കനത്ത മഴ: ന്യൂയോർക്കിൽ വെള്ളപ്പൊക്കം; നഗരത്തിൽ അടിയന്തരാവസ്ഥ

കനത്ത മഴ: ന്യൂയോർക്കിൽ വെള്ളപ്പൊക്കം; നഗരത്തിൽ അടിയന്തരാവസ്ഥ

ന്യൂയോർക്ക്: കനത്ത മഴയെ തുടർന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ വെള്ളപ്പൊക്കം. വെള്ളക്കെട്ട് രൂക്ഷമായതോടെ പലയിടത്തും സബ്‌വേ സർവീസുകൾ തടസ്സപ്പെട്ടു. ലാഗാർഡിയ വിമാനത്താവളത്തിലെ ഒരു ടെർമിനൽ അടച്ചു. നഗരത്തിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ഹഡ്‌സൺ വാലി എന്നിവിടങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗവർണർ കാത്തി ഹോച്ചുൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇനിയും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഒറ്റരാത്രി പെയ്ത മഴയാണ് ന്യൂയോർക്കിനെ പ്രതിസന്ധിയിലാക്കിയത്. ഇരുന്നൂറോളം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. കാറുകൾ പലതും പാതിവെള്ളത്തിൽ മുങ്ങി. നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിപ്പിച്ചു. ജനങ്ങൾ പരമാവധി പുറത്തിറങ്ങരുതെന്ന് മേയർ എറിക് ആഡംസ് അഭ്യർത്ഥിച്ചു. നിങ്ങൾ വീട്ടിലാണെങ്കിൽ അവിടെത്തന്നെ തുടരുക. നിങ്ങൾ ജോലിയിലോ സ്‌കൂളിലോ ആണെങ്കിൽ നിലവിൽ അവിടെ തുടരുക. ചില സബ്വേകളിൽ വെള്ളം കയറിയിട്ടുണ്ട്. നഗരത്തിൽ ഇപ്പോൾ സഞ്ചരിക്കുന്നത് ബുദ്ധിമുട്ടാണ് എന്ന് മേയർ പറഞ്ഞു.

മാൻഹട്ടനിലെ ഗ്രാൻഡ് സെൻട്രൽ ടെർമിനലിൽ ട്രെയിനുകൾ റദ്ദാക്കി. ഇതോടെ യാത്രക്കാർ വലഞ്ഞു. 420 സ്റ്റേഷനുകളും 30 ലധികം ലൈനുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രെയിൻ ശൃംഖലയാണ് ന്യൂയോർക്ക് സബ്വേ. സ്‌കൂളിലേക്കും ജോലിസ്ഥലങ്ങളിലേക്കും എത്തിച്ചേരാൻ ദശലക്ഷക്കണക്കിന് പേർ സബ്‌വെകളെയാണ് ആശ്രയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.