മുല്ലപ്പെരിയാര്‍ ഡാം അപകട നിലയില്‍; ഇന്റര്‍നാഷണല്‍ റിവേഴ്സിന്റെ പഠനം ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

മുല്ലപ്പെരിയാര്‍ ഡാം അപകട നിലയില്‍; ഇന്റര്‍നാഷണല്‍ റിവേഴ്സിന്റെ പഠനം  ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ലിബിയയില്‍ ഡാം തകര്‍ന്ന് നിരവധി പേര്‍ മരണമടഞ്ഞ പശ്ചാത്തലത്തില്‍ കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടും അപകട നിലയിലാണെന്ന്  ന്യൂയോര്‍ക്ക് ടൈംസിന്റെ മുന്നറിയിപ്പ്.

ഇന്റര്‍നാഷണല്‍ റിവേഴ്സിന്റെ പഠനം ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. നദികളുടെ നിലനില്‍പ്പിനും നദീതട സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്റര്‍നാഷണല്‍ റിവേഴ്സ്. ലോകത്തെ ഏറ്റവും അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന ഡാമുകളില്‍ പ്രധാനപ്പെട്ട ഒന്ന് മുല്ലപ്പെരിയാര്‍ ആണ് എന്നാണ് പഠനത്തില്‍ പറയുന്നത്.

ഏകദേശം 11,300 ആളുകള്‍ മരണപ്പെടുകയും പതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്ത ദുരന്തമാണ് ലിബിയയിലേത്. രാജ്യത്തെ വാദി, ഡെര്‍ന അണക്കെട്ടുകള്‍ 1970 ല്‍ നിര്‍മിച്ചവയാണ്. ലോകത്തിലെ പല അണക്കെട്ടുകളെയും പോലെ ലിബിയയിലേതും ആയുസ് അവസാനിച്ച ഘട്ടത്തിലാണ് തകര്‍ന്നടിഞ്ഞത്.

ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഭൂകമ്പ സാധ്യത കൂടുതലുള്ള പ്രദേശത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ലോകത്തില്‍ ഇന്നു നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്.

സുര്‍ക്കി മിശ്രിതമുപയോഗിച്ചു നിര്‍മ്മിച്ച അണക്കെട്ടുകളില്‍ ഇന്നു ലോകത്തു നിലവിലുള്ള ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. സുര്‍ക്കിയെക്കാള്‍ ആറിരട്ടി ശക്തിയാണ് ഇന്നത്തെ ഡാമുകള്‍ക്ക് ഉപയോഗിക്കുന്ന സിമന്റുകള്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. മുല്ലപ്പെരിയാര്‍ ഡാം ശില്‍പിയായ പെനിക്വിക് പോലും ഡാമിന് നല്‍കിയ ശരാശരി ആയുസ് 50 വര്‍ഷം മാത്രമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിര്‍മിക്കപ്പെട്ട 28,000 വലിയ അണക്കെട്ടുകള്‍ കാലഹരണപ്പെട്ടു തുടങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവ ഡാം ദുരന്തമായി മാറിയാല്‍ ഏറ്റവും അധികം ബാധിക്കുന്നത് ഇന്ത്യയെയും ചൈനയെയും ആയിരിക്കും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കാലപ്പഴക്കം ചെന്ന അണക്കെട്ടുകളില്‍ നിന്നുള്ള അപകട സാധ്യതകള്‍ പറയുന്നതിനെക്കാള്‍ അതീവ ഗൗരവമുള്ളതാണ്. സാധാരണ ഇത്തരം മുന്നറിയിപ്പുകളോ ആശങ്കകളോ ഉയരുമ്പോള്‍ ഡാം അറ്റക്കുറ്റപ്പണി നടത്തുക, റിസര്‍വോയര്‍ ലെവല്‍ നിരീക്ഷിക്കുക, നീരൊഴുക്ക് നിരീക്ഷിക്കുക, തുടങ്ങിയവയാണ് സ്ഥിരമായി കൈക്കൊള്ളുന്ന നടപടികള്‍.

എന്നാല്‍ ജനതയുടെ ജീവന്‍ വച്ചുള്ള പരീക്ഷണത്തിന് മുതിരാതെ ഡാമിനെ അപകടാവസ്ഥയില്‍ നിന്ന് രക്ഷപെടുത്താനുള്ള പ്രവൃത്തികള്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും സര്‍ക്കാരുകള്‍ കൈകൊള്ളണമെന്ന പൊതു വികാരം നേരത്തേ മുതലുണ്ട്. എന്നാല്‍ ഇരു സര്‍ക്കാരും ഗൗരവതരമായ ഇക്കാര്യത്തെ ലാഘവത്തോടെയാണ് കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.