ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ മികച്ച പിന്തുണ
ന്യൂയോര്‍ക്ക്: പ്രോ-ലൈഫ് ആശയങ്ങളെ ശക്തമായി പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ റോണ്‍ ഡിസാന്റിസിന് അമേരിക്കയിലെ പരമ്പരാഗത ക്രൈസ്തവര്‍ക്കിടയില്‍ പ്രിയമേറുന്നു. ഫ്‌ളോറിഡ ഗവര്‍ണര്‍ കൂടിയായ റോണ്‍ ഡിസാന്റിസിന്റെ ഗര്‍ഭച്ഛിദ്രത്തിനെതിരേയുള്ള നിലപാടുകളും നടപടികളും ഏറെ വാര്‍ത്താ പ്രധാന്യം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന രണ്ടാമത് റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലും ഈ വിഷയത്തിലുള്ള തന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്കു താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യമൊട്ടാകെ 15 ആഴ്ച്ച വരെയുള്ള ഗര്‍ഭഛിദ്രം നിരോധിക്കുമെന്നാണ് കത്തോലിക്ക വിശ്വാസിയായ റോണ്‍ ഡിസാന്റിസ് മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനം.
സംവാദത്തിന്റെ മോഡറേറ്റര്‍ ഡാന പെരിനോ, ഗര്‍ഭഛിദ്ര നിരോധനം സംബന്ധിച്ച് ഉന്നയിച്ച ചോദ്യം ഏറെ ശ്രദ്ധേയമായിരുന്നു. പ്രോ-ചോയ്സ് വോട്ടര്‍മാരെ മറികടന്ന് താങ്കള്‍ എങ്ങനെ വിജയിക്കും എന്ന ചോദ്യത്തിന് റോണ്‍ ഡിസാന്റിസിന്റെ മറുപടി ഇങ്ങനെയായിരുന്നു - '2022-ല്‍ ഫ്‌ളോറിഡ സംസ്ഥാനത്ത് 15 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്ര നിരോധന ഉത്തരവില്‍ ഒപ്പുവെച്ചതിന് ശേഷം തനിക്ക് രണ്ടാംവട്ട ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയം നേടാനായി'.
ഫ്‌ളോറിഡയുടെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് റോണ്‍ ഡിസാന്റിസ് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതാണ് അദ്ദേഹം പരാമര്‍ശിച്ചത്. മികച്ച വിജയത്തോടെ ഉദിച്ചുയര്‍ന്ന ഡിസാന്റിസിനെ പുതുപ്രതീക്ഷയായി പാര്‍ട്ടിയിലെ പലരും കണ്ടുതുടങ്ങി. അതിനാല്‍ ട്രംപിനു മുന്നില്‍ വലിയ വെല്ലുവിളിയായാണ് റോണ്‍ ഡിസാന്റിസിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഡിസാന്റിസ് ഇതിനകം തന്നെ കാര്യമായ അടിത്തറ ഉണ്ടാക്കിയിട്ടുണ്ട്.
'സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ച വലിയ വിജയമായിരുന്നു അന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയത്. തങ്ങള്‍ ലക്ഷ്യബോധത്തോടെ നയിച്ചതുകൊണ്ടാണ് ഇത്രയും വലിയ വിജയം കൈവരിച്ചത് - സംവാദത്തില്‍ റോണ്‍ ഡിസാന്റിസ് അവകാശപ്പെട്ടു.
'പാര്‍ട്ടിയുടെ ഇടക്കാല തോല്‍വികള്‍ക്ക് പ്രോ-ലൈഫ് ആശയങ്ങളാണ് കാരണം എന്ന വാദം ഞാന്‍ നിരസിക്കുന്നു. അതിന് മറ്റ് കാരണങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു' - ഡിസാന്റിസ് പറഞ്ഞു.
'നാം വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കായി നിലകൊള്ളണമെന്നാണ് എന്റെ അഭിപ്രായം. ഒരു ശിശു ജനിക്കുന്നതു വരെ ഗര്‍ഭച്ഛിദ്രമാകാം എന്ന തീവ്രവാദ ആശയത്തെയാണ് ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കുന്നത്. അത് ശിശുഹത്യയാണ്, അത് തെറ്റാണ്'.
സംവാദത്തില്‍ റോണ്‍ ഡിസാന്റിസിനും മുന്‍ ന്യൂജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിക്കും മാത്രമാണ് ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് സംസാരിക്കാന്‍ അവസരം ലഭിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ അഭാവത്തില്‍ ഏഴു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളാണ് സംവാദത്തില്‍ പങ്കെടുത്തത്.
റോണ്‍ ഡിസാന്റിസ് ഈ വര്‍ഷമാദ്യം ഫ്‌ളോറിഡയില്‍ ആറാഴ്ച വരെയുള്ള ഗര്‍ഭഛിദ്ര നിരോധനത്തില്‍ ഒപ്പുവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഒപ്പുവെച്ചതിനേക്കാള്‍ കര്‍ശനമായ നയമാണിത്.
കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഡിസാന്റിസിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിരുന്നു. വാക്സിനേഷന്‍ നിരക്ക് ഉയര്‍ത്തിയതും ജനങ്ങളുടെ കൈയ്യടി നേടിക്കൊടുത്തു. ലിംഗവിവേചനം, ഗര്‍ഭച്ഛിദ്രം എന്നിങ്ങനെ വിഷയങ്ങളിലെ നിലപാടും ബില്ലുകളും കൂടുതല്‍ സ്വീകാര്യനാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.