ലിബിയ വെള്ളപ്പൊക്കം; മരണം ഇരുപതിനായിരം കടന്നേക്കും; ലിബിയക്കും മൊറോക്കക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ലിബിയ വെള്ളപ്പൊക്കം; മരണം ഇരുപതിനായിരം കടന്നേക്കും; ലിബിയക്കും മൊറോക്കക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ട്രിപ്പോളി: ലിബിയയിൽ ചുഴലിക്കാറ്റിനെയും കനത്ത മഴയെയും തുടർന്നുണ്ടായ പ്രളയത്തിൽ മരണസംഖ്യ ആറായിരം പിന്നിട്ടു. എന്നാൽ പ്രളയത്തിൽ നശിച്ച ജില്ലകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മരണങ്ങൾ 20000 കടക്കാൻ സാധ്യയുണ്ടെന്നാണ് ഡെർനയിലെ മേയർ അറിയിച്ചു. 3190 പേരുടെ മൃതദേഹമാണ് ഇതുവരെ സംസ്‌കരിച്ചിട്ടുള്ളത്. ഇതിൽ 400 പേർ ഈജിപ്തിൽ നിന്നും സുഡാനിൽ നിന്നുമുള്ളവരാണ്. പല ഗ്രാമങ്ങളും നഗരങ്ങളും പ്രളയത്തിൽ അപ്പാടെ തകർന്നതിനാൽ മരണസംഖ്യ സ്ഥിരീകരിക്കാൻ ഇനിയും സമയമെടുത്തേക്കും.

ഭൂകമ്പവും വെള്ളപ്പൊക്കവും മൂലം തകർന്നടിഞ്ഞ ലിബിയക്കും മൊറൊക്കയ്ക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെട്ടു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവരുടെ സൗഖ്യത്തിനായും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവർക്ക് സമാശ്വാസവും ലഭിക്കുന്നതിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നെന്ന് പാപ്പ സന്ദേശത്തിലൂടെ അറിയിച്ചു.

ഡെർണയ്ക്ക് സമീപത്തെ രണ്ട് അണക്കെട്ട് തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഡെർണ നഗരത്തിന്റെ നാലിലൊന്നോ അതിലധികമോ ഭാഗം ജലപ്രവാഹത്തിൽ ഒലിച്ചുപോയി. കെട്ടിടങ്ങളും വാഹനങ്ങളും ആളുകളും അടക്കം കടലിലേക്ക് ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ പലതും ഇപ്പോഴും തെരുവിലാണ്.

കടലിൽ നിന്ന് ഒട്ടേറെ മൃതദേഹങ്ങൾ കരയ്ക്ക് അടിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രവചിച്ചതിലുമധികമാണ് നാശനഷ്ടങ്ങളെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. കൊടുങ്കാറ്റും പ്രളയവും ഏറ്റവും കൂടുതൽ ബാധിച്ച ഡെർണയിൽ നിന്ന് ഇതുവരെ 30000 പേരെയെങ്കിലും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കൂട്ടമായാണ് ഇപ്പോൾ സംസ്‌കരിച്ചുകൊണ്ടിരിക്കുന്നത്. പല മൃതദേഹങ്ങളും തിരിച്ചറിയാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല.

അതേസമയം കുടിവെള്ളത്തിനും ഭക്ഷണത്തിനും കടുത്ത ക്ഷാമമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്റർനെറ്റ് സേവനം പൂർണമായും പുനസ്ഥാപിക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല. അഞ്ച് പാലങ്ങളാണ് ഡെർനണയിൽ തകർന്നിരിക്കുന്നത്. അതിനാൽ ഗതാഗത തടസ്സങ്ങളും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്. റോഡുകൾ തകർന്നതിനാൽ ഒട്ടേറെ പേർ ഇപ്പോഴും നഗരത്തിലെത്താൻ സാധിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.