തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണം: വനിതാ കമ്മിഷന്‍

തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണം: വനിതാ കമ്മിഷന്‍

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചു നടത്തുന്ന തൊഴില്‍ തട്ടിപ്പുകളുടെ ചതിക്കുഴികള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടത്തിയ അദാലത്തിന്റെ രണ്ടാം ദിവസത്തെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.

തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സ്ത്രീകള്‍ തന്നെ ശ്രമിക്കണം. തൊഴില്‍ തട്ടിപ്പുകള്‍ പ്രധാനമായും നടക്കുന്നത് സ്ത്രീകളെ ലക്ഷ്യമിട്ടാണ്. തൊഴില്‍ വാഗ്ദാനങ്ങള്‍ ലഭിക്കുമ്പോള്‍ കൃത്യമായി കാര്യങ്ങള്‍ മനസിലാക്കണം. തെറ്റായ തൊഴില്‍ വാഗ്ദാനങ്ങളില്‍ അകപ്പെട്ട് വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി ചതിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനും ജാഗ്രത പുലര്‍ത്തണം.

ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ലഭിക്കുന്ന തൊഴില്‍ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് പരിചയം ഒന്നും ഇല്ലാത്ത ആളുടെ പിന്നാലെ പോയി ചതിക്കപ്പെടുകയാണ്. ഇങ്ങനെയുള്ള തട്ടിപ്പുകളെ ഗൗരവത്തോടെയാണ് കമ്മിഷന്‍ കാണുന്നത്. വിദ്യാഭ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഇത്തരം ചതിക്കുഴികളില്‍ പെടുന്നുണ്ടെന്നും ഇവ തെളിയിക്കുന്നതിന് കഴിയാത്ത സ്ഥിതിയുമുണ്ടെന്നും അധ്യക്ഷ പറഞ്ഞു.

സിനിമ - സീരിയല്‍ മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത ശേഷം തൊഴില്‍ നല്‍കാതെ പണം തട്ടിയെന്ന പരാതിയും സിറ്റിങ്ങില്‍ പരിഗണനയ്ക്കു വന്നു. അസംഘടിത തൊഴില്‍ മേഖലയില്‍ ഗൗരവമായ പ്രശ്‌നങ്ങളുണ്ടന്നും തൊഴില്‍ സുരക്ഷ അസംഘടിത മേഖലയില്‍ ഇല്ലെന്നും കമ്മീഷന്‍ വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.