പ്രതീക്ഷ (മലയാളം കവിത)

പ്രതീക്ഷ (മലയാളം കവിത)

ഇരവിലോ ധരണി കണ്ണു ചിമ്മുന്നതു,
പുലരിപ്പൂ ചൂടിയർക്കനെത്തുമെന്ന
പ്രതീക്ഷയിലല്ലയോ!
വണ്ടുകളൊക്കെത്തണ്ടുകൾ താണ്ടി-
ത്തളരാതെ തേടുന്നതും, മലർ
മധുചഷകമേകുമെന്ന പ്രതീക്ഷയിലല്ലോ!
മുകിലേന്തി വാനം മഴയായ് പൊഴിവതും,
വർണ്ണരാജി വിടരുമെന്ന പ്രതീക്ഷയിലല്ലോ!
അമ്പലമുറ്റത്തെയരയാൽ ചില്ലയിലെവിടെയോ
നിർത്താതെ പാടും കുയിലിൻ മനസ്സിലും,
പ്രിയസഖി വരുമെന്ന പ്രതീക്ഷയല്ലയോ!
തോൽവിയിലൊക്കെത്തളരാതെ,
കരയാതെ പൊരുതുന്നതും നാം,
പ്രതീക്ഷ പകരും കിരണത്താലല്ലയോ!
വീഴ്ചയിലൊന്നും പതറാതെയിടറാതെ
നടന്നിടുന്നതും നാം,
പ്രതീക്ഷതൻ വെട്ടത്തിലല്ലയോ!
രാപകൽ നോക്കാതെ, മടുക്കാതെ,
നിലയ്ക്കാതോടുന്നതും നാം,
പ്രതീക്ഷ തെളിക്കും സ്വപ്നവർണ്ണങ്ങൾ
കാൺമാനല്ലയോ!
പ്രതീക്ഷയല്ലോ തളരും മനസ്സിൽ-
ത്തണലാകും വഴിമരം;
പ്രതീക്ഷയല്ലോ തമസ്സണിഞ്ഞ ജീവനിൽ
തിരിയാകും വിളക്കെന്നും.
പ്രതീക്ഷയല്ലോ തകരുന്ന നേരം
തുണതരും ഹസ്തങ്ങൾ;
പ്രതീക്ഷയല്ലോ ഉലയാതെയുയിരിനെ
കാതങ്ങൾ താണ്ടിടാൻ,
ഉണർവേകുമൊരമൃതെന്നും!




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.