേന്ദ്രം; രാംനാഥ് കോവിന്ദ് അധ്യക്ഷനായി പ്രത്യേക സമിതിക്ക് രൂപം നല്‍കി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയവുമായി ബന്ധപ്പെട്ട് തിരക്കിട്ട നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. നിര്‍ദേശം പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായി പ്രത്യേക സമിതിക്ക് കേന്ദ്രം രൂപം നല്‍കി. വിരമിച്ച രണ്ട് ജഡ്ജിമാരും സമിതിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്രതീക്ഷിതമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നത്. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ ലക്ഷ്യമിട്ട് പാര്‍ലമെന്റില്‍ ഉടന്‍ തന്നെ ബില്‍ കൊണ്ടുവരാനാണ് പ്രത്യേക സമ്മേളനം വിളിച്ചത് എന്ന തരത്തില്‍ ഇന്നലെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസമാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തി കാര്യങ്ങള്‍ അനുകൂലമാക്കാനാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

അടുത്ത വര്‍ഷം പകുതിയോടെ നടക്കേണ്ട പൊതുതിരഞ്ഞെടുപ്പ് ജനുവരിയിലാക്കുക, ഇക്കൊല്ലവും അടുത്ത കൊല്ലവുമായി നടക്കേണ്ട 12 നിയമസഭാ തിരഞ്ഞെടുപ്പുകളും ഒപ്പം നടത്തി പരമാവധി നേട്ടം കൊയ്യുക എന്നതാണ് എന്‍.ഡി.എ അജന്‍ഡ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരിയിലാണ്. ഇതിനൊപ്പം തിരഞ്ഞെടുപ്പ് വന്നാല്‍ ഹിന്ദുവോട്ടിന്റെ ഏകീകരണമുണ്ടാകും എന്നും ബിജെപി നേതൃത്വം കണക്കു കൂട്ടുന്നു.

ഡിസംബറിലോ ജനുവരിയിലോ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് പ്രതിപക്ഷ നേതാക്കളും കരുതുന്നു. പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യുടെ യോഗം മുംബൈയില്‍ ആരംഭിച്ച ദിവസം തന്നെയാണ് ബില്ലിനെ കുറിച്ചുള്ള സൂചനകള്‍ വന്നത് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യ മുന്നണി ശക്തമാകാന്‍ സമയം നല്‍കാതിരിക്കുക, ചന്ദ്രയാന്‍, ആദിത്യ വിക്ഷേപണം, ജി 20 ഉച്ചകോടി തുടങ്ങിയ വിഷയങ്ങള്‍ വോട്ടാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളും ബിജെപിക്കുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.