അസമില്‍ ബഹുഭാര്യത്വം നിരോധിക്കുന്നു: ബില്ലിന്റെ അന്തിമ കരട് 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

അസമില്‍ ബഹുഭാര്യത്വം നിരോധിക്കുന്നു: ബില്ലിന്റെ അന്തിമ കരട് 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

ഗുവാഹത്തി: അസമില്‍ ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബില്ല് വരുന്നു. ബില്ലിന്റെ അന്തിമ കരട് 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. അസമില്‍ ബഹുഭാര്യത്വം നിരോധിക്കുന്നതിന് ശക്തമായ ജനകീയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുന്നതിന് ശക്തമായ പൊതുജന പിന്തുണയുണ്ടെന്ന് പ്രസ്താവിച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ ശര്‍മ്മ എഴുതിയത് ഇങ്ങനെയായിരുന്നു- ''ഞങ്ങളുടെ പൊതു അറിയിപ്പിന് മറുപടിയായി ഞങ്ങള്‍ക്ക് ആകെ 149 നിര്‍ദേശങ്ങള്‍ ലഭിച്ചു. ഇതില്‍ 146 നിര്‍ദേശങ്ങള്‍ ബില്ലിന് അനുകൂലമാണ്. ഇത് ശക്തമായ പൊതുജന പിന്തുണയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, മൂന്ന് സംഘടനകള്‍ ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണത്തിന്റെ അന്തിമ കരട് ഇപ്പോള്‍ ആരംഭിക്കുമെന്നും 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും ശര്‍മ്മ പറഞ്ഞു.

'ലവ് ജിഹാദ്' എന്ന വിഷയവും ബില്ലില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ഡിസംബറോടെ നിയമസഭാ സമ്മേളനത്തില്‍ അത് അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, നിര്‍ദ്ദിഷ്ട നിയമത്തെക്കുറിച്ച് പൊതുജനാഭിപ്രായം തേടി അസം സര്‍ക്കാര്‍ ഓഗസ്റ്റ് 21 ന് നോട്ടീസ് നല്‍കിയിരുന്നു. ഓഗസ്റ്റ് 30നകം ഇമെയില്‍ വഴിയോ തപാല്‍ മുഖേനയോ ജനങ്ങളോട് അഭിപ്രായം അയക്കണമെന്ന് നോട്ടീസില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (NFHS-5) പ്രകാരം, അസമിലെ ഹിന്ദു സ്ത്രീകള്‍ക്കിടയില്‍ ഏകദേശം 1.8% വും, മുസ്ലീം സ്ത്രീകളില്‍ ഇത് 3.6% വും ആണ്. ബഹുഭാര്യത്വം നിരോധിക്കുന്ന നിയമം കൊണ്ടുവരാനുള്ള ആസാം നിയമസഭയുടെ അധികാരത്തെക്കുറിച്ച് പഠിക്കാന്‍ അസം സര്‍ക്കാര്‍ മെയ് 12 ന് ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കി. ഓഗസ്റ്റ് ആറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബഹുഭാര്യത്വം നിരോധിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

മുന്‍ ജഡ്ജി ജസ്റ്റിസ് റൂമി കുമാരി ഫുകന്‍ അധ്യക്ഷനായ നാലംഗ വിദഗ്ധ സമിതിയില്‍ സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ ദേവജിത് സൈകിയ, മുതിര്‍ന്ന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നളിന്‍ കോഹ്ലി, മുതിര്‍ന്ന അഭിഭാഷകന്‍ നെകിബുര്‍ സമാന്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.