ദോഹ: ഖത്തറിന്റെ മധ്യസ്ഥതയില്‍ അഞ്ച് അമേരിക്കന്‍ തടവുകാരെ വിട്ടയച്ച് ഇറാന്‍. യു.എസ്-ഇറാന്‍ ഉടമ്പടിയുടെ ഭാഗമായാണ് നടപടി. ഇതിനുപകരമായി അമേരിക്ക തടവിലാക്കിയ അഞ്ച് ഇറാന്‍ പൗരന്‍മാരെയും വിട്ടയച്ചു. അമേരിക്ക ദക്ഷിണ കൊറിയയില്‍ തടഞ്ഞുവച്ച ഇറാന്റെ 600 കോടി യു.എസ് ഡോളറിന്റെ ഫണ്ടും വിട്ടുനല്‍കി. ഖത്തറാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥരായി നിന്നത്. മോചിപ്പിക്കപ്പെട്ട അഞ്ച് അമേരിക്കന്‍ പൗരന്‍മാരും നാട്ടിലേക്കു മടങ്ങാനായി ടെഹ്‌റാനില്‍ നിന്ന് ദോഹയില്‍ എത്തിച്ചേര്‍ന്നു.
അമേരിക്ക വിട്ടയച്ച അഞ്ച് ഇറാനി പൗരന്മാരില്‍ രണ്ടുപേര്‍ ഖത്തര്‍ വഴി യാത്ര ചെയ്ത് ഇറാനില്‍ തിരിച്ചെത്തിയെന്ന് ഇറാനിലെ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. രണ്ടു പേര്‍ യു.എസില്‍ തന്നെ തങ്ങാനും ഒരാള്‍ മറ്റൊരു രാജ്യത്തേക്ക് മാറാനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് പത്തിനാണ് തടവുകാരെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും കരാറിലെത്തിയത്. യുഎസ് ഉപരോധം മൂലം മരവിപ്പിച്ചിരുന്ന 6 ബില്യന്‍ ഡോളറും ഇറാന് അനുവദിക്കാന്‍ തീരുമാനമായിരുന്നു.
അമേരിക്കന്‍ തടവുകാരെ മോചിപ്പിച്ചത് മാനുഷിക പരിഗണയുടെ ഭാഗമായി മാത്രമാണെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി പറഞ്ഞു. 'ഭാവിയില്‍ മനുഷ്യത്വപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് ഇപ്പോഴത്തെ നടപടി നിര്‍ണായകമാകും' - ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ റൈസി മാധ്യമങ്ങളോട് പറഞ്ഞു. ബൈഡനും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം മടങ്ങിവന്ന യു.എസ് പൗരന്മാരെ പ്രസിഡന്റ് ബൈഡന്‍ സ്വാഗതം ചെയ്യുകയും മോചനത്തിനായി സഹായിച്ചവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. 'വര്‍ഷങ്ങള്‍ നീണ്ട വേദനക്കും നിസ്സഹായതക്കുമൊടുവില്‍ സിയാമക് നമാസി, മൊറാദ് തഹബാസ്, പേര് പുറത്തുവിടാന്‍ ആഗ്രഹിക്കാത്ത രണ്ട് പൗരന്മാര്‍ എന്നിവര്‍ പ്രിയപ്പെട്ടവര്‍ക്കരികിലേക്ക് ഉടന്‍ എത്തിച്ചേരും.
ഈ നേട്ടം കൈവരിക്കുന്നതിന് ഞങ്ങളെ സഹായിക്കാനായി അശ്രാന്തം പരിശ്രമിച്ച ഖത്തര്‍, ഒമാന്‍, സ്വിസര്‍ലന്‍ഡ്, ദക്ഷിണ കൊറിയ സര്‍ക്കാരുകള്‍ ഉള്‍പ്പെടെ നമ്മുടെ രാജ്യത്തും വിദേശത്തുമുള്ള സുഹൃത്തുക്കള്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു,' ബൈഡന്റേതായി വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഇറാനിലേക്ക് യാത്ര ചെയ്യുന്നതിലുള്ള അപകടത്തെ കുറിച്ചും ബൈഡന്‍ തന്റെ ജനങ്ങളെ ഓര്‍മിപ്പിച്ചു. ഇറാനില്‍ തടങ്കലിലായാല്‍ വാഷിങ്ടണില്‍ നിന്ന് അവരുടെ സ്വാതന്ത്ര്യം ഉറപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ചില ഡെമോക്രാറ്റുകളില്‍ നിന്നും വൈറ്റ് ഹൗസ് വിമര്‍ശനം നേരിടുകയാണ്. ടെഹ്‌റാനുമായി തടവുകാരെ കൈമാറ്റം ചെയ്ത ഇടപാട് ഭാവിയില്‍ കൂടുതല്‍ തടവുകള്‍ക്ക് കാരണമാകുമെന്ന് വിമര്‍ശകര്‍ ആരോപിച്ചു. എന്നാല്‍ വിദേശത്തുള്ള യു.എസ് പൗരന്മാരെ മോചിപ്പിക്കുന്നതിനാണ് ബൈഡന്‍ ഭരണകൂടം കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത്.
ഇറാനിലെ ഏറ്റവും കരുത്തനായ സേനാ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനവുമായി ഇറാന്‍ ഭരണകൂടം രംഗത്തെത്തിയിരുന്നു. തടവുകാരുടെ കൈമാറ്റത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വൈരത്തിന് അയവു വരുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര സമൂഹം. അതേസമയം, ഇറാന്റെ ആണവ പദ്ധതി, ഗള്‍ഫിലെ യു.എസ് സാന്നിധ്യം തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത തുടരുമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.