സിഡ്നി: അമേരിക്കയിലും ഓസ്‌ട്രേലിയയിലും തിയറ്ററുകളില്‍ നിറഞ്ഞോടിയ സൗണ്ട് ഓഫ് ഫ്രീഡം എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ സെപ്റ്റംബര്‍ 19-ന് നടത്തും. പെര്‍ത്തിനു സമീപമുള്ള ബൂറഗൂണില്‍ ആല്‍മണ്ട്ബറി റോഡിലുള്ള HOYTS Cinema Garden City തീയറ്ററില്‍ വൈകിട്ട് 6.15-നാണു പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. മനുഷ്യക്കടത്തിനെതിരേ പ്രതികരിക്കുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന 'സൗണ്ട് ഓഫ് ഫ്രീഡം' സിനിമയില്‍ നായകനായി അഭിനയിച്ചത് 'ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍' ക്രിസ്തുവായി വേഷമിട്ട ജിം കാവിയേസലാണ്.
സന്നദ്ധ സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ (എ.സി.എല്‍) ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ എ.സി.എല്‍. വോളണ്ടിയര്‍മാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കാണാന്‍ പ്രത്യേക അവസരം ലഭിക്കും. ഒരു ടിക്കറ്റിന് 10 ഓസ്‌ട്രേലിയന്‍ ഡോളര്‍ മാത്രമാണ് നിരക്ക്. സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടിയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
പെര്‍ത്ത് അടക്കമുള്ള ഓസ്‌ട്രേലിയന്‍ നഗരങ്ങളിലെ തിയറ്ററുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശനത്തിനുണ്ട്. മലയാളികള്‍ അടക്കം നിരവധി പേര്‍ ചിത്രം ഇതിനകം കാണുകയും മികച്ച പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
മനുഷ്യക്കടത്ത് പ്രമേയമായ ചിത്രത്തിനെക്കുറിച്ച് പൊതുവേദിയില്‍ സംസാരിക്കാനും വേണ്ട പിന്തുണ നല്‍കാനും എ.സി.എല്ലിന്റെ പ്രദര്‍ശനം അവസരമൊരുക്കുന്നു. സമാന ചിന്താഗതിക്കാരായ നിരവധി സന്നദ്ധപ്രവര്‍ത്തകരെ കണ്ടുമുട്ടാനും പരിചയപ്പെടാനും ഇതിലൂടെ സാധിക്കുമെന്ന് എ.സി.എല്‍ സംസ്ഥാന ഡയറക്ടര്‍ (പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ) പീറ്റര്‍ ആബെറ്റ്‌സ് പറഞ്ഞു.
കൊളംബിയയിലെ ലൈംഗിക കടത്തുകാരില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച അമേരിക്കയിലെ മുന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഏജന്റായ ടിം ബല്ലാര്‍ഡിന്റെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് സൗണ്ട് ഓഫ് ഫ്രീഡം. ഗിബ്‌സന്റെ ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ ക്രിസ്തുവായി അഭിനയിച്ച ജിം കാവിസെല്‍ ആണ് ബല്ലാര്‍ഡിന്റെ വേഷം ചെയ്യുന്നത്.
15 മില്യണ്‍ ഡോളര്‍ നിര്‍മാണച്ചെലവു വന്ന ചിത്രം അമേരിക്കയിലെ തിയറ്ററുകളില്‍നിന്ന് നേടിയത് 100 മില്യണ്‍ ഡോളറാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
കത്തോലിക്കാ വിശ്വാസികളായ എഡ്വേര്‍ഡോ വെരാസ്റ്റെഗുയി, അലജാന്‍ഡ്രോ മോണ്ടെവെര്‍ഡെ എന്നിവരാണ് സൗണ്ട് ഓഫ് ഫ്രീഡത്തിന്റെ സംവിധായകര്‍. റിലീസ് ദിനത്തില്‍ ഡിസ്‌നിയുടെ 'ഇന്ത്യാന ജോണ്‍സ്' പരമ്പരയിലെ ഏറ്റവും പുതിയ സിനിമയായ 'ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ ഡയല്‍ ഓഫ് ഡെസ്റ്റിനി'യെ പിന്തള്ളി ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാമതെത്തിയിരുന്നു.
മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രം കാണാനും ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. അതിനായുള്ള ലിങ്ക് ചുവടെ:
ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വായനയ്ക്ക്:
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.