ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്തു പ്രൗഢോജ്വല തുടക്കം; വിവിഐപികളെ സ്വീകരിക്കാന്‍ നേരിട്ടെത്തി പ്രധാനമന്ത്രി

ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്തു പ്രൗഢോജ്വല തുടക്കം; വിവിഐപികളെ സ്വീകരിക്കാന്‍ നേരിട്ടെത്തി പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: ലോകനേതാക്കള്‍ എത്തിയതോടെ ജി 20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്ത് പ്രൗഢോജ്വല തുടക്കം. രാവിലെ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തില്‍ വിവിഐപികളെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി.
'വണ്‍ എര്‍ത്ത്, വണ്‍ ഫാമിലി' എന്ന പ്രമേയത്തില്‍ രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് സെഷനുകളാണ് ഇന്ന് നിശ്ചയിച്ചിട്ടുള്ളത്.

സെഷനുകള്‍ക്കു ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി മുക്കാല്‍ മണിക്കൂര്‍ മാറ്റിവച്ചിട്ടുണ്ട്. രാഷ്ട്രത്തലവന്മാര്‍ക്കും മറ്റു വിവിഐപികള്‍ക്കുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ അത്താഴവിരുന്ന് (ഗാല ഡിന്നര്‍) വൈകിട്ട് ഏഴിനാണ്.
കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. രാജ്യത്തെ ശാസ്ത്രീയ, നാടോടി സംഗീതത്തിനു പ്രാധാന്യം നല്‍കിയുള്ള സംഗീതനിശയും ഒരുക്കിയിട്ടുണ്ട്.'മിലേ സുര്‍ മേരാ തുമാരാ' ആയിരിക്കും അവസാന ഗാനം.

ഞായറാഴ്ച സമാപന യോഗത്തിനു പിന്നാലെ ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയുണ്ടാകാം. ഉച്ചകോടിക്കു മുന്നോടിയായി നടന്ന ഷെര്‍പഫിനാന്‍സ് ഡപ്യൂട്ടീസ് യോഗത്തിലാണു പ്രസ്താവനയുടെ കരടുരൂപം അന്തിമമാക്കുന്നത്. ഒത്തുതീര്‍പ്പുണ്ടായാല്‍ രാഷ്ട്രത്തലവന്മാരുടെ അംഗീകാരത്തോടെ പ്രസ്താവന പുറത്തിറക്കും.

അടുത്ത വര്‍ഷം അധ്യക്ഷപദവി അലങ്കരിക്കുന്ന ബ്രസീലിന് പ്രതീകാത്മകമായി ഇന്ത്യ ജി20 ബാറ്റണ്‍ കൈമാറും. സമ്മേളനത്തിന്റെ സ്മരണയ്ക്കായി രാഷ്ട്രത്തലവന്മാര്‍ വൃക്ഷത്തൈ നടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.