ക്രൈസ്തവ മത പീഡനങ്ങളും ഇസ്ലാമിക തീവ്രവാദവും

ക്രൈസ്തവ മത പീഡനങ്ങളും ഇസ്ലാമിക തീവ്രവാദവും

ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന മതവിഭാഗം ക്രൈസ്തവരാണ്. ഈശോയിൽ വിശ്വസിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ് ക്രിസ്ത്യാനികൾ നിരന്തരം പീഡിപ്പിക്കപ്പെടുന്നത്. മരണം, ജയിൽ വാസം, കൊള്ള, ശാരീരിക പീഡനങ്ങൾ, ബലാത്സംഗം എന്നിവയ്ക്കെല്ലാം തങ്ങളുടെ വിശ്വാസം മൂലം ക്രൈസ്തവർ ഇരകളാക്കപ്പെടുന്നു. ശത്രുക്കളോട് ക്ഷമിക്കാനും ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാനും പഠിപ്പിച്ച തങ്ങളുടെ ദൈവത്തിൻറെ വാക്കുകൾ അനുസരിക്കുന്നതിനാൽ ഇത്രയധികം പീഡിപ്പിക്കപ്പെട്ടിട്ടും ക്രിസ്ത്യാനികൾ ഒരിടത്തും ആയുധമെടുത്ത് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നില്ല. ‌
‌‌
തങ്ങളുടെ മതത്തിൽ വിശ്വസിക്കാത്ത എല്ലാവരെയും കൊന്നു തള്ളി സ്വർഗം നേടാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന തീവ്രവാദികളെ ‘സാമ്രാജ്യത്വ വിരുദ്ധ പോരാളികൾ’ ആയി ചിത്രീകരിച്ചു ന്യായീകരിക്കുന്നവർ സ്വയം പീഡനമേൽക്കുമ്പോളും അപരനെ ആക്രമിക്കാൻ തയ്യാറാകാത്ത ക്രിസ്ത്യാനികൾ മത തീവ്രവാദത്തിൻറെ ‘ഇരകൾ’ ആണെന്നു പോലും അംഗീകരിക്കാൻ മടിക്കുന്നു.

എങ്കിലും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന രാഷ്ട്രീയ ഇസ്ലാമിനെതിരേ ശബ്ദിക്കാനോ ക്രൈസ്തവ പീഡനങ്ങളെ അപലപിക്കാനോ രാഷ്ട്ര തലവന്മാരോ, മതമേധാവികളോ, മനുഷ്യാവകാശ സംഘടനകളോ തയ്യാറാകുന്നില്ല. ക്രൈസ്തവരുടെ മരണം ലോകത്തിൻറെ വേദനയാക്കി മാറ്റാൻ പി ആർ ഏജൻസികളും ന്യൂസ് ഏജൻസികളും സെലിബ്രിറ്റികളും ഇല്ല. എല്ലാ മുസ്ലിങ്ങളും തീവ്രവാദികൾ അല്ല അവരിൽ ഒരു ചെറിയ വിഭാഗം നടത്തുന്ന തീവ്രവാദത്തിന്റെ പേരിൽ എല്ലാവരെയും കുറ്റപ്പെടുത്താനും പാടില്ല.

അർമേനിയൻ വംശഹത്യ

ലോകത്തിലെ ആദ്യ ക്രിസ്ത്യൻ സംസ്ഥാനമായിരുന്നു അർമേനിയ. എന്നാൽ, അതേ വിശ്വാസത്തിനുവേണ്ടി പിന്നീട് അവരുടെ പിൻതലമുറക്കാർ പീഡനമേൽക്കേണ്ടിവന്നുവെന്നു എന്നതാണ് വിരോധാഭാസം. മാത്രമല്ല സ്വന്തം മണ്ണിൽ നിന്നും അവർ പിഴുതെറിയപ്പെടുകയും ചെയ്തു. 1894 - 1923 കാലഘട്ടത്തിൽ ഏഷ്യമൈനർ ക്രൈസ്തവരുടെ കൊലക്കളമായിരുന്നു. ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ അവിടത്തെ ക്രൈസ്തവ ജനതയെ ഒന്നടങ്കം തുടച്ചുനീക്കുകയായിരുന്നു ഭരണാധികാരിയായ സുൽത്താൻ അബ്ദുൾ ഹമീദ്.

1894 1896 കാലയളവിൽ ഓട്ടോമൻ സാമ്രാജ്യത്തിലെ വിവിധ പ്രോവിൻസുകളിൽ അരങ്ങേറിയ സംഘടിതമായ വംശഹത്യകളിൽ മൂന്ന് ലക്ഷത്തിൽപ്പരം അർമേനിയൻ ക്രൈസ്തവരുടെ രക്തമാണ് ഒഴുകിയത്. 1909 ൽ അദാന എന്ന പട്ടണത്തിൽ മാത്രം കൊന്നൊടുക്കിയത് രണ്ടു ലക്ഷം അർമേനിയൻ ക്രൈസ്തവരെയാണ്.

ഒന്നാം ലോക മഹായുദ്ധ കാലത്ത് ജർമനിയുമായി സഖ്യത്തിലായിരുന്നു ഓട്ടോമൻ സാമ്രാജ്യം. ഗ്രീക്ക്, അർമിനിയൻസ്, സിറിയൻസ്, നെസ്‌തോറിയൻസ് സഭാ വിശ്വാസികളെയെല്ലാം കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള പദ്ധതി തയാറാക്കിയിരുന്നു ഇക്കാലത്ത് തുർക്കി സർക്കാർ. ‘തുർക്കി തുർക്കികൾക്ക്’ എന്ന മുദ്രാവാക്യമുയർത്തി ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.

നൈജീരിയയിലെ ക്രൈസ്തവ പീഡനങ്ങൾ

സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് കുടിയിറപ്പെടുകയും അതിക്രൂരമായി തലയറുക്കപ്പെട്ടും വെടിയേറ്റുമൊക്കെ കൊല്ലപ്പെടേണ്ടി വരുന്നവരാണ് നൈജീരിയയിലെ ക്രിസ്ത്യാനികൾ. നൈജീരിയയിലെ കുപ്രസിദ്ധ ക്രൈസ്തവ വിരുദ്ധ ഭീകരസംഘടനയായ ബോക്കോ ഹറാം നടത്തുന്ന കൂട്ടക്കൊല സ്ഥിരം കാഴ്ചയാണ്. പ്ലാറ്റോ സ്റ്റേറ്റിൽ ഇസ്ലാമിക തീവ്രവാദികൾ പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്.മാംഗു കൗണ്ടിയിലെ കുൽബെൻ ഗ്രാമത്തിൽ സെപ്റ്റംബർ പത്തിന് രാത്രി ഒമ്പതിനാണ് ഭീകരർ ആക്രമണം നടത്തിയത്.

ആയുധങ്ങളുമായെത്തിയ ഫുലാനി തീവ്രവാദികൾ കുൽബെൻ സമൂഹത്തെ ആക്രമിക്കുകയും പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തുകയുമായിരുന്നു. നൈജീരിയയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം 27 ക്രിസ്ത്യാനികളാണ് ഭീകരരുടെ ആക്രമണത്തിൽ പേർ കൊല്ലപ്പെട്ടത്.

ഓഗസ്റ്റ് 14 ന് റിയോം കൗണ്ടിയിൽപ്പെട്ട ക്വി ഗ്രാമത്തിലെ ഒരു കമ്മ്യൂണിറ്റി ഹൈസ്‌കൂളിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ ക്രൈസ്തവ അധ്യാപകരായ റുവാങ് ദൻലാഡിയും ഭാര്യ സാന്ദ്ര ദൻലാഡിയും കൊല്ലപ്പെടുകയും മറ്റ് രണ്ട് ക്രിസ്ത്യൻ സ്റ്റാഫ് അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം മാത്രം നൈജീരിയയിൽ 5,500 ക്രിസ്ത്യാനികൾ വധിക്കപ്പെട്ടിട്ടുണ്ടന്ന് കിഴക്കൻ നൈജീരിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർസൊസൈറ്റി) വ്യക്തമാക്കി. കൂടാതെ, കഴിഞ്ഞ 14 വർഷത്തിനിടയിൽ 52,250 ആളുകൾ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ നൈജീരിയയിൽ കൊല്ലപ്പെട്ടതായും ഇന്റർസൊസൈറ്റി റിപ്പോർട്ട് ചെയ്തു.

നൈജീരിയൻ ഭരണഘടന ഓരോരുത്തർക്കും സ്വതന്ത്രമായി അവരുടെ മതവിശ്വാസം തിരഞ്ഞെടുക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പു നൽകുന്നു എന്നു പ്രഖ്യാപിക്കുമ്പോഴും നൈജീരിയയിലെ ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചുവരുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

പാക്കിസ്ഥാൻ

ലോകത്തിൽ ക്രിസ്ത്യാനികൾ ഏറ്റവും അധികം പീഡനം നേരിടുന്നതും മതവിശ്വാസം പിന്തുടരാൻ പ്രയാസമനുഭവിക്കുന്നതുമായ കാര്യത്തിൽ ആദ്യസ്ഥാനത്തുള്ള ഒരു രാജ്യമാണ് പാക്കിസഥാൻ. അടുത്ത കാലങ്ങളിലായി പാക്കിസ്ഥാനിൽ കടുത്ത മത പീഡനങ്ങൾ‌ ആവർത്തിക്കുകയാണ്. നിസാരമായ കാര്യങ്ങൾക്ക് പോലും ബ്ലാസ്മതി എന്ന മതനിന്ദ കുറ്റം ആരോപിച്ച് ജനങ്ങളിൽ നിന്നും അധിക‍ൃതരിൽ നിന്നും പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ ഏൽക്കേണ്ടി വരുന്നു.

പെൺകുട്ടികളെ മതാപിതാക്കളുടെ കൺമുന്നിലിട്ട് ബലാത്സം​ഗം ചെയ്യുകയും കുടുംബനാഥന്മാരെ കെട്ടിത്തൂക്കുകയുമൊക്കെ ചെയ്യുന്നത് കണ്ണീർ കാഴ്ചയാണ്. വിവിധ രാജ്യങ്ങളിലേക്ക് ജേലിക്കായെത്തിയ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ ഇന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ ഭയപ്പെടുകയാണ്.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ക്രൈസ്തവ പുരോഹിതനു വെടിയേറ്റത് അടുത്തിടെയാണ്. ഫൈസലാബാദ് ജില്ലയിലെ ജരൻവാലയിലെ മ്യോങ്സാങ് നസ്രത്ത് പള്ളിയിലെ ഫാ. ഇലിയാസർ വിക്കിക്കാണ് വെടിയേറ്റത്. പള്ളിയിൽ നിന്ന് വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു വധശ്രമം. പള്ളിയുടെ പുറത്തെ ഭിത്തിയിൽ അക്രമികൾ മതവിദ്വേഷ മുദ്രാവാക്യം പതിപ്പിക്കുകയും ചെയ്തു. മതനിന്ദ ആരോപിച്ച് കഴിഞ്ഞ മാസം 16ന് ജരൻവാലയിലെ ക്രൈസ്തവ മേഖലയിൽ ഒരു സംഘം ആക്രമണം നടത്തിയിരുന്നു. ഒരു സെമിത്തേരിയും അസി. കമ്മിഷണർ ഓഫിസും തകർത്ത അക്രമികൾ ഒട്ടേറെ ക്രൈസ്തവരുടെ വീടുകളും നശിപ്പിച്ചു.

ഐഎസ് ഭീകരർ തച്ചുടച്ച ക്രൈസ്തവ സഭ

ഐഎസ് ഭീകരർ ക്രൈസ്തവ സമൂഹത്തിനു നേരെ നടത്തുന്നത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ്. ഇസ്ലാമിക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള ഇറാഖ്, സിറിയ, ഈജിപ്ത്, ലിബിയ എന്നീ പ്രദേശങ്ങളിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ പലപ്പോഴും കൂട്ടക്കുരുതിക്ക് ഇരയാകാറുണ്ട്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനം സിറിയൻ ആഭ്യന്തരയുദ്ധത്തിൽവരെ എത്തിയിരുന്നു.

ഇറാഖ്

2016 ഫെബ്രുവരി മൂന്നിന് ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന പീഡനം വംശഹത്യയായി യൂറോപ്യൻ യൂണിയൻ അംഗീകരിച്ചിരുന്നു. 2003 മുതൽ 2011 വരെ നീണ്ടുനിന്ന യുഎസ് നേതൃത്വത്തിലുള്ള അധിനിവേശത്തിൽ ഇറാഖി അസീറിയൻ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും രാജ്യം വിട്ട് പലായനം ചെയ്യുകയോ ആഭ്യന്തരമായി കുടിയിറക്കപ്പെടുകയോ ചെയ്തിട്ടുണ്ടാകാമെന്ന് ഇറാഖിലെ അസീറിയൻ സമൂഹത്തിന്റെ നേതാക്കൾ കണക്കാക്കുന്നു.

ബാഗ്ദാദിലെയും ബസ്രയിലെയും നഗരങ്ങളും സുന്നി വിമത ഗ്രൂപ്പുകളും മിലിഷ്യകളും ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 2014 ഓഗസ്റ്റിൽ വടക്കൻ ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണത്തെത്തുടർന്ന് ശേഷിക്കുന്ന അസീറിയക്കാരിൽ നാലിലൊന്ന് പേരും ജിഹാദികളിൽ നിന്ന് പലായനം ചെയ്ത് അയൽ രാജ്യങ്ങളിൽ അഭയം തേടി.

മൊസൂളിന്റെ പതനത്തിനുശേഷം നഗരത്തിൽ താമസിക്കുന്ന അസീറിയൻ ക്രിസ്ത്യാനികൾ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യണമെന്നും ജിസിയ നൽകണമെന്നും അല്ലെങ്കിൽ 2014 ജൂലൈ 19 നകം വധശിക്ഷ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഈ നിബന്ധനകൾ പാലിക്കാൻ സമ്മതിക്കാത്ത ക്രിസ്ത്യാനികൾ നാടുവിട്ടു പോകണമെന്ന് ആവശ്യപ്പെട്ടു. 200,000 ക്രിസ്ത്യാനികൾ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും പലായനം ചെയ്യുകയും ചെയ്തതായി അസീറിയൻ ഇന്റർനാഷണൽ ന്യൂസ് ഏജൻസി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ലിബിയ

ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ ക്രൈസ്തവർ വൻ തോതിൽ പീഡനത്തിനരയാകുന്നുണ്ട്. 2015 ഫെബ്രുവരി 15 നാണ് ലിബിയയിലെ തീരനഗരമായ സിർട്ടെയിലെ കടൽക്കരയിൽവെച്ച് 20 കോപ്റ്റിക് സഭാംഗങ്ങളും ഒരു ഘാനാ വംശജനും ഉൾപ്പെടെ 21 പേരെ ഐസിസ് തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത്. ഇവരെ വധിക്കും മുമ്പ് ഓറഞ്ച് വസ്ത്രങ്ങൾ അണിയിച്ച് കൈകൾ പുറകിൽ കെട്ടി മുട്ടുകുത്തി നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ തീവ്രവാദികൾ പുറത്തുവിട്ടിരുന്നു.

എന്നാൽ ഇവരുടെ മൃതദേഹം എവിടെയാണ് അടക്കം ചെയ്തതെന്ന വിവരം ഏറെ നാൾ അജ്ഞാതമായിരുന്നു. 2018 ഒക്ടോബറിൽ സിർട്ടെയുടെ സമീപപ്രദേശത്തുനിന്നാണ് മൃതദേഹങ്ങൾ ശിരസറ്റ നിലയിൽ കണ്ടെത്തിയത്. ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്‌സ് സഭ രക്തസാക്ഷി വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് അവരുടെ ഭൗതീക ദേഹം ഈജിപ്തിൽ എത്തിച്ച് അവരുടെ നാമധേയത്തിൽ നിർമിതമായ ദൈവാലയത്തിൽ പുനസംസ്‌ക്കരിക്കുകയായിരുന്നു.

21 കോപ്റ്റിക് രക്തസാക്ഷികൾ സഭാ ദേദമെന്യേയുള്ള സകല ക്രൈസ്തവ സമൂഹത്തിന്റെയും വിശുദ്ധരാണെന്ന് ലണ്ടനിലെ കോപ്റ്റിക് ഓർത്തഡോക്‌സ് അതിരൂപത സംഘടിപ്പിച്ച വെബ്ബിനാറിന് അയച്ച വീഡിയോ സന്ദേശത്തിൽ പാപ്പ ചൂണ്ടിക്കാട്ടിയത് വലിയ വാർത്തയായിരുന്നു.

സിറിയ

മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മതപരമായ കൂട്ടക്കൊലകൾ ഏറ്റവും കുറവ് സംഭവിച്ച രാജ്യമാണ് സിറിയ. പക്ഷേ 2011-ൽ സിറിയയിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തോടെ സിറിയയിലെ ക്രൈസ്തവരുടെ ദുരിതം ഒരിക്കലും അവസാനിക്കാത്തതായി മാറിക്കഴിഞ്ഞിരുന്നു. ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് രാജ്യത്തെ ക്രൈസ്തവർ കൊടിയ പീഡനങ്ങൾക്കാണ് ഇരയായത്. ആയിരക്കണക്കിന് ക്രൈസ്തവരാണ് ഇക്കാലയളവിൽ പലായനം ചെയ്തത്. ഇതേ തുടർന്നു ക്രിസ്ത്യൻ ജനസംഖ്യ 10 ശതമാനമായി കുറഞ്ഞു.

ആലപ്പോ നഗരം സിറിയയിലെ സുപ്രധാന കേന്ദ്രമാണ്. അതുകൊണ്ട് ആദ്യം തന്നെ ഐ.എസ്. ഭീകരർ അവരുടെ ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അതു പിടിച്ചെടുത്തു. ക്രൈസ്തവരുടെ ഭവനങ്ങളും ദൈവാലയങ്ങളുമാണ് എപ്പോഴും അക്രമികളുടെ ലക്ഷ്യം. ക്രൈസ്തവ സമൂഹങ്ങളെ അവർ കൊന്നൊടുക്കി. ക്രൈസ്തവരുടെ തിരുന്നാളുകളിലാണ് അവർ കൂടുതലായും ആക്രമിക്കുക. ക്രൈസ്തവരുടെ ദൈവാലയങ്ങളും കൊവേന്തകളും അഭയകേന്ദ്രങ്ങളും എല്ലാം അവർ തകർത്തുകളയുന്നു.

കുഞ്ഞുങ്ങളെ അമ്മമാരുടെ കൺമുമ്പിൽ ജീവനോടെ കുഴിച്ചുമൂടുന്നു. അവരുടെ തലകൾ അവർ പൊതുനിരത്തുകളിൽ കമ്പികളിൽ കുത്തിനിറുത്തുന്നു. യുവതികളെ ലൈംഗീക അടിമകളാക്കി പിടിച്ചുകൊണ്ടുപോകുന്നു. ഇത്തരത്തിലുള്ള മനുഷ്യന് ചിന്തിക്കുവാൻ പോലും കഴിയാത്ത ക്രൂരതകൾക്ക് നടുവിലും വിശ്വാസം ഉപേക്ഷിക്കാതെ കാത്തൂസുക്ഷിക്കുന്നവരാണ് സിറിയയിലെ വിശ്വാസികൾ. അവർ ഒരിക്കലും തങ്ങളുടെ അവസ്ഥയെക്കുറിച്ച് ദൈവത്തെ പഴിക്കാറില്ല. ഭൗതികമായി ഞങ്ങൾ എല്ലാം നഷ്ടപ്പെട്ടവരാണെങ്കിലും ആത്മീയമായി വിശ്വാസവും പ്രതീക്ഷയുമുള്ളവരാണ് ഇവിടുത്തെ ക്രൈസ്തവർ.

ഈജിപ്റ്റ്‌

ക്രൈസ്തവ സന്യാസത്തിന്റെ പിള്ളത്തൊട്ടിൽ എന്നറിയപ്പെടുന്ന നാടാണ്‌ ഈജിപ്റ്റ്‌. ഈജിപ്റ്റിലെ വി. അന്തോനീസ്, വി. പക്കോമിയൂസ്, വി. അത്തനാസിയൂസ്, അലക്സാണ്ട്രിയായിലെ വി. ക്ലമന്റ്റ്, അലക്സാണ്ട്രിയായിലെ വി. കാതറൈൻ, അലക്സാണ്ട്രിയായിലെ വി. ഡയോനീഷ്യസ്, അലക്സാണ്ട്രിയായിലെ വി. തെയോഫിലൂസ് തുടങ്ങിയ നിരവധി വിശുദ്ധരുടെ ജീവിത സ്ഥലം ഈജിപ്റ്റിലാണ്.

കോപ്റ്റിക് ക്രൈസ്തവരാണ് കൂടുതലായും ഭീകരസംഘടനകളുടേയും മുസ്ലീം തീവ്രവാദികളുടേയും ആക്രമണങ്ങൾക്ക് വിധേയരാവുന്നത്. 2019 – ൽ ‘ദ വാൽസ്ട്രീറ്റ് ജേർണൽ’ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ഈജിപ്തിൽ ക്രൈസ്തവർക്കു കൂടുതൽ പള്ളികൾ പണിയാൻ അനുമതി കൊടുക്കുന്നതിനെതിരെ മുസ്ലീങ്ങൾ പ്രക്ഷോഭം നടത്തുന്നുണ്ട്. പള്ളിയ്‌ക്കെതിരെ മുസ്ലീങ്ങൾ നടത്തുന്ന പ്രതിഷേധം പലപ്പോഴും അക്രമാസക്തമാകാറുമുണ്ട്. 2018 ൽ പള്ളികൾക്ക് അനുമതി ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ ഈജിപ്ത് ഭരണകൂടം കൂടുതൽ ഉദാരമാക്കിയിരുന്നു.

മുൻകാലപ്രാബല്യത്തോടെ പള്ളികൾക്ക് അംഗീകാരം നേടുന്നതിന് ഇതുവഴി സാധിക്കുമായിരുന്നു. എന്നാൽ ഇപ്രകാരം കൂടുതൽ പള്ളികൾ ക്രൈസ്തവർ നിർമ്മിക്കുന്നതിനെതിരെ മുസ്ലീങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ആൾക്കൂട്ടങ്ങളായി സംഘടിച്ചാണ് പലപ്പോഴും പ്രതിഷേധങ്ങൾ നടത്തിയിരുന്നതും. 2020 ലെ ‘വേൾഡ് വാച്ചി’ന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ ആയിരക്കണക്കിന് ദൈവാലയങ്ങൾ ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുകയും ഡസൻ കണക്കിനു ദേവാലയങ്ങൾക്കു നേരെ ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

1981 നവംബർ 17 – നായിരുന്നു കോപ്ടിക് വൈദികനായ മാക്സിമോസ് ഗീർഗിസിനെ തട്ടിക്കൊണ്ടു പോയത്. ക്രിസ്തീയവിശ്വാസം ഉപേക്ഷിച്ച്, പബ്ലിക്കായി ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. അദ്ദേഹം അതിനു തയാറായില്ല. തുടർന്നു തീവ്ര ഇസ്ലാമിക വാദികൾ അദ്ദേഹത്തിന്റെ കഴുത്തു കണ്ടിച്ചു. രക്തം വാർന്നൊഴുകി അദ്ദേഹം മരിച്ചു.

2018 നവംബർ രണ്ടിന് ക്രിസ്ത്യൻ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഇസ്ലാം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഏഴു പേർ തത്ക്ഷണം മരിക്കുകയും ഏറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2019 നവംബർ 23 ാം തിയതി കോപ്റ്റിക് ആക്ടിവിസ്റ്റ് റാമി കാമലിനെ ക്രൈസ്തവ വിരുദ്ധ നടപടികൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. 2019 ജൂണിൽ ദൈവദൂഷണപരമായ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു എന്ന് കള്ളക്കേസ് ഉണ്ടാക്കി കോപ്റ്റിക് ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് തടവിലാക്കി.

ഇതിനെല്ലാം പുറമേ ഔദ്യോഗിക അംഗീകാരത്തിനായി നിരവധി ദേവാലയങ്ങൾ കാത്തിരിക്കുമ്പോഴും ദൈവാലയങ്ങൾ പലതും പലപ്പോഴായി അഗ്നിക്കിരയാവുകയും ചെയ്യുന്നു. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതോ മറിച്ചോ എന്നതുമാത്രമാണ് ഈജിപ്തിലെ ക്രൈസ്തവ വിഭാഗത്തിന് അറിയേണ്ടത്.

ഹേറോദേസിൽ നിന്നു രക്ഷപെടാനായി തിരുക്കുടുബം ഈജിപ്തിലേയ്ക്ക് പലായനം ചെയ്യുന്നതായി നമ്മൾ ബൈബിളിൽ കാണുന്നുണ്ട് (മത്താ. 2:13-15). അന്ന് രക്ഷയുടെ ഇടമായിരുന്നു ഈജിപ്ത്. ഇന്ന് അതേ ഈജിപ്തിൽ നിന്ന് രക്ഷയ്ക്കായി ക്രൈസ്തവർ പലായനം ചെയ്യേണ്ടി വരുന്നു.

അടുത്ത അധ്യായത്തിൽ‌ ഹൈന്ദവ തീവ്രവാദ സംഘടനകൾ മൂലം ഇന്ത്യയിലെ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങൾ പങ്കുവെക്കും

ഈ പരമ്പരയിലെ ആദ്യ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.